ചേരാനല്ലൂരിൽ കാറിടിച്ച് മരിച്ച സ്കൂട്ടർ യാത്രികൻ ജയബാലകൃഷ്ണന്റെ മകൾ ഭദ്ര കീർത്തിയും മകൻ ഭരത് ശങ്കറും ചേരാനല്ലൂർ പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിക്കുന്നതിനിടെ തളർന്ന് മയങ്ങിയപ്പോൾ
ജഡ്ജിക്കെതിരെ കേസെടുത്ത് പൊലീസ്, റിപ്പോർട്ട് തേടി ഹൈകോടതി; ചേരാനല്ലൂർ അപകടത്തിൽ നിർണായക ഇടപെടൽ
കൊച്ചി: ചേരാനല്ലൂരിൽ കാറിടിച്ച് തട്ടുകട ഉടമ മരിച്ച സംഭവത്തിൽ പ്രതിയായ 17 കാരന്റെ പിതാവ് അഡീഷനൽ ജില്ല ജഡ്ജിക്കെതിരെ പൊലീസ് കേസെടുത്തു. ഇരിങ്ങാലക്കുട മോട്ടർ ആക്സിഡന്റ് ക്ലെയിംസ് ട്രിബ്യൂണൽ ചുമതലയുള്ള അഡീഷനൽ ജില്ല ജഡ്ജിക്കെതിരെയാണ് കേസെടുത്തത്.
സംഭവത്തെക്കുറിച്ച് ഹൈകോടതി റിപ്പോർട്ട് തേടി. കുടുംബത്തിന്റെ കടുത്ത പ്രതിഷേധത്തിനൊടുവിലാണ് പ്രതിയുടെ പിതാവിനെതിരെ കേസെടുത്തത്. മൂന്ന് വർഷം വരെ തടവും 25,000 രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയത്.
ആദ്യം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ച 17 കാരനെ, കുടുംബം പൊലീസ് സ്റ്റേഷനിൽ പ്രതിഷേധവുമായി എത്തിയതിനെ തുടർന്ന് രാത്രിയിൽ വീണ്ടും കസ്റ്റഡിയിലെടുത്ത് ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കി. പിന്നീട് ബോർഡ് വീണ്ടും ജാമ്യം അനുവദിച്ചു.
അതേസമയം, തങ്ങൾക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് മരിച്ച ജയബാലകൃഷ്ണന്റെ മക്കളും ബന്ധുക്കളും തിങ്കളാഴ്ചയും ചേരാനല്ലൂർ പൊലീസ് സ്റ്റേഷനിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പ്രതി മണിക്കൂറിൽ 100 കിലോമീറ്ററിനു മുകളിൽ വേഗതയിലാണ് വാഹനമോടിച്ചിരുന്നതെന്ന് കൊച്ചി സിറ്റി പൊലീസ് കമീഷണർ കാളിരാജ് മഹേഷ് വ്യക്തമാക്കി.
കേസ് ജില്ല ക്രൈംബ്രാഞ്ചിനു വിടാനും തീരുമാനിച്ചു. പ്രതിയുടെ ജാമ്യം റദ്ദാക്കാൻ പൊലീസ് ജില്ല കോടതിയെ സമീപിച്ചേക്കും. കേസിൽ പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നും ആദ്യം ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിലാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതെന്നും കമീഷണർ വ്യക്തമാക്കി.
പിന്നീടാണ് അമിത വേഗതയിലാണ് കാർ സഞ്ചരിച്ചതെന്നതിനു തെളിവു ലഭിച്ചത്. ഇതോടെ അമിത വേഗത്തിനും കുറ്റകരമായ നരഹത്യ വകുപ്പുകൾ കൂടി ചേർക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ചേരാനല്ലൂർ അപകടത്തിൽ നരഹത്യാക്കുറ്റം ആദ്യം തന്നെ ചുമത്താതിരുന്നത് പൊലീസിന്റെ വീഴ്ചയാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിയമസഭയിൽ പറഞ്ഞു. ശൂന്യവേളയിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വിഷയം ഉന്നയിച്ചപ്പോഴായിരുന്നു മറുപടി. അടിയന്തരമായി ഡി.ജി.പിയോട് സംസാരിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ആവശ്യപ്പെട്ടെന്നും ചെന്നിത്തല വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.