മഞ്ചെഗൗഡ
ബംഗളൂരു: മാണ്ഡ്യ ജില്ല ഡെപ്യൂട്ടി കമീഷണറുടെ ഓഫിസിനുമുന്നിൽ കർഷകൻ തീകൊളുത്തി ആത്മഹത്യ ചെയ്തു. കെ.ആർ പേട്ട താലൂക്കിലെ മൂഡനഹള്ളിയിൽ എം.ഡി. മഞ്ചെഗൗഡയാണ് (55) മരിച്ചത്. വർഷങ്ങളായി ഭൂമി ഏറ്റെടുക്കൽ കേസിൽ നഷ്ടപരിഹാരമോ പകരം ഭൂമിയോ അനുവദിക്കാത്തതിൽ മനംനൊന്താണ് കടുംകൈ ചെയ്തതെന്ന് പൊലീസ് പറഞ്ഞു. ഡി.സി ഓഫിസിന് എതിർവശത്തുള്ള കാവേരി പാർക്കിലാണ് ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്. നാട്ടുകാർ ഓടിയെത്തി മാണ്ഡ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിച്ചു.
മന്ത്രി ചെലുവരായ സ്വാമി മഞ്ചെഗൗഡയുടെ കുടുംബത്തെ ആശ്വസിപ്പിക്കുന്നു
60 ശതമാനത്തിലധികം പൊള്ളലേറ്റതിനാൽ വിദഗ്ധ ചികിത്സക്കായി ബംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണത്തിന് കീഴടങ്ങി. കുടുംബത്തിൽനിന്ന് ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്നും ആരോപണങ്ങൾ പരിശോധിച്ച് അന്വേഷണം ആരംഭിക്കുമെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. മാണ്ഡ്യ ജില്ലയുടെ ചുമതലയുള്ള മന്ത്രി എൻ. ചെലുവരായസ്വാമി വിക്ടോറിയ ആശുപത്രിയിലെത്തി കർഷകന് അന്ത്യാഞ്ജലി അർപ്പിച്ചു.
കുടുംബത്തിന് അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച മന്ത്രി, കൂടുതൽ ധനസഹായം നൽകുന്നതിനെക്കുറിച്ച് മുഖ്യമന്ത്രിയുമായി ചർച്ച ചെയ്യുമെന്ന് ഉറപ്പ് നൽകി. സംഭവത്തിലേക്ക് നയിച്ച തർക്ക ഭൂമിയെക്കുറിച്ച് സംയുക്ത സർവേ നടത്തും. ഭൂമി വനം വകുപ്പിന്റേതല്ലെന്ന് കണ്ടെത്തിയാൽ കർഷകന്റെ കുടുംബത്തിന് കൈമാറുമെന്നും ചെലുവരായസ്വാമി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.