ഹൈദരാബാദ്: ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ റിട്ട. സൈനികൻ അറസ്റ്റിൽ. ഹൈദരാബാദ് മീർപേട്ടിലെ ദണ്ഡുപ്പള്ളി സ്വദേശി ഗുരുമൂർത്തിയാണ് അറസ്റ്റിലായത്. ഭാര്യയെ കൊന്ന ശേഷം മൃതദേഹം കഷണങ്ങളാക്കി മുറിച്ച് കുക്കറിലിട്ട് പുഴുങ്ങിയതായി പൊലീസ് കണ്ടെത്തി.
ഇക്കഴിഞ്ഞ 16നാണ് കൊലപാതകം നടന്നത്. എന്നാൽ, ഇക്കാര്യം പുറത്തറിഞ്ഞിരുന്നില്ല. തന്‍റെ ഭാര്യ വെങ്കട മാധവിയെ രണ്ട് ദിവസമായി കാണാനില്ലെന്ന് കാട്ടി ഗുരുമൂർത്തി പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പൊലീസ് ഇയാളുടെ വീട്ടിലെത്തി അന്വേഷണം തുടങ്ങി.
ഭാര്യയും ഭർത്താവും സ്ഥിരമായി വഴക്കുണ്ടാക്കാറുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചു. തുടർന്ന് ഗുരുമൂർത്തിയെ വിശദമായി ചോദ്യംചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തുവന്നത്.
ഭാര്യയെ കൊലപ്പെടുത്തിയ ഗുരുമൂർത്തി മൃതദേഹം കഷണങ്ങളായി നുറുക്കി. ശേഷം കുക്കറിലിട്ട് പുഴുങ്ങിയ ശേഷം ഇത് പലയിടങ്ങളിലായി ഉപേക്ഷിക്കുകയായിരുന്നു. പിടിക്കപ്പെടാതിരിക്കാനായിരുന്നു ഇങ്ങനെ ചെയ്തത്. ചോദ്യംചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു.
സൈന്യത്തിലായിരുന്ന ഗുരുമൂർത്തി സ്വമേധയാ വിരമിച്ച ശേഷം ഡി.ആർ.ഡി.ഒയിൽ സുരക്ഷാ ജീവനക്കാരനായി ജോലിചെയ്യുകയായിരുന്നു. 13 വർഷം മുമ്പാണ് ഇയാൾ വെങ്കട മാധവിയെ വിവാഹംചെയ്തത്. ഇവർക്ക് രണ്ട് കുട്ടികളുമുണ്ട്. കേസിൽ വിശദമായ അന്വേഷണം നടക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.