ഡിജിറ്റൽ അറസ്റ്റ്: 71കാരന് നഷ്ടമായത് 1.92 കോടി രൂപ; മൂന്ന് പേർ അറസ്റ്റിൽ

ഹൈദരാബാദ്: ഡിജിറ്റൽ അറസ്റ്റിലൂടെ 71കാരന് നഷ്ടമായത്1.92 കോടി രൂപ. ഹൈദരാബാദ് സ്വദേശിക്കാണ് പണം നഷ്ടമായത്. ആധാർ കാർഡ് ദുരുപയോഗം ചെയ്തതിന് തനിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ് നടത്തിയത്. സംഭവത്തിൽ ഹൈദരാബാദ് സൈബർ ക്രൈം പൊലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ഹൈദരാബാദ് സ്വദേശികളായ പാണ്ഡു വിനിത് രാജ്, ജി തിരുപ്പതയ്യ, ഗൗണി വിശ്വനാഥം എന്നിവരാണ് അറസ്റ്റിലായത്.

സി.ബി.ഐ ഉദ്യോഗസ്ഥരെന്ന വ്യാജേനയാണ് തട്ടിപ്പ് നടത്തിയത്. ആധാർ കാർഡ് ദുരുപയോഗം ചെയ്തതിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ആധാർ ഉപയോഗിച്ച് മുംബൈയിലെ കാനറ ബാങ്കിൽ ഒരു അക്കൗണ്ട് തുറന്നിട്ടുണ്ടെന്നും തട്ടിപ്പുകാർ പറഞ്ഞു. ഇത് തെളിയിക്കാനായി കാനറ ബാങ്കിന്റെ എ.ടി.എം കാർഡും ഡൽഹി ക്രൈംബ്രാഞ്ചിന്റെ വ്യാജ എഫ്‌.ഐ.ആറും വിഡിയോ കോൾ വഴി തട്ടിപ്പുകാർ കാണിച്ചു കൊടുത്തു.

പിന്നീട് കേസ് അവസാനിപ്പിക്കാനായി പണം ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് നവംബർ 7 മുതൽ 14 വരെയുള്ള ദിവസങ്ങളിലായി 1,92,50,070 രൂപ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് നിക്ഷേപിച്ചു. താൻ വഞ്ചിക്കപ്പെട്ടുവെന്ന് മനസ്സിലാക്കിയതോടെ പൊലീസിനെ സമീപിക്കുകയായിരുന്നു. രാജ്യത്തുടനീളമുള്ള അഞ്ച് കേസുകളിൽ ഈ പ്രതികൾ ഉൾപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. അതിൽ രണ്ടെണ്ണം തെലങ്കാനയിലാണ്. ഇതിലെ മുഖ്യപ്രതിയായ സനീപ് എന്ന അലക്സ് ഒളിവിലാണ്.

ഡിജിറ്റൽ അറസ്റ്റിന് ഇരയാകരുതെന്ന് പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ത്യൻ നിയമപ്രകാരം ഡിജിറ്റൽ അറസ്റ്റ് എന്നൊരു നിയമപരമായ ആശയം നിലവിലില്ലെന്ന് പൊലീസ് വ്യക്തമാക്കി. പൊലീസ് വിഡിയോ കോളുകൾ വഴി ആരെയും അറസ്റ്റ് ചെയ്യില്ല. യഥാർത്ഥ അറസ്റ്റിൽ വാറണ്ടുമായി ഉദ്യോഗസ്ഥർ സ്ഥലത്തേക്ക് നേരിട്ട് എത്തുമെന്ന് പൊലീസ് അറിയിച്ചു.

ഒ.ടി.പി, പാസ്‌വേഡുകൾ, ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങൾ, ആധാർ അല്ലെങ്കിൽ പാൻ വിവരങ്ങൾ ഫോണിലൂടെയോ വീഡിയോ കോളിലൂടെയോ അജ്ഞാത വ്യക്തികളുമായി പങ്കിടരുതെന്ന് പൊലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്. 

Tags:    
News Summary - Digital arrest: 71-year-old loses Rs 1.92 crore; three arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.