പ്രതീകാത്മക ചിത്രം
ഹൈദരാബാദ്: രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും വൻ മയക്കുമരുന്ന് വേട്ട. ബാങ്കോക്കിൽ നിന്നെത്തിയ യാത്രക്കാരനിൽനിന്ന് രണ്ട് കോടിയിലധികം രൂപ വിലമതിക്കുന്ന മയക്കുമരുന്ന് കസ്റ്റംസ് അധികൃതർ പിടികൂടി. വിപണിയിൽ ഏകദേശം 2.15 കോടി രൂപ വിലമതിക്കുന്ന 6.15 കിലോ ഹൈഡ്രോപോണിക് കഞ്ചാവ് ആണ് ഇയാളിൽനിന്ന് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ഇന്ത്യൻ വംശജനായ യാത്രക്കാരനെ അറസ്റ്റ് ചെയ്തു.
ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസിൽ (ഡി.ആർ.ഐ) നിന്ന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കസ്റ്റംസ് എയർ ഇന്റലിജൻസ് യൂനിറ്റിന്റെ പരിശോധന. തിങ്കളാഴ്ച ബാങ്കോക്കിൽനിന്ന് ഹൈദരാബാദിലെത്തിയ വിമാനത്തിലെ യാത്രക്കാരനെ കസ്റ്റംസ് ഉദ്യോഗസ്ഥർ തടഞ്ഞുവെക്കുകയായിരുന്നു. ഇയാളുടെ ലഗേജുകൾ വിശദമായി പരിശോധിച്ചപ്പോഴാണ് സംശയാസ്പദമായ രീതിയിലുള്ള 16 സീൽ ചെയ്ത പാക്കറ്റുകൾ കണ്ടെത്തിയത്.
പാക്കറ്റുകൾ തുറന്ന് പരിശോധിച്ചപ്പോൾ പച്ചനിറത്തിലുള്ള ഇലവർഗ്ഗത്തിൽപ്പെട്ട വസ്തുവാണ് കണ്ടെത്തിയത്. ലാബ് പരിശോധനയിൽ ഇത് ഉയർന്ന വീര്യമുള്ള മയക്കുമരുന്നായ ഹൈഡ്രോപോണിക് കഞ്ചാവ് ആണെന്ന് സ്ഥിരീകരിച്ചു. സാധാരണ കഞ്ചാവിനേക്കാൾ വിപണിയിൽ വലിയ വിലയുള്ള മയക്കുമരുന്നാണിത്. എൻ.ഡി.പി.എസ് നിയമപ്രകാരം നിരോധിക്കപ്പെട്ട വസ്തുവായതിനാൽ ഇത് പിടിച്ചെടുക്കുകയും യാത്രക്കാരന്റെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.
അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് സംഘങ്ങളെ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ അറിയിച്ചു. പിടിച്ചെടുത്ത മയക്കുമരുന്നിന്റെ മൊത്തം തൂക്കം 6.15 കിലോഗ്രാം ആണ്. നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.