ശിവമുത്തു
പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച പ്രതി അറസ്റ്റിൽ
കരുനാഗപ്പള്ളി: കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷൻ പരിധിയിൽ കുലശേഖരപുരം സുനാമി കോളനിയിൽ ആത്മഹത്യാശ്രമം നടക്കുന്നു എന്ന സന്ദേശം ലഭിച്ചതിനെ തുടർന്ന് സ്ഥലത്ത് എത്തിയ പൊലീസ് ഉദ്യോഗസ്ഥനെ കമ്പിവടി കൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതി അറസ്റ്റിൽ. കുലശേഖരപുരം സുനാമി കോളനിയിൽ കുന്നുംപുറത്ത് വീട്ടിൽ രുദ്രസേനന്റെ മകൻ ശിവമുത്തു(55) ആണ് അറസ്റ്റിലായത്.
ഞായറാഴ്ച ഉച്ചയോടെ കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷൻ പരിധിയിലെ കുലശേഖരപുരം സുനാമി കോളനിയിലെ ഒരു വീട്ടിൽ ഒരാൾ ആത്മഹത്യക്ക് ശ്രമിക്കുന്നുവെന്ന സന്ദേശം ലഭിച്ചതിനെ തുടർന്ന് കൺേട്രാൾ റൂം വാഹനത്തിൽ പൊലീസ് ഉദ്യോഗസ്ഥരായ എസ്.ഐ ഇബ്രാഹിംകുട്ടിയും സി.പി.ഒ മോഹൻലാലും സ്ഥലത്തെത്തി. കാര്യങ്ങൾ അന്വേഷിക്കുന്നതിനിടയിൽ സമീപത്തെ മറ്റൊരു വീട്ടിൽ താമസിക്കുന്ന പ്രതിയായ ശിവമുത്തു കമ്പിവടി ഉപയോഗിച്ച് സി.പി.ഒ മോഹൻലാലിനെ ആക്രമിക്കുകയായിരുന്നു.
ആക്രമണത്തിൽ മോഹൻലാലിന്റെ ഇടതുകൈയ്ക്ക് പൊട്ടലേറ്റു. പൊലീസിന്റെ എമർജൻസി റെസ്പോൺസ് സംവിധാനമായ 112 വഴി സന്ദേശം ലഭിക്കുന്നതിനെ തുടർന്ന് അന്വേഷണത്തിനായി പൊലീസ് ഉദ്യോഗസ്ഥർ സ്ഥിരമായി സുനാമി കോളനി ഭാഗത്ത് എത്തുന്നതിൽ പ്രതിയായ ശിവമുത്തുവിന് എതിർപ്പുണ്ടായിരുന്നു. ഈ വിരോധമാണ് ആക്രമണത്തിലേക്ക് നയിച്ചത്. സംഭവത്തെ തുടർന്ന് കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിൽനിന്ന് ഉദ്യോസ്ഥരെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കരുനാഗപ്പള്ളി എ.സി.പി വിനോദ്കുമാറിന്റെ നിർദേശപ്രകാരം കരുനാഗപ്പള്ളി ഇൻസ്പെക്ടർ ഗോപകുമാറിന്റെ മേൽനോട്ടത്തിലും സ്റ്റേഷൻ ഹൗസ് ഓഫിസർ ആഷിക്കിന്റെ നേതൃത്വത്തിലും എസ്.ഐ മാരായ അജി ജോസ്, ഇബ്രാഹിംകുട്ടി, എ.എസ്.ഐ റിലേഷ് ബാബു, എസ്.സി.പി.ഒ വിശാന്ത് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.