കുമാരനല്ലൂർ: ബന്ധത്തിൽനിന്ന് ഒഴിഞ്ഞുപോകണമെന്ന് ആവശ്യപ്പെട്ട് യുവതിയെ മുറിയിൽ പൂട്ടിയിട്ട് ഭർത്താവ് മർദിച്ചത് അതിക്രൂരമായി. മർദനത്തെ തുടർന്ന് മുഖത്തെ എല്ലുകൾക്ക് പൊട്ടലും പരിക്കുമേറ്റ കുമാരനല്ലൂർ സ്വദേശിനി രമ്യ മോഹനൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. പൊലീസെത്തിയാണ് ഭർത്താവ് ജയന്റെ മർദനത്തിൽനിന്ന് രമ്യയെ രക്ഷപ്പെടുത്തിയത്. സംഭവത്തിന് പിന്നാലെ ഭർത്താവ് ശങ്കരംവീട്ടിൽ ജയൻ ഒളിവിൽ പോയി. ഇയാൾക്കായി തിരച്ചിൽ തുടരുകയാണ്.
ജോലി കഴിഞ്ഞ് വീട്ടിലെത്തിയ തന്നെ ഭർത്താവ് ജയൻ വാടകക്ക് എടുത്തിരിക്കുന്ന വീട്ടിൽ കൊണ്ടുപോയി മർദിക്കുകയായിരുന്നെന്ന് യുവതി പറയുന്നു. പെപ്പർ സ്പ്രേ മുഖത്തും ദേഹത്തും അടിച്ചു. ഭർത്താവ് പറയുന്നവരെല്ലാം തന്റെ കാമുകന്മാരാണെന്ന് സമ്മതിക്കണമെന്നും അവർ തമ്മിലുള്ള കേസിന്റെ കാര്യം പറഞ്ഞുമായിരുന്നു മർദനം.
രാത്രി വൈകിയും മടങ്ങിയെത്താത്തതിനെ തുടർന്ന് മകൾ ഫോൺ വിളിച്ചപ്പോൾ മക്കളോട് ഒരു കാര്യവും മിണ്ടിപ്പോകരുതെന്ന് ജയൻ ഭീഷണിപ്പെടുത്തി. എന്നാൽ, ശബ്ദത്തിലുണ്ടായ മാറ്റം മനസ്സിലാക്കിയ മകൾ രമ്യയുടെ അനുജത്തിയെ വിവരം അറിയിക്കുകയും തുടർന്ന് മകൾ കോട്ടയം ഡി.വൈ.എസ്.പിയെ അറിയിക്കുകയുമായിരുന്നു. തുടർന്ന് കോട്ടയം വെസ്റ്റ് പൊലീസ് സ്ഥലത്തെത്തി വിളിച്ചപ്പോഴാണ് ജയൻ കതക് തുറന്നത്. പരിക്കേറ്റ രമ്യയെ പൊലീസ് ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ജയൻ-രമ്യ ദമ്പതികൾക്ക് വിദ്യാർഥികളായ മൂന്ന് കുട്ടികളാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.