കുവൈത്ത് സിറ്റി: രാജ്യത്ത് കഴിഞ്ഞ ദിവസം മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ ഇന്ത്യക്കാരനെയും ജോർഡൻ പൗരനെയും അറസ്റ്റ് ചെയ്തതായി അഭ്യന്തര മന്ത്രാലയം അറിയിച്ചു. രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇറാനില്‍നിന്ന് കടല്‍ മാർഗം രാജ്യത്തേക്ക് കടത്താന്‍ ശ്രമിച്ച ക്യാപ്റ്റഗണ്‍ ഗുളികകളുടെയും മയക്കുമരുന്നിന്റെയും വന്‍ ശേഖരം കസ്റ്റംസ് അധികൃതര്‍ പിടികൂടിയത്. 1.2 മില്യൺ ക്യാപ്റ്റഗൺ ഗുളിക, 250 കിലോ ഹഷീഷ്, 104 കിലോ ഷാബു എന്നിവയാണ് പൊലീസ് നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തത്.
ചോദ്യം ചെയ്യലില്‍ ഇന്ത്യക്കാരൻ കുറ്റം സമ്മതിച്ചിട്ടുണ്ട്. അന്താരാഷ്ട്ര മയക്കുമരുന്ന് ലോബിയിലെ കണ്ണികളായ ഇവര്‍ വില്പനക്കാര്ക്ക് സാധനങ്ങള്‍ എത്തിച്ചുകൊടുക്കുന്ന ഏജന്റുമാരാണെന്നാണ് നിഗമനം. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി ഇവരെ പ്രത്യേക വിഭാഗത്തിന് കൈമാറി. ഇന്ത്യക്കാരന് നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സുലൈബിയ പ്രദേശത്ത് നടത്തിയ റെയ്ഡില്‍ രണ്ടു പ്രതികളെ കൂടി അറസ്റ്റ് ചെയ്തതായി അധികൃതര്‍ അറിയിച്ചു.
രാജ്യത്തേക്ക് ലഹരി കടത്തുന്നതിനെതിരെ കർശന പരിശോധനകളും നടപടികളും നടന്നുവരുകയാണ്. ലഹരിക്കടത്തിനെ ശക്തമായി നേരിടുമെന്ന് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ആക്ടിങ് പ്രതിരോധ മന്ത്രിയുമായ ശൈഖ് തലാൽ ഖാലിദ് അൽ അഹ്മദ് അസ്സബാഹ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ലഹരിപദാർഥങ്ങൾ പുതിയ രീതികളിലൂടെയാണ് രാജ്യത്തേക്ക് എത്തിക്കുന്നതെന്നും ലഹരിസംഘത്തെ നേരിടാൻ കൂടുതൽ ജാഗ്രതയും പരിശ്രമവും അനിവാര്യമാണെന്നും അദ്ദേഹം ഉണർത്തി. ആഭ്യന്തര മന്ത്രാലയവും അതിന്റെ ഫീൽഡ്, ബോധവത്കരണ മേഖലകളും വിവിധ സ്ഥാപനങ്ങളുമായി സഹകരിച്ച് ലഹരി തുടച്ചുനീക്കാനുള്ള ശ്രമത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.