മാണ്ഡ്യ ജില്ല പൊലീസ് സൂപ്രണ്ട് ശോഭറാണി വാർത്തസമ്മേളനത്തിൽ
ബംഗളൂരു: ബൈക്കിൽ സഞ്ചരിച്ച് ചങ്ങല പൊട്ടിക്കൽ, വീട് കൊള്ളയടിക്കൽ തുടങ്ങിയ കേസുകളിൽ ഉൾപ്പെട്ട രണ്ട് അന്തർ ജില്ല കുറ്റവാളികളെ മൈസൂരുവിൽനിന്ന് മാണ്ഡ്യ ജില്ല പൊലീസ് അറസ്റ്റ് ചെയ്തു. 31.98 ലക്ഷം രൂപയുടെ സ്വർണം, വെള്ളി ആഭരണങ്ങളും രണ്ട് മോട്ടോർ സൈക്കിളുകളും പിടിച്ചെടുത്തു. മൈസൂരുവിലെ ശാന്തിനഗർ സ്വദേശിയായ സദ്ദാം ഹുസൈൻ എന്ന സദ്ദാം (32), മൈസൂരുവിലെ രാജീവ്നഗർ സ്വദേശിയായ സയ്യിദ് അയൂബ് (32) എന്നിവരാണ് അറസ്റ്റിലായതെന്ന് മാണ്ഡ്യ പൊലീസ് സൂപ്രണ്ട് വി.ജെ. ശോഭാറാണി വാർത്തസമ്മേളനത്തിൽ അറിയിച്ചു.
253 ഗ്രാം സ്വർണാഭരണങ്ങൾ, 178 ഗ്രാം വെള്ളി ആഭരണങ്ങൾ, ഒരു പൾസർ മോട്ടോർ സൈക്കിൾ, ഒരു ആക്‌സസ് സ്‌കൂട്ടർ എന്നിവ പൊലീസ് കണ്ടെടുത്തു. പിടിച്ചെടുത്ത സ്വത്തിന്റെ ആകെ മൂല്യം 31,98,100 രൂപയാണെന്ന് അവർ പറഞ്ഞു. ചോദ്യം ചെയ്യലിൽ, ഒന്നാം പ്രതിയായ സദ്ദാം ഹുസൈനെതിരെ മൈസൂരുവിൽ ഒരു ആക്രമണ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തി. രണ്ടാം പ്രതിയായ സയ്യിദ് അയൂബ് ശിവമോഗ, മൈസൂരു, മാണ്ഡ്യ, ചാമരാജനഗർ, ദാവണഗരെ ജില്ലകളിലായി 38 മോഷണ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ട്. കിരുഗവലുവിൽ മൂന്ന്, നാഗമംഗലയിൽ ഒന്ന്, മലവള്ളി റൂറലിൽ രണ്ട്, മൈസൂരു, ദാവണഗെരെ വിദ്യാനഗർ പൊലീസ് സ്റ്റേഷനുകളിൽ ഓരോന്ന് എന്നിങ്ങനെ നിരവധി പൊലീസ് സ്റ്റേഷനുകളിൽ ഇരുവർക്കുമെതിരെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പൊലീസ് ഉദ്യോഗസ്ഥരായ റിയാസ് പാഷ, പ്രഭുസ്വാമി, സിദ്ധരാജു, ശ്രീനിവാസ്, മധുകിരൺ, എൻ.സി. ശിവകുമാർ, റഫീഖ് നദാഫ്, നാഗേഷ്, രവികിരൺ, ലോകേഷ്, ബി. ബസവരാജു, മഹാദേവസ്വാമി, നാഗരാജു എന്നിവരാണ് അറസ്റ്റിന് നേതൃത്വം നൽകിയത്. വാർത്തസമ്മേളനത്തിൽ അഡീഷനൽ എസ്.പിമാരായ സിഇ തിമ്മയ്യ, ഗംഗാധരസ്വാമി, ഡി.വൈ.എസ്.പി യശ്വന്ത് കുമാർ, സർക്കിൾ ഇൻസ്പെക്ടർ ശ്രീധർ, സബ് ഇൻസ്പെക്ടർ ഡി. രവികുമാർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.