നാഗ്പൂർ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ ഒരേ യുവതിയെ പ്രണയിച്ചതുമായി ബന്ധപ്പെട്ട തർക്കത്തിൽ ഗുണ്ടാനേതാവ് കൊല്ലപ്പെട്ടു. 27കാരനായ ഗൗരവ് പങ്കജ് റാഗ്ഡെയെയാണ് സുഹൃത്തും ഗുണ്ടയുമായ ഗൗരവ് റാംഭാവു റാവുത്തും കൂട്ടാളി അഭിഷേക് വാസ്നിക്കും ചേർന്ന് കുത്തിക്കൊലപ്പെടുത്തിയത്. നാഗ്പൂരിലെ നരേന്ദ്രനഗറിലെ സുന്ദർബൻ പ്രദേശത്താണ് സംഭവം.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്ന ഗൗരവ് പങ്കജ് റാഗ്ഡെ അടുത്തിടെയാണ് ജാമ്യത്തിൽ പുറത്തിറങ്ങിയത്. ജയിലിൽനിന്ന് പുറത്തിറങ്ങി രണ്ടാഴ്ച തികയുന്നതിനിടെയാണ് ഇയാൾ കൊല്ലപ്പെട്ടത്.
ഗൗരവ് പങ്കജ് റാഗ്ഡെയും ഗൗരവ് റാംഭാവു റാവുത്തും സുഹൃത്തുക്കളായിരുന്നു. എന്നാൽ ഇരുവരും ഒരേ യുവതിയുമായി പ്രണയബന്ധത്തിലായതോടെ സുഹൃത് ബന്ധത്തിൽ വിള്ളൽ വീണു. ഇതുസംബന്ധിച്ച് ഇരുവരും തമ്മിൽ തർക്കം ഉടലെടുക്കുകയും ചെയ്തിരുന്നു. ഇയാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഗൗരവ് പങ്കജ് റാഗ്ഡെയെ ഗുണ്ടാസംഘം കത്തി ഉപയോഗിച്ച് നിരവധി തവണ കുത്തിയതായി പൊലീസ് പറഞ്ഞു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊലപാതകത്തിൽ ഗൗരവ് റാംഭാവു റാവുത്തിനും അഭിഷേക് വാസ്നിക്കുമെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചു. വ്യക്തിപരമായ തർക്കമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം.
കൊലപാതകത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ; കൊല്ലപ്പെട്ട ഗൗരവ് പങ്കജ് റാഗ്ഡെ മുംബൈയിൽനിന്നുള്ള ഒരു യുവതിയുമായി രണ്ട് വർഷത്തോളമായി പ്രണയത്തിലായിരുന്നു. റാഗ്ഡെ ജയിലിൽ പോയതോടെ ഗൗരവ് റാംഭാവു റാവുത്ത് യുവതിയുമായി അടുപ്പം സ്ഥാപിച്ചു. തുടർന്ന് ഇരുവരും നരേന്ദ്ര നഗർ പ്രദേശത്ത് ഒരു ക്ലൗഡ് കിച്ചൺ ബിസിനസ് ആരംഭിച്ചു. പ്രദേശത്തെ ഒരു വാടക വീട്ടിൽ ഇരുവരും താമസിക്കുകയും ചെയ്തു. വ്യാഴാഴ്ച ഉച്ചക്കഴിഞ്ഞ് യുവതി ഗൗരവ് റാവുത്തിന്റെ വീട്ടിലെത്തി. റാവുത്തിന്റെ സുഹൃത്തുക്കൾക്കൊപ്പം പാർട്ടിയിൽ പങ്കെടുക്കുകയും ചെയ്തു. ഇതറിഞ്ഞതോടെ ഗൗരവ് റാഗ്ഡെ, ഗൗരവ് റാവുത്തിന്റെ വീട്ടിലെത്തുകയും ബഹളം വെക്കുകയും അക്രമാസക്തനാകുകയും ചെയ്തു. വീടിന് നേരെ കല്ലെറിയുകയും ചെയ്തു. തുടർന്ന്, ഗൗരവ് റാവുത്തും സുഹൃത്തുക്കളും പിൻവാതിലിലൂടെ രക്ഷപ്പെടാൻ ശ്രമിച്ചു. ഇതോടെ ഗൗരവ് റാഗ്ഡെ ഇവരെ പിന്തുടർന്നു. നരേന്ദ്രനഗറിലെ സുന്ദർബൻ നാലക്ക് സമീപത്തുവെച്ച് ഇരുവരും തമ്മിൽ ഏറ്റുമുട്ടി. വഴക്കിനിടെ ഗൗരവ് റാവുത്തും അഭിഷേക് വാസ്നിക്കും ഗൗരവ് റാഗ്ഡെയെ കുത്തുകയായിരുന്നു. പ്രതികൾ ഉടൻതന്നെ സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടുകയും ചെയ്തു. പ്രദേശവാസികളിൽ ചിലർ സംഭവം മൊബൈൽ ഫോൺ കാമറയിൽ പകർത്തിയിരുന്നു. ഉടൻതന്നെ പൊലീസ് സ്ഥലത്തെത്തുകയും നടപടികൾ സ്വീകരിക്കുകയും ചെയ്തു. ഒന്നരകിലോമീറ്റർ അപ്പുറത്തുനിന്ന് പ്രതിയായ ഗൗരവ് റാവത്തിനെ പൊലീസ് പിടികൂടി. ഇയാളിൽനിന്ന് കത്തിയും പൊലീസ് കണ്ടെടുത്തു.
നാഗ്പൂരിലെ കുപ്രസിദ്ധമായ ഗാംചു കൊലപാതകക്കേസിലെ പ്രതിയാണ് ഗൗരവ് പങ്കജ് റാഗ്ഡെ. കൊലപാതകം, കൊലപാതകശ്രമം, കവർച്ച എന്നിവയുൾപ്പെടെ ഏകദേശം ഒമ്പത് കേസുകൾ ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് അജ്നി പൊലീസ് അറിയിച്ചു. പ്രതികളായ ഗൗരവ് റാംഭാവു റാവുത്തും അഭിഷേക് വാസ്നിക്കും വ്യത്യസ്ത കൊലപാതക കേസുകളിലും പ്രതികളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.