ജില്ലയിൽ ലഹരി മാഫിയ പിടിമുറുക്കുന്നു; കഴിഞ്ഞ വർഷം 1,083 മയക്കുമരുന്ന് കേസുകൾ

കൊല്ലം: ശക്തമായ റെയ്ഡുകളും നിരന്തര പരിശോധനകളും തുടരുന്നതിനിടെ, ജില്ലയിൽ ലഹരി മാഫിയയുടെ പ്രവർത്തനം നിയന്ത്രണാതീതമാകുന്നതായി കണക്കുകൾ. ജില്ലയുടെ വിവിധ ഇടങ്ങളിലായി എം.ഡി.എം.എ ഉൾപ്പെടെ ലഹരിവസ്തുക്കൾ കടത്തുന്ന കേസുകളില്‍ പിടിയിലാകുന്നവരുടെ എണ്ണം ദിനംപ്രതി വർധിച്ചുവരികയാണ്. എക്സൈസ് വകുപ്പിന്‍റെ കണക്കുപ്രകാരം 2025 ജനുവരി മുതൽ ഡിസംബർ 31വരെ ജില്ലയിൽ റിപ്പോർട്ട് ചെയ്ത 1083 എൻ.ഡി.പി.എസ് കേസുകളിൽ 1,172 പേർ പ്രതികളായതിൽ 1118 പേരെയാണ് അറസ്റ്റ് ചെയ്തത്.

2024ലെ 676 മയക്കുമരുന്ന് കേസുകളാണ് 2025ൽ ഇരട്ടിയോളം വർധിച്ചത്. കഴിഞ്ഞവർഷം ജില്ലയിൽനിന്ന് 188.495 കിലോ കഞ്ചാവും എക്സൈസ് വകുപ്പ് പിടിച്ചെടുത്ത് നശിപ്പിച്ചു. വിവിധ ഇടങ്ങളിൽനിന്നായി 96 കഞ്ചാവുചെടികൾ കണ്ടെത്തി നശിപ്പിക്കുകയും ചെയ്തു. ഇതോടൊപ്പം 514.670 ഗ്രാം എം.ഡി.എം.എ, 6.4 ഗ്രാം ഹെറോയിൻ, 236.152 ഗ്രാം നൈട്രോസെപാം ഗുളിക, 61.903 ഗ്രാം മെത്താംഫെറ്റാമിൻ, 0.089 ഗ്രാം എൽ.എസ്.ഡി, 49.801 ഗ്രാം ബ്രൗൺ ഷുഗർ, 41.137 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് എന്നിവയും എക്സൈസ് പിടിച്ചെടുത്തു.

ലഹരിവ്യാപനത്തോടൊപ്പം അബ്കാരി കേസുകളും വർധിച്ചു. ജില്ലയിൽ രജിസ്റ്റർ ചെയ്ത 1,621 അബ്കാരി കേസുകളിലായി 1,340 പേരെയാണ് അറസ്റ്റ് ചെയ്തത്. 9,940 കോട്പ കേസുകളിലായി 19.88 ലക്ഷം രൂപ പിഴ ഈടാക്കിയതായും എക്സൈസ് കണക്കുകൾ വ്യക്തമാക്കുന്നു. ലഹരിക്കെതിരായ നടപടികളുടെ ഭാഗമായി എക്സൈസും പൊലീസും സംയുക്തമായി കഴിഞ്ഞവർഷം 11,002 റെയ്ഡുകൾ നടത്തി. 60,578 വാഹനങ്ങൾ പരിശോധിച്ചു.

മറ്റു സംസ്ഥാനങ്ങളിൽനിന്ന് ട്രെയിനുകളിലും സ്വകാര്യ വാഹനങ്ങളിലുമായാണ് എം.ഡി.എം.എയും കഞ്ചാവും ജില്ലയിലേക്ക് എത്തുന്നതായാണ് കണ്ടെത്തൽ. എക്സൈസ് വകുപ്പിന്റെ സർവേ പ്രകാരം കൗമാരക്കാർ കൂടുതലായി ഉപയോഗിക്കുന്ന ലഹരി വസ്തു എം.ഡി.എം.എ ആണെന്ന കണ്ടെത്തൽ ഗുരുതരമായ സാമൂഹിക മുന്നറിയിപ്പാണ്. എക്സൈസിന്റെ നടപടികൾക്കൊപ്പം സിന്തറ്റിക് ഡ്രഗ്സ് കൈവശംവെച്ചതും വിപണനം നടത്തിയതുമായ നിരവധി കേസുകൾ പൊലീസിലും രജിസ്റ്റർ ചെയ്തിട്ടുണ്ട്. 

Tags:    
News Summary - Drug mafia in kollam; 1,083 drug cases last year

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.