നാലുമിനിറ്റിനിടെ 52 തവണ ​'സോറി' പറഞ്ഞിട്ടും പ്രിൻസിപ്പൽ അവഗണിച്ചു; എട്ടാംക്ലാസ് വിദ്യാർഥി സ്കൂൾ കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കാൻ ശ്രമിച്ചു

ഭോപാൽ: ദേശീയതല സ്കാറ്റിങ് പ്ലെയറായ എട്ടാംക്ലാസ് വിദ്യാർഥി ജീവനൊടുക്കാൻ ശ്രമിച്ചു. മധ്യപ്രദേശിലെ രത്‌ലാമിലെ ഡോംഗ്രെ നഗറിലെ സ്വകാര്യ സ്കൂൾ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടിയാണ് വിദ്യാർഥി ജീവനൊടുക്കാൻ ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിയെ ഉടൻതന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചു. ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നാണ് വിവരം.

കുട്ടി വ്യാഴാഴ്ച സ്കൂളിലേക്ക് മൊബൈൽ ഫോൺ കൊണ്ടുവന്നിരുന്നതായി സ്കൂൾ അധികൃതർ പറഞ്ഞു. ക്ലാസ് മുറിയിലെ വിഡിയോ മൊബൈലിൽ പകർത്തുകയും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. വിഡിയോ ശ്രദ്ധയിൽ പെട്ട സ്കൂൾ അധികൃതർ കുട്ടിയുടെ രക്ഷിതാക്കളെ വിളിപ്പിച്ചു. സ്കൂളിലെ നിയമങ്ങൾക്ക് വിരുദ്ധമാണിതെന്നും താക്കീത് നൽകി.

തുടർന്ന് തന്റെ തെറ്റിന് മാപ്പുപറയാനായി 13 വയസുള്ള വിദ്യാർഥി പ്രിൻസിപ്പലിന്റെ മുറിയിലെത്തി. നാലുമിനിറ്റോളം കുട്ടി പ്രിൻസിപ്പലിന്റെ മുറിയിൽ ചെലവഴിച്ചുവെന്നാണ് സി.സി.ടി.വി ദൃശ്യങ്ങളിൽ കാണുന്നത്. 52 തവണ മാപ്പു പറഞ്ഞിട്ടും പ്രിൻസിപ്പൽ അവഗണിച്ചു. അവന്റെ കരിയർ അവസാനിപ്പിക്കുമെന്നും സ്കൂളിൽ നിന്ന് സസ്​പെൻഡ് ചെയ്യുമെന്നും മെഡലുകൾ കൊണ്ടുപോകുമെന്നും പ്രിൻസിപ്പൽ ഭീഷണിപ്പെടുത്തിയതായും കുട്ടി ആരോപിച്ചു. സ്കേറ്റിങ്ങിൽ ദേശീയതലത്തിൽ നിരവധി മെഡലുകൾ നേടിയിട്ടുണ്ട് കുട്ടി. പ്രിൻസിപ്പലിന്റെ ഭീഷണിയിൽ കുട്ടി തകർന്നുപോയി. തുടർന്ന് പ്രിൻസിപ്പലിന്റെ ഓഫിസിൽ നിന്ന് പുറത്തുകടന്നയുടനെ കെട്ടിടത്തിന്റെ മൂന്നാംനിലയിൽ നിന്ന് ചാടുകയായിരുന്നു. ആ സമയം കുട്ടിയുടെ പിതാവ് സ്കൂളിൽ കാത്തിരിക്കുന്നുണ്ടായിരുന്നു. ഏതാനും മീറ്ററുകൾക്കപ്പുറം നടന്ന കാര്യങ്ങളൊന്നും അദ്ദേഹം അറിഞ്ഞില്ല.

''ഞാൻ മകനെ കാണാനാണ് സ്കൂളിലെത്തിയത്. അപ്പോഴാണ് അവൻ കെട്ടിടത്തിൽ നിന്ന് താഴേക്ക് വീണ സംഭവം അറിയുന്നത്. രണ്ടുതവണ സ്കേറ്റിങ്ങിൽ ദേശീയതലത്തിൽ മെഡലുകൾ നേടിയിട്ടുണ്ട് അവൻ. ആദ്യം സ്കൂളിലേക്ക് ചെല്ലണമെന്നാവശ്യപ്പെട്ട് എനിക്ക് ഒരു കാൾ വന്നു. തൊട്ടുപിന്നാലെ എന്നോട് അടുത്തുള്ള ആശുപ​ത്രിയിലെത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു​''-കുട്ടിയുടെ പിതാവ് പ്രീതം കട്ടാര പറയുന്നു.

കുട്ടി സ്കൂളി​ലേക്ക് മൊബൈൽ ഫോൺ കൊണ്ടുവന്നതാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം തുടങ്ങിയിട്ടുണ്ട്. സ്കൂളിൽ അധ്യാപകർക്ക് പോലും മൊബൈൽ ഉപയോഗിക്കാൻ അനുവാദമില്ല. കുട്ടിക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്നതിന് മുമ്പായി രക്ഷിതാവിനെ വിളിപ്പിക്കുകയായിരുന്നുവെന്നാണ് സ്കൂൾ അധികൃതർ പറയുന്നത്.  

Tags:    
News Summary - Class 8 Boy Jumps From School Building

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.