ദലിത് യുവാവ് കസ്റ്റഡിയിൽ മരിച്ചു; വിവേക് നഗർ പൊലീസിനെതിരെ കേസ്

ബംഗളൂരു: ദലിത് യുവാവ് കസ്റ്റഡിയിൽ മരണപ്പെട്ടതിനെത്തുടർന്ന് നഗരത്തിൽ വിവേക് നഗർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടറും കോൺസ്റ്റബിളും ഉൾപ്പെടെ നാലുപേർക്ക് എതിരെ മദനായകനഹള്ളി പൊലീസ് കേസെടുത്തു. സൊന്നെനഹള്ളിയിലെ ദർശൻ എന്ന സിംഗമലൈയാണ് (23) കൊല്ലപ്പെട്ടത്.

യുവാവിന്റെ മാതാവ് ആദിലക്ഷ്മിയുടെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തതെന്നും അന്വേഷണം സി.ഐ.ഡിക്ക് കൈമാറിയതായും ബംഗളൂരു ജില്ല പൊലീസ് സൂപ്രണ്ട് സി.കെ. ബാബ പറഞ്ഞു. പ്രദേശത്തെ ചെറിയ കേസുകളിൽ ഉൾപ്പെട്ട യുവാവിനെ പുനരധിവാസ കേന്ദ്രത്തിലേക്ക് അയക്കുന്നതിന് മുമ്പ് വിവേക് നഗർ പൊലീസ് കസ്റ്റഡിയിൽ സൂക്ഷിച്ചിരുന്നു.

നവംബർ 15 ശനിയാഴ്ച ഒരു ആരാധനാലയ പരിസരത്ത് മാരകായുധം പ്രദർശിപ്പിച്ച് പരിഭ്രാന്തി സൃഷ്ടിച്ചതിനും തടങ്കലിൽ വെച്ചപ്പോൾ പൊലീസുകാരനെ ആക്രമിച്ചതിനും വിവേക് നഗർ പൊലീസ് ഉദ്യോഗസ്ഥർ ദർശനെ അറസ്റ്റ് ചെയ്തുവെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

എന്നാൽ, കുടുംബത്തിന്റെ അഭ്യർഥനപ്രകാരം, പൊലീസ് അയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുന്നത് തടഞ്ഞു. ദർശൻ മയക്കുമരുന്നിന് അടിമയായിരുന്നുവെന്ന് കുടുംബാംഗങ്ങൾ പൊലീസിനോട് പറഞ്ഞതിനെത്തുടർന്ന് ദർശനെ പുനരധിവാസ കേന്ദ്രത്തിൽ പ്രവേശിപ്പിക്കാൻ പൊലീസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. മരിച്ചയാൾക്ക് 11 ദിവസം കേന്ദ്രത്തിൽ ചികിത്സ നൽകി.

വിവേക് നഗർ പൊലീസ് തന്റെ മകനെ മൂന്ന് ദിവസം നിയമവിരുദ്ധമായി കസ്റ്റഡിയിൽ വെച്ചതായും ഈ കാലയളവിൽ അവനെ ആക്രമിച്ചതായും മാതാവ് ആരോപിച്ചു. മകനെ ജയിലിലേക്ക് അയക്കരുതെന്ന ആദിലക്ഷ്മിയുടെ അപേക്ഷ പൊലീസ് അനുസരിക്കുകയും നവംബർ 16ന് ദർശനെ നെലമംഗലക്കടുത്തുള്ള യൂനിറ്റി റീഹാബിലിറ്റേഷൻ സെന്ററിലേക്ക് മാറ്റുകയും ചെയ്തു. താമസിയാതെ ദർശൻ പരിക്കുകൾ കാരണം മരണമടഞ്ഞതായി വിവരം അറിയിച്ചു. മകന്റെ ശരീരത്തിൽ മുറിവുകളുടെ പാടുകൾ കണ്ടെത്തിയതായി ഡോക്ടർമാർ ആദിലക്ഷ്മിയോട് പറഞ്ഞു.

പുനരധിവാസ കേന്ദ്രം സ്ഥിതിചെയ്യുന്ന പരിധിയിലെ മദനായകനഹള്ളി പൊലീസ് ബി.എൻ.എസ് 103(1) - കൊലപാതകം, ബി.എൻ.എസ് 127(3) എസ്.സി/എസ്.ടി (അതിക്രമങ്ങൾ തടയൽ) നിയമം, സെക്ഷൻ 3(2)(v) എന്നിവ പ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിവേക് നഗർ ഇൻസ്പെക്ടർ, പൊലീസ് കോൺസ്റ്റബ്ൾ, മറ്റു രണ്ടുപേർ എന്നിവരുടെ പേരുകളാണ് എഫ്.ഐ.ആറിൽ ഉള്ളത്. കൂടുതൽ അന്വേഷണത്തിനായി കർണാടക ഡി.ജിയും ഐ.ജി.പിയും കേസ് സി.ഐ.ഡിക്ക് കൈമാറി.

Tags:    
News Summary - Dalit youth dies in custody; case registered against Vivek Nagar police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.