പെൺകുട്ടിക​ളെ നോട്ടമിട്ട് ലഹരിമാഫിയ; സ്കൂൾ കേന്ദ്രീകരിക്കുന്നത് എളുപ്പം ഇരകളെ സൃഷ്ടിക്കാനെന്ന്

കോഴിക്കോട്: സംസ്ഥാനത്താകെ സ്കൂൾ കേന്ദ്രീകരിച്ച് ലഹരി മാഫിയ പ്രവർത്തിക്കുന്നതായുള്ള ഇന്റലിജൻസ് റിപ്പോർട്ട് ശരിവെക്കുന്ന അനുഭവങ്ങളാണ് ദിനംപ്രതി പുറത്ത് വരുന്നത്. കോഴിക്കോട് ജില്ലയിൽ മാത്രം ഇക്കഴിഞ്ഞ ഏഴ് മാസത്തിനിടെ വിദ്യാർഥിനി​കളെ ലഹരികടത്തിന് ഉപയോഗിച്ച മൂന്ന് സംഭവങ്ങളാണ് പുറത്ത് വന്നത്.

അഴിയൂരില്‍ എട്ടാം ക്ലാസുകാരിയാണ് കെണിയില്‍ പെട്ടതെങ്കില്‍ കുറ്റിക്കാട്ടൂരില്‍ ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയാണ് തന്റെ ദുരനുഭവം തുറന്നു പറഞ്ഞത്. വിഷയം യഥാസമയം അറിഞ്ഞിട്ടും ഇടപെടുന്നതിൽ വീഴ്ചയു​ണ്ടായെന്ന ആരോപണം രണ്ടിടത്തും സ്കൂള്‍ അധികൃതരും പൊലീസും നേരിടുകയാണ്.

കഴിഞ്ഞ ഡിസംബര്‍ അഞ്ചിനാണ് വടകര അഴിയൂര്‍ സ്വദേശിയായ എട്ടാം ക്ലാസുകാരി താൻ കാരിയരായ അനുഭവം പ​ുറം ലോകത്തോട് വിളിച്ച് പറഞ്ഞത്. ഇക്കഴിഞ്ഞ ദിവസമാണ് കുറ്റിക്കാട്ടൂര്‍ സ്വദേശിയായ ഒമ്പതാം ക്ലാസുകാരിയും സമാന അനുഭവം പറഞ്ഞ് പുറത്ത് വന്നിരിക്കയാണ്.

ഇരുവരുടെയും വെളിപ്പെടുത്തലിൽ ലഹരിസംഘങ്ങളുടെ പ്രവർത്തനങ്ങൾക്ക് സാമ്യതകളേറെ. ഇതിനിടെ, ലഹരി ഉപയോഗിക്കുകയും കേസില്‍ ഉള്‍പ്പെടുകയും ചെയ്യുന്ന കൗമാരക്കാരില്‍ ഭൂരിപക്ഷവും ആദ്യമായി ഇവ ഉപയോഗിക്കുന്നത് 10-നും 15-നും വയസ്സിനിടെയാണെന്ന് എക്‌സൈസ് വകുപ്പിന്റെ സര്‍വേ ഫലം പറയുന്നു. കൗമാരക്കാര്‍ കൂടുതലായി ഉപയോഗിക്കുന്ന ലഹരിവസ്തു കഞ്ചാവാണെന്നും സര്‍വേയില്‍ കണ്ടെത്തലുണ്ട്. പുകവലിയില്‍ നിന്നാണ് കഞ്ചാവിലേക്ക് എത്തുന്നത്. എന്താണെന്ന് അറിയാനാണ് ഭൂരിപക്ഷവും ലഹരി ഉപയോഗിച്ച് തുടങ്ങുന്നത്. സര്‍വേയില്‍ പങ്കെടുത്ത 79 ശതമാനം പേര്‍ക്കും സുഹൃത്തുക്കളില്‍ നിന്നാണ് ആദ്യമായി ലഹരി ലഭിച്ചത്. പുകവലിക്കുന്ന രീതിയിലാണ് ഭൂരിപക്ഷം ലഹരി ഉപയോഗിക്കുന്നത്. കൂടുതല്‍പ്പേരും സുഹൃത്തുക്കള്‍ക്കൊപ്പമാണ് ലഹരി ഉപയോഗിക്കുന്നതെന്നും സര്‍വേയില്‍ കണ്ടെത്തലുണ്ട്.

മയക്കുമരുന്ന് കേസില്‍ പിടിക്കപ്പെട്ടവരും വിമുക്തിയുടെ ഡീ അഡിക്ഷന്‍ കേന്ദ്രങ്ങളിലും കൗണ്‍സിലിംഗ് കേന്ദ്രങ്ങളിലും ചികിത്സയ്ക്കായി എത്തിയവരുമായ 600 പേരിലാണ് പഠനം നടത്തിയത്. എല്ലാവരും 19 വയസില്‍ താഴെയുള്ളവരാണ്. 155 പേര്‍ കുറ്റാരോപിതരാണ്. ഈ സര്‍വേയിലെ കണ്ടെത്തലുകള്‍, സമൂഹത്തിന്റെ മൊത്തം ചിത്രമാകണമെന്നില്ലെന്നും എന്നാല്‍, കൗമാരക്കാരിലെ ലഹരി ഉപയോഗം സംബന്ധിച്ച ചില ദിശാസൂചനകളാണിത് മുന്നോട്ടുവെക്കുന്നുണ്ടെന്ന് എക്‌സൈസ് വകുപ്പ് പറയുന്നു. പുതിയ സാഹചര്യത്തിൽ എല്ലാ കണക്കുകളും കേരളത്തിന്റെ ഉറക്കം കെടുത്തുകയാണ്.

Tags:    
News Summary - Drug mafia makes girls victims

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.