ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മാനേജറെന്നു പറഞ്ഞ് 1.35 കോടി തട്ടി; പയ്യന്നൂരിൽ രണ്ടുപേർക്കെതിരെ കേസ്

പയ്യന്നൂര്‍: പോർചുഗീസ് ഫുട്‌ബാള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പേരിൽ തട്ടിപ്പ് നടത്തി 1.35 കോടി തട്ടിയതിന് പയ്യന്നൂരിൽ കേസ്. റൊണാള്‍ഡോയുടെ മാനേജറാണെന്ന് പറഞ്ഞാണ് തുര്‍ക്കിയയിലെ കമ്പനിയുടെ 1,35,62,500 രൂപ തട്ടിയെടുത്തത്.

വഞ്ചിക്കപ്പെട്ട കമ്പനിയുടെ പാർട്ണറുടെ നിർദേശപ്രകാരം പണം കൈമാറിയ പയ്യന്നൂര്‍ അന്നൂരിലെ പ്രകാശ് രാമനാഥിന്റെ പരാതിയിലാണ് തിരുവനന്തപുരം വെഞ്ഞാറമൂട് വലിയകട്ടക്കലിലെ ഹമീം മുഹമ്മദ് ഷാഫി, കടമ്പൂരിലെ അവിക്കല്‍ സുധീഷ് എന്നിവര്‍ക്കെതിരെ കോടതി നിർദേശപ്രകാരം പയ്യന്നൂര്‍ പൊലീസ് കേസെടുത്തത്.

2017-18 വർഷത്തിലാണ് പരാതിക്കാസ്പദമായ സംഭവം. തുര്‍ക്കിയ ആസ്ഥാനമായ മെറ്റാഗ് എന്ന നിര്‍മാണ കമ്പനിയുടെ ഖത്തർ ദോഹയിലെ അപ്പാർട്മെന്റ് പ്രോജക്ടിന് ആവശ്യമായ സൗകര്യങ്ങളൊരുക്കുന്നതിന്റെ പേരിലായിരുന്നു തട്ടിപ്പ് നടത്തിയത്. ഇതിനായി ദോഹയിലെ കണ്‍സ്ട്രക്ഷന്‍ പ്രോജക്ടിന്റെ പ്രചാരണത്തിന് ബ്രാന്‍ഡ് അംബാസഡറായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ഏര്‍പ്പാടാക്കിത്തരാമെന്ന് വിശ്വസിപ്പിച്ചാണ് പ്രതികള്‍ സമീപിച്ചതെന്ന് പരാതിയില്‍ പറയുന്നു.

റൊണാള്‍ഡോയുടെ മാനേജര്‍ എന്ന പേരില്‍ തയാറാക്കിയ വ്യാജ കത്തുകള്‍ ഇവർ കാണിച്ചിരുന്നു. ഇത് വിശ്വസിച്ചാണ് കമ്പനിയുടെ ആളുകള്‍ പ്രതികളുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ ഇവരുടെ സേവനത്തിനുള്ള വ്യവസ്ഥകള്‍ അംഗീകരിച്ച് പണം നല്‍കിയത്. 2019 ജൂണ്‍ 23 വരെ പയ്യന്നൂരിലെ ഒരു റെസിഡന്‍സിയില്‍ വെച്ച് കൈമാറിയ രണ്ടു ലക്ഷം രൂപ ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍നിന്ന് 1,35,62,500 രൂപ കൈപ്പറ്റി വഞ്ചിച്ചതായുള്ള പരാതിയിലാണ് കേസെടുത്ത് അന്വേഷണം നടത്താൻ പയ്യന്നൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടത്. 

Tags:    
News Summary - Fraudulent claim to be Ronaldo's manager: Case filed against two people

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.