മോഷണത്തിനെത്തുന്നത് വിമാനത്തിൽ; കേരളത്തിലെത്തി കവർച്ച നടത്തുന്ന അന്തർസംസ്ഥാന മോഷണസംഘം പിടിയിൽ
കൊച്ചി: കേരളത്തിലെത്തി കവർച്ച നടത്തുന്ന വൻ അന്തർസംസ്ഥാന മോഷണസംഘം പിടിയിൽ. ഉത്തർപ്രദേശിലെ മീററ്റിൽനിന്നുള്ള 11 പേരെയാണ് തൃശൂർ, കണ്ണൂർ, എറണാകുളം എന്നീ ജില്ലകളിൽനിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. മോഷണത്തിനായി പ്രതികൾ വിമാനത്തിലാണ് കേരളത്തിലെത്തിയിരുന്നത്. ഇതോടൊപ്പം കേരളത്തിൽ സഞ്ചരിക്കാനുള്ള പ്രതികളുടെ ബൈക്കുകൾ ട്രെയിൻ വഴിയാണ് എത്തിച്ചിരുന്നത്. ബിഎസ്എൻഎല്ലിന്റെ ഔട്ട്ഡോർ ജംഗ്ഷൻ ബോക്സുകളിലുള്ള ചെമ്പ് കേബിളുകളും പൂട്ടിയിട്ട വാണിജ്യസ്ഥാപനങ്ങളുമാണ് സംഘം പ്രധാനമായും ലക്ഷ്യം വച്ചിരുന്നത്.
തൃശൂരിൽ കെഎസ്ഇബി ജീവനക്കാരുടെ വേഷത്തിൽ മോഷണം നടത്താൻ ശ്രമിക്കുന്നതിനിടെയാണ് സംഘത്തിലൊരാൾ പിടിയിലായത്. ഇയാളെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് സംഘത്തിലുൾപ്പെട്ട മറ്റ് പ്രതികളെക്കുറിച്ച് വിവരം ലഭിച്ചത്. പിന്നാലെ കളമശ്ശേരിയിലെ ഒരു ലോഡ്ജിൽ നടത്തിയ റെയ്ഡിൽ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതിനു പുറമേ കണ്ണൂരിൽനിന്ന് രാത്രി പെട്രോളിങ്ങിനിടെയാണ് മറ്റ് പ്രതികളെ പിടികൂടിയത്. ഇവരിൽനിന്ന് 90,000 രൂപയും സ്മാർട്ട്ഫോണുമടക്കം പിടിച്ചെടുത്തിട്ടുണ്ട്. കവർച്ചയ്ക്കുശേഷം ഇരുചക്രവാഹനങ്ങൾ ട്രെയിൻ വഴി തിരികെ അയച്ച ശേഷം വിമാനത്തിൽത്തന്നെ പ്രതികൾ മടങ്ങിപ്പോകുമായിരുന്നു. ഇവരുടെ പക്കൽനിന്ന് വിമാനടിക്കറ്റുകളും സ്കൂട്ടറും പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.