2000 കോടിയുടെ മയക്കു മരുന്ന് കടത്ത്: തമിഴ് സിനിമ നിർമാതാവ് ജാഫർ സാദിഖ് അറസ്റ്റിൽ

ചെന്നൈ: ഇന്ത്യയിൽ നിന്ന് ​വിദേശത്തേക്ക് 2000 കോടി രൂപയുടെ മയക്കു മരുന്ന് കടത്തിയെന്ന കേസിൽ തമിഴ് സിനിമ നിർമാതാവ് ജാഫർ സാദിഖിനെ അറസ്റ്റ് ചെയ്തു. ഡി.എം.കെയുമായി അടുത്ത ബന്ധമുള്ള ജാഫർ സാദിഖ് ഫെബ്രുവരി 15 മുതൽ ഒളിവിലാണെന്ന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ(എൻ.സി.ബി)അറിയിച്ചിരുന്നു. 2000 കോടി രൂപയുടെ മയക്കുമരുന്ന് ആസ്‌ട്രേലിയയിലേക്കും ന്യൂസിലൻഡിലേക്കും കടത്തിയ ശൃംഖലയുടെ തലവൻ ജാഫർ ആണെന്നാണ് എൻ.സി.ബി വെളിപ്പെടുത്തിയത്. ജാഫർ സാദിഖ് തെന്നിന്ത്യയിൽ ഇതുവരെ നാല് സിനിമകൾ ചെയ്തിട്ടുണ്ട്.

ലഹരിവസ്തുക്കൾ നിർമിക്കാൻ ഉപയോഗിക്കുന്ന രാസവസ്തുക്കളുമായി മൂന്നു തമിഴ്നാട് സ്വദേശികളെ കഴിഞ്ഞമാസം എൻ.സി.ബി ഡൽഹിയിൽ പിടികൂടിയിരുന്നു. ഇവരിൽനിന്നാണ് ജാഫർ സാദിഖിന് ലഹരിക്കടത്തിൽ പങ്കുണ്ടെന്ന സൂചന ലഭിച്ചത്. പിന്നാലെ നടത്തിയ അന്വേഷണങ്ങൾക്ക് ഒടുവിലാണ് അറസ്റ്റ്.

45 പാഴ്സലുകളിലായി 3,500 കിലോ സ്യൂഡോഫെഡ്രിൻ ജാഫർ ഓസ്ട്രേലിയയിലേക്ക് അയച്ചെന്ന് എൻ.സി.ബി ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഗ്യാനേശ്വർ സിങ് വ്യക്തമാക്കി. തേങ്ങയിലും ഉണക്കിയ പഴങ്ങളിലും ഒളിപ്പിച്ചാണ് ഇയാൾ സ്യൂഡോഫെഡ്രിൻ കടത്തിയത്. മെത്താംഫെറ്റമിൻ, ക്രിസ്റ്റല്‍ മെത്ത് ഉൾപ്പെടെയുള്ള മാരക ലഹരി മരുന്നുകൾ നിർമിക്കാൻ ഉപയോഗിക്കുന്ന രാസവസ്തുവാണിത്. ലഹരിക്കടത്തിലൂടെ കോടികള്‍ സമ്പാദിച്ച ജാഫർ സിനിമാ നിർമാണത്തിനു പുറമെ റിയൽ എസ്റ്റേറ്റിലും ഈ തുക നിക്ഷേപിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ജാഫർ പിടിയിലായതോടെ ഡി.എം.കെക്ക് എതിരെ ബി.ജെ.പി രംഗത്തുവന്നു. തമിഴ്നാട് രാജ്യത്തെ ലഹരിമരുന്ന് കടത്തിന്റെ കേന്ദ്രമായെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ വിമർശിച്ചു.

ലഹരിക്കടത്തുമായി ബന്ധപ്പെട്ട് ആരോപണമുയരുകയും അന്വേഷണം നേരിടുകയും ചെയ്തതോടെ കഴിഞ്ഞ മാസം ജാഫറിനെ ഡി.എം.കെ പുറത്താക്കിയിരുന്നു. 

Tags:    
News Summary - Film producer who allegedly smuggled drugs worth ₹ 2,000 crore arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.