കോന്നി: കോന്നിയിൽ വിദ്യാർഥികളെ കേന്ദ്രീകരിച്ച് കഞ്ചാവ് മാഫിയ പിടിമുറുക്കുന്നു. കോന്നി എക്സൈസ് റേഞ്ച് അധികൃതർ നടത്തിയ പരിശോധനകളിൽ നിരവധി കേസുകൾ കണ്ടെത്തിയത്. ഇരുപതിനും മുപ്പതിനും ഇടയിൽ പ്രായമുള്ള ചെറുപ്പക്കാരാണ് കൂടുതലും ഇടനിലക്കാരായി പ്രവർത്തിക്കുന്നത്.
പത്തനാപുരം പുനലൂർ ഭാഗങ്ങളിൽനിന്നുമാണ് കോന്നിയിലേക്ക് കഞ്ചാവ് എത്തുന്നത്. ആളൊഴിഞ്ഞ പറമ്പുകളും കെട്ടിടവുമൊക്കെയാണ് ഇത്തരക്കാർ താവളമാകുന്നത്. വിദ്യർഥികൾക്കിടയിൽ കഞ്ചാവ് ഉപയോഗം വ്യാപകമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സംഘങ്ങളുടെ പ്രവർത്തനം.
കഞ്ചാവ് ഉപയോഗിക്കുന്ന സംഭവങ്ങളിൽ ആളുകൾ പിടിക്കപ്പെട്ടാൽ ഒരു കിലോയിൽ അധികമുള്ള തൊണ്ടിമുതലിന് മാത്രമേ കേസെടുക്കാൻ നിയമമുള്ളൂ എന്ന വകുപ്പും ഉദ്യോഗസ്ഥരെ വലക്കുന്നുണ്ട്. ഉപയോഗത്തിനിടയിലോ ചെറിയ പൊതികളിലാക്കിയ കഞ്ചാവ് സൂക്ഷിക്കുന്ന സംഭവത്തിലും ഒക്കെയാണ് കൂടുതലും പിടിക്കപ്പെടുക. എന്നാൽ, ഇത്തരത്തിൽ പിടിക്കപ്പെടുന്നവരിൽ പെറ്റി ചാർജ് ചെയ്ത് വിട്ടയക്കുക മാത്രമാണ് ചെയ്യുന്നത്. മുട്ടായിയുടെയും മറ്റ് രൂപത്തിലും ഇത് വിദ്യാർഥികളിൽ എത്തിക്കുന്ന സംഘങ്ങളും കുറവല്ല.
കഞ്ചാവ് ഉപയോഗിച്ചശേഷം നാട്ടിൽ പ്രശ്നങ്ങൾ സൃഷ്ടിച്ച സംഭവത്തിൽ പിടിയിലായവരും അനവധിയാണ്. തണ്ണിത്തോട് പോലെയുള്ള മലയോര മേഖലകളിലെ വനഭാഗങ്ങളിൽ കഞ്ചാവ് ഉപയോഗം വർധിച്ചുവരുന്നുണ്ട്.
കഞ്ചാവുമായി യുവാക്കൾ പിടിയിൽ
കോന്നി: കഞ്ചാവ് കൈവശംസൂക്ഷിച്ച സംഭവത്തിൽ യുവാക്കളെ കോന്നി എക്സൈസ് പിടികൂടി.
പുളിമുക്ക് സ്വദേശികളായ സുനിൽരാജ്, ദീപു സുഭാഷ് എന്നിവരെയും കുമ്മണ്ണൂർ സ്വദേശി ഷൗഫനെയുമാണ് അറസ്റ്റ് ചെയ്തത്. ഇവരിൽനിന്ന് 67 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. പരിശോധനയിൽ കോന്നി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ അരുൺ അശോക്, ഉദ്യോഗസ്ഥരായ ബിനു, സജികുമാർ, രാജേഷ്, രജീഷ്, ഷമീം എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.