അന്തർ സംസ്ഥാന മോഷണസംഘം പിടിയിൽ

മംഗലപുരം: സംസ്ഥാനത്ത് നിരവധി മോഷണക്കേസുകളിലെ പ്രതികളായ രണ്ടംഗ സംഘത്തെ തിരുവനന്തപുരം റൂറൽ ഡാൻസാഫ് ടീമും മംഗലപുരം പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തു. നെടുമങ്ങാട് വില്ലേജിൽ പഴകുറ്റി നഗരിക്കുന്ന് ചിറത്തലക്കൽ പുത്തൻവീട്ടിൽ വാള് ഗോപു എന്ന ഗോപു (36), ഉളിയാഴത്തുറ വില്ലേജിൽ മുക്കിൽകട വി.എസ്‌.നിവാസിൽ ടിപ്പർ അനീഷ് എന്ന അനീഷ് (31) എന്നിവരാണ് അറസ്റ്റിലായത്.

സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷൻ പരിധികളിലായി നൂറോളം മോഷണക്കേസുകളിലെ പ്രതികളാണിവർ. മംഗലപുരം പൊലീസ് സ്റ്റേഷൻ പരിധിയിൽ മംഗലപുരം ജങ്ഷന് സമീപം പ്രവർത്തിക്കുന്ന തൗഫീഖിന്റെ പച്ചക്കറിക്കട കുത്തിത്തുറന്ന് 75,000 രൂപ അപഹരിച്ച കേസിലാണ് ഇവർ അറസ്റ്റിലായത്. കഴിഞ്ഞ മാസം ആറ്റിങ്ങൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ ആലംകോട് കൊച്ചുവിളമുക്കിലെ ബാറ്ററി കട കുത്തിത്തുറന്ന് മോഷ്ടിച്ചതും നരുവാമൂട് പൊലീസ് സ്റ്റേഷൻ പരിധിയിലെ പള്ളിച്ചലിൽ പ്രവർത്തിക്കുന്ന മൊബൈൽ ഷോപ് കുത്തിത്തുറന്ന് വൻ കവർച്ച നടത്തിയതും ഗോപുവിന്റെ നേതൃത്വത്തിലുള്ള സംഘമാണെന്ന് ശാസ്ത്രീയ കുറ്റാന്വേഷണ രീതിയിലൂടെ തെളിഞ്ഞിരുന്നു.

ഇയാൾ പിടിയിലായതോടെ കഴിഞ്ഞമാസം ആറ്റിങ്ങൽ കാർത്തിക വീട്ടിൽ പ്രഭയുടെ വീട് കുത്തിത്തുറന്ന് നടത്തിയ മോഷണവും ആലംകോട് കേരള ബാങ്കിനു സമീപം അൻസാദിന്റെ വീട് കുത്തിത്തുറന്ന് നടന്ന മോഷണവും കഴിഞ്ഞ ആഴ്ച ശ്രീകാര്യം പാങ്ങപ്പാറയിൽ പ്രഭാകരന്റെ ഉടമസ്ഥതയിലുള്ള കാർ വർക്ക്ഷോപ് കുത്തിത്തുറന്ന് നടത്തിയ മോഷണവും തെളിഞ്ഞിട്ടുണ്ട്.

ഭവനഭേദനം, ക്ഷേത്രകവർച്ച, വ്യാപാരസ്ഥാപനങ്ങളിലെ മോഷണം ഉൾപ്പെടെ ഒട്ടനവധി കേസുകളിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ള വാള്ഗോപു ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം നടത്തിവരുന്ന ആളാണ്.

ടിപ്പർ ലോറികൾ മോഷ്ടിച്ച് തമിഴ്നാട്ടിലെ വിവിധയിടങ്ങളിൽ കൊണ്ടുപോയി പൊളിച്ച് വിൽക്കുന്ന സംഘത്തിലെ പ്രധാനിയാണ് ഇപ്പോൾ പിടിയിലായ മറ്റൊരു പ്രതിയായ ടിപ്പർ അനീഷ്. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നായി പതിനഞ്ചിലധികം ടിപ്പർ ലോറികൾ ഇയാൾ മോഷ്ടിച്ചിട്ടുണ്ട്.


Tags:    
News Summary - Inter-state robbery gang arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.