പീഡനം; പ്രതിക്ക് 29 വർഷം കഠിനതടവും 1,36,000 രൂപ പിഴയും
പത്തനംതിട്ട: അഞ്ചാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 29 വർഷം കഠിനതടവും 1,36,000 രൂപ പിഴയും ശിക്ഷ. പന്തളം തോന്നല്ലൂർ പുതിയയ്യത്തു കിഴക്കേതിൽ അനീഷിനെയാണ് (40) അടൂർ അതിവേഗ കോടതി ജഡ്ജി ടി. മഞ്ജിത് ശിക്ഷിച്ചത്. പ്രതി പിഴ അടക്കുകയാണെങ്കിൽ ആ തുക അതിജീവിതക്ക് നൽകാൻ ജില്ല ലീഗൽ സർവിസ് അതോറിറ്റിയോടും കോടതി നിർദേശിച്ചു.
2024 മുതലാണ് പെൺകുട്ടി പീഡനത്തിനിരയായത്. ഒരു വർഷത്തിലേറെക്കാലം ഇയാളിൽനിന്നും കുട്ടി പലതവണ പീഡനം നേരിട്ടു. പെൺകുട്ടിയും കുടുംബവും താമസിക്കുന്ന വീടിനോട് ചേർന്നുള്ള ഷെഡിൽ വെച്ചാണ് പ്രതി ലൈംഗികമായി പീഡിപ്പിച്ചത്. പന്തളം പൊലീസ് ഇൻസ്പെക്ടർ ആയിരുന്ന ടി.ഡി. പ്രജീഷാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. എസ്.ഐ അനീഷ് ഏബ്രഹാം, എ.എസ്.ഐ ബി. ഷൈൻ, എസ്.സി.പി.ഒ എസ്. അൻവർഷ എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.
കേസിന്റെ വിചാരണ വേളയിൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 15 സാക്ഷികളെ വിസ്തരിക്കുകയും 23 രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രതി ഭാഗത്തുനിന്ന് നാല് സാക്ഷികളെ വിസ്തരിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പി. സ്മിത ജോൺ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.