ലഖ്നോ: ബാങ്ക് ജീവനക്കാരിയായ ഭാര്യയെയും സഹോദരിയെയും വെടിവെച്ച് കൊലപ്പെടുത്തിയശേഷം യുവാവ് സ്വയം ജീവനൊടുക്കി. ഉത്തർപ്രദേശിലെ ലഖ്‌നോവിലുള്ള ഗോമതി നഗറിലാണ് നാടിനെ നടുക്കിയ കൊലപാതകം.
ബാങ്ക് ജീവനക്കാരിയായ ഭാര്യ ദിവ്യ മിശ്രയെയും മാനസികവെല്ലുവിളി നേരിടുന്ന സഹോദരി ശിവ വാജ്പേയിയേയുമാണ് ലഖ്നോ സ്വദേശിയായ മാനസ് വാജ്പേയി കൊലപ്പെടുത്തിയത്. 38കാരനായ മാനസും ബാങ്ക് ജീവനക്കാരനാണ്. ഭാര്യയെ കൊലപ്പെടുത്തിയതിനു പിന്നാലെ താന്‍ സഹോദരിയെയും കൊന്ന് ജീവനൊടുക്കുമെന്ന് വാട്സ് ആപ്പിൽ സ്റ്റാറ്റസ് പോസ്റ്റ് ചെയ്തിരുന്നു. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം നടക്കുന്നത്.
വിവേക് ഖണ്ഡിലെ ഐ.സി.ഐ.സി.ഐ ബാങ്കിൽ റിലേഷൻഷിപ്പ് മാനേജറായിരുന്നു ദിവ്യ മിശ്ര. ആലംബാഗിലെ സ്നേഹനഗർ സ്വദേശിനിയാണ്. ദിവ്യ ഒരു ക്ലയിന്‍റ് മീറ്റിങ്ങിനു പോയി കാറിൽ ബാങ്കിലേക്ക് മടങ്ങിയെത്തിയ ഉടൻ ഓട്ടോറിക്ഷയിൽ കാത്തിരുന്ന മാനസ് വെടിയുതിർക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സഹപ്രവർത്തകരാണ് ആക്രമണം നടത്തിയത് ഭർത്താവാണെന്ന് തിരിച്ചറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു.
പിന്നാലെ ഓട്ടോറിക്ഷയിൽ രക്ഷപ്പെട്ട മാനസ് തന്‍റെ അടുത്ത ലക്ഷ്യം സഹോദരിയാണെന്നും അതിന് ശേഷം ആത്മഹത്യ ചെയ്യുമെന്നും വാട്സ് ആപ്പിൽ സ്റ്റാറ്റസ് പോസ്റ്റ് ചെയ്തു. ‘എന്നെ വഞ്ചിച്ച ഭാര്യയെ ഇന്ന് ഞാൻ കൊന്നു. ഇനി ഞാൻ ആത്മഹത്യ ചെയ്യും. എന്റെ സഹോദരിയെയും കൊല്ലും. ഭാര്യയുടെ സഹോദരി പ്രഗ്യക്കും ഭരതിനും എല്ലാം അറിയാം’ -എന്നായിരുന്നു വാട്സ് ആപ്പ് സ്റ്റാറ്റസ്. തലക്ക് ഗുരുതരമായി പരിക്കേറ്റ ദിവ്യയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
സംഭവ സ്ഥലത്തുനിന്ന് രക്ഷപ്പെട്ട് വീട്ടിലെത്തിയ മാനസ് സഹോദരി ശിവയെയും വെടിവെച്ച് കൊലപ്പെടുത്തി. താന്‍ മരിച്ചാല്‍ പരസഹായം ലഭിക്കാതെ സഹോദരി എങ്ങനെ ജീവിക്കും എന്ന തോന്നലാണ് ശിവയെ കൊല്ലുന്നതിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. പിന്നാലെയാണ് മാനസ് സ്വയം വെടിവെച്ച് ജീവനൊടുക്കിയത്. 12 വർഷം മുമ്പ് വിവാഹിതരായ മാനസും ദിവ്യയും കഴിഞ്ഞ ഒരു വർഷമായി അകന്നാണ് കഴിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.