ടൈഗർ ഷ്റോഫ് വധശ്രമം: ആയുധങ്ങൾ കണ്ടെടുത്തു
മുംബൈ: ടൈഗർ ഷ്റോഫിന് നേരെയുണ്ടായ വധശ്രമത്തിൽ നിറയൊഴിച്ച തോക്കുകൾ പൊലീസ് കണ്ടെടുത്തു. സൂറത്തിൽനിന്നാണ് രണ്ടു തോക്കുകളും 10 വെടിയുണ്ടകളും കണ്ടെത്തിയത്. ഇവ ഫോറൻസിക് പരിശോധനക്ക് അയച്ചതായി പൊലിസ് പറഞ്ഞു. 18ന് വൈകീട്ട് ഏഴിന് ജഹു, പുഷ്പ പാർക്കിൽ നിന്നും മടങ്ങുമ്പോഴാണ് മൂന്നുപേർ ടൈഗറിന് നേരെ നിറയൊഴിച്ചത്. സംഭവ ശേഷം നാടുവിടാനുള്ള ശ്രമത്തിനിടെ ആയുധങ്ങൾ പ്രതികൾ സൂറത്തിൽ ഉപേക്ഷിക്കുകയായിരുന്നു. ഷൂട്ടർമാരായ രേഹാൻ, ഫൂൽ സിങ്, റിതിക് എന്നിവരടക്കം 10 പേരെ പൊലീസ് ചോദ്യം ചെയ്തുവരുകയാണ്.
നാലു വർഷം മുമ്പ് സൽമാൻ ഖാനെ വാഴ്ത്തിയതിനാണ് ടൈഗർ ഷ്റോഫിനെ ലക്ഷ്യമിട്ടതെന്ന് പ്രതികൾ മൊഴിനൽകിയതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. 2022ൽ സിനിമ പ്രചാരണ പരിപാടിയിൽ സിനിമ മേഖലയിൽ ഒരേയൊരു ടൈഗറേ ഉള്ളൂ അത് സൽമാൻ ഖാൻ ആണെന്നും അദ്ദേഹത്തിന് മുന്നിൽ താൻ വെറും പൂച്ച മാത്രമാണെന്നുമുള്ള ടൈഗറിന്റെ വാക്കുകളാണത്രേ പ്രകോപനം. ആക്രമണ ശേഷം പൊലിസിന്റെ നീക്കങ്ങൾ തത്സമയ ചാനൽ സംപ്രേക്ഷണങ്ങളിൽ കണ്ട് ആരോ പ്രതികളെ അറിയിച്ചുകൊണ്ടിരുന്നതായി പൊലീസ് പറഞ്ഞു.
ഇതിനെ തുടർന്നാണ് ഷൂട്ടർമാർ സംഭവശേഷം അന്ധേരിയിൽ ബൈക്ക് ഉപേക്ഷിച്ച് ബോരിവലി വരേ ട്രെയിനിലും അവിടെ നിന്നും സൂറത്തിലേക്ക് ടാക്സിയിലും പിന്നീട് ജയ്പൂരിലേക്ക് ട്രെയിനിലും മാറിമാറി യാത്ര ചെയ്തത്. മുംബൈ പൊലീസ് വിവരം നൽകിയതിനെ തുടർന്നാണ് കോട്ടയിലെത്തിയ ട്രെയിനിൽ നിന്നും പ്രതികളെ രാജസ്ഥാൻ പൊലീസ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.