പ്രതികളായ സന്തോഷ് ശെൽവത്തെയും കട്ടുപൂച്ചനെയും പൊലീസ് സംരക്ഷണയിൽ ആലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിലെത്തിച്ചപ്പോൾ 

കുറുവസംഘം മോഷണക്കേസ് ഒന്നാംപ്രതിക്ക് രണ്ടുവർഷം തടവ്; രണ്ടാംപ്രതി കട്ടുപൂച്ചനെ വെറുതെവിട്ടു

ആലപ്പുഴ: കുപ്രസിദ്ധ കുറുവസംഘം പ്രതികളായ രണ്ട് മോഷണക്കേസിൽ രണ്ടാംപ്രതിയെ കോടതി വെറുതെവിട്ടു. പൊലീസിനും പ്രോസിക്യൂഷന് വീണ്ടും തിരിച്ചടി. കുറുവസംഘത്തലവനും രണ്ടാംപ്രതിയുമായ തമിഴ്നാട് രാമനാഥപുരം പരമക്കുടി എം.ജി.ആർ നഗർ കട്ടുപൂച്ചനെയാണ് (58) ആലപ്പുഴ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി-രണ്ട് ജഡ്ജി ശ്രീതൾ എം. ശശിധരൻ വെറുതെവിട്ടത്. ഭവനഭേദനകേസിൽ കുറ്റക്കാരനാണെന്ന് കണ്ട് കേസിലെ ഒന്നാംപ്രതി തമിഴ്നാട് തേനി കാമാക്ഷിപുരം സന്ദന മാരിയമ്മൻ കോവിൽ സ്ട്രീറ്റ് സന്തോഷ് ശെൽവത്തെ (25) ശിക്ഷിച്ചു.

ഭവനഭേദനത്തിനും മോഷണത്തിനും രണ്ടുവർഷംവീതം തടവിനും 20,000 രൂപയുമാണ് പിഴ. ഇത് ഒടുക്കിയില്ലെങ്കിൽ രണ്ടുമാസംകൂടി അധികതടവ് അനുഭവിക്കണം. വിചാരണതടവുകാരനായി 21മാസം ജയിലിൽ കിടന്നത് ശിക്ഷയിൽനിന്ന് ഇളവുചെയ്യും. ഒന്നാംപ്രതി സന്തോഷ് ശെൽവത്തിന് പറയാനുള്ളത് കൂടി കേട്ടശേഷം വ്യാഴാഴ്ച ഉച്ചക്കുശേഷമാണ് വിധിപറഞ്ഞത്. പ്രായമായ അച്ഛനും അമ്മനെയും നോക്കണമെന്നും ഇതിൽ മാതാവിന് അർബുദരോഗമാണെന്നും കേസിൽ ഉൾപ്പെട്ടിട്ടില്ലെന്നും കോടതിയെ ബോധിപ്പിച്ചു.

തെളിവുകളുടെ അഭാവവും പൊലീസിന്‍റെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടിക്രമങ്ങളിലെ വീഴ്ചകളും ചൂണ്ടിക്കാട്ടിയാണ് കോടതി ഇക്കുറിയും രണ്ടാംപ്രതിയായ കട്ടുപൂച്ചനെ വെറുതെവിട്ടത്. മണ്ണഞ്ചേരി പൊലീസ് പരിധിയിൽ കോമളപുരം സ്പിന്നിങ് മില്ലിന് പടിഞ്ഞാറ് നായിക്യംവെളി അജയകുമാറിന്‍റെ ഭാര്യ വി.എസ്. ജയന്തിയുടെ രണ്ടരപവൻ സ്വർണമാല കവർന്നകേസിലാണ് വിധി. ഇതോടെ, രണ്ടുകേസിലും കട്ടുപൂച്ചൻ മോചിതനായി.

മണ്ണഞ്ചേരി പൊലീസ് സ്റ്റേഷൻ പരിധിയിൽപെട്ട മറ്റൊരുവീട്ടിൽ നടന്ന മോഷണത്തിന്‍റെ കേസിൽ വിധി ആഗസ്റ്റ് മൂന്നിന് പറയും. മണ്ണഞ്ചേരി സ്വദേശി രേണുകയുടെ മാലകവർന്നകേസിൽ സന്തോഷ് ശെൽവം മാത്രമാണ് പ്രതി. ഇതിൽ കട്ടുപൂച്ചൻ ഉൾപ്പെട്ടിട്ടില്ല.

രണ്ടാമത്തെ കേസിലും ഒന്നാംപ്രതിയുടെ കുറ്റസമ്മതമൊഴിയുണ്ടായിരുന്നില്ല. തമിഴ്നാട് തേനിയിൽനിന്ന് കട്ടുപൂച്ചനെ അറസ്റ്റ് ചെയ്യുമ്പോൾ നടപടിക്രമം പാലിക്കാതിരുന്നതും കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകിരുന്നതും പൊലീസിന് തിരിച്ചടിയായി. സി.സി.ടി.വി ദൃശ്യങ്ങൾ മാത്രമാണ് തെളിവായി ഹാജരാക്കിയിരുന്നത്. സംഭവസ്ഥലത്ത് 58 വയസ്സ് പ്രായമുള്ള ആളെ ആരും തിരിച്ചറിഞ്ഞിട്ടില്ല. മുഖംമൂടി ധരിച്ചുള്ള സി.സി.ടി.വി ദൃശ്യം തിരിച്ചറിയാൻ കഴിയാത്തത് ഉൾപ്പെടെയുള്ള പിഴവുകളാണ് പ്രോസിക്യൂഷനും അന്വേഷണസംഘത്തിനും വിനയായത്.

2024 നവംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. മുഖംമൂടി ധരിച്ചെത്തുന്ന അര്‍ധനഗ്‌നരായ സംഘം വീടുകളുടെ പിന്‍വാതിലിലൂടെ അകത്ത് കടന്ന് കവര്‍ച്ച നടത്തുന്നതായിരുന്നു ഇവരുടെ രീതി. ചേര്‍ത്തല, മണ്ണഞ്ചേരി, കോമളപുരം, പുന്നപ്ര അടക്കമുള്ള സ്ഥലങ്ങളിലാണ് മോഷണ പരമ്പര അരങ്ങേറിയത്. പ്രതിഭാഗത്തിനുവേണ്ടി ആലപ്പുഴ ജില്ല ചീഫ് ഡിഫൻസ് കൗൺസിൽ അഡ്വ. സി.ടി. സുധീഷ് ഹാജരായി.

Tags:    
News Summary - കുറുവസംഘം മോഷണക്കേസ് ഒന്നാംപ്രതിക്ക് രണ്ടുവർഷം തടവ്; രണ്ടാംപ്രതി കട്ടുപൂച്ചനെ വെറുതെവിട്ടു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.