മുഹമ്മദ് ഫറാസ്
സവാള കയറ്റിയ ലോറിയിൽ മൂന്ന് കോടി രൂപയുടെ പുകയില ഉൽപന്നം; മുഖ്യ സൂത്രധാരൻ അറസ്റ്റിൽ
കൊരട്ടി: ഓപറേഷൻ തൂഫാന്റെ ഭാഗമായി കൊരട്ടി ദേശീയപാതയിൽ നടത്തിയ വാഹനപരിശോധനയിൽ മൂന്ന് കോടിയോളം രൂപ വിലവരുന്ന നിരോധിത പുകയില ഉൽപന്നം പിടികൂടിയ കേസിൽ മുഖ്യസൂത്രധാരൻ പിടിയിൽ. മലപ്പുറം പാണക്കാട് ഹാജിയാർ പള്ളി സ്വദേശി പള്ളിക്കൽ വീട്ടിൽ മുഹമ്മദ് ഫറാസ് (27) ആണ് പിടിയിലായത്.
കളമശ്ശേരിയിൽ നിന്നുമാണ് ഇയാളെ പിടികൂടിയത്. ഇയാളെ കൂടാതെ കണ്ണൂർ ജില്ലയിലെ ഇരിട്ടി കീഴ്പ്പള്ളി സ്വദേശി പാനാട്ടിൽ വീട്ടിൽ ടെൽസൺ ബാബു (36), ഇരിട്ടി ആറളം സ്വദേശി കയ്യാലക്കകത്ത് വീട്ടിൽ സൈബ് (33) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മുഖ്യസൂത്രധാരനെ അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച രാവിലെ 11.30 ഓടെ കൊരട്ടി ജങ്ഷനിൽ നടത്തിയ പരിശോധനയിലാണ് സവാള കയറ്റിയ ലോറിക്കടിയിൽ ഒളിപ്പിച്ച് കടത്തിയ 3,77,250 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നം പിടിച്ചെടുത്തത്. 750 പാക്കറ്റുകൾ വീതം അടങ്ങിയ 503 ചാക്കുകളിലായാണ് ഇവ സൂക്ഷിച്ചിരുന്നത്.
ഏകദേശം 11 ടണ്ണോളം വരുന്ന പുകയില ഉൽപന്നവും കടത്താൻ ഉപയോഗിച്ച ലോറിയും കൊരട്ടി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ബംഗളൂരുവിൽനിന്ന് പുകയില ഉൽപന്നങ്ങൾ ലോറിയിൽ കയറ്റി എറണാകുളം ജില്ലയിലെ കാലടിയിലേക്ക് കടത്തിക്കൊണ്ടുപോകുന്നതിനിടെയാണ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.