ചേരാനല്ലൂർ അപകടം: അന്വേഷണം ക്രൈംബ്രാഞ്ചിന്; 17 കാരന്റെ ജാമ്യം റദ്ദാക്കും, പൊലീസിന്റെ വീഴ്ച അന്വേഷിക്കും
കൊച്ചി: ചേരാനല്ലൂരിൽ പ്രായപൂർത്തിയാകാത്തയാൾ ഓടിച്ച ആഡംബര കാറിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ച കേസിൽ അന്വേഷണം ജില്ല ക്രൈംബ്രാഞ്ചിന് കൈമാറുമെന്ന് കൊച്ചി സിറ്റി പൊലീസ് കമീഷണർ കാളിരാജ് മഹേഷ് കുമാർ. സംഭവത്തിൽ പിതാവ് അഡീഷണൽ ജില്ലാ ജഡ്ജി റെനോ ഫ്രാൻസിസ് സേവ്യറിനെതിരെ കേസെടുത്തിരുന്നു.
ലൈസൻസില്ലാതെ അമിതവേഗതയിൽ ആഡംബര കാർ ഓടിച്ച 17 കാരന്റെ ജാമ്യം റദ്ദാക്കാൻ നടപടി സ്വീകരിക്കുമെന്നും സിറ്റി പൊലീസ് കമീഷണർ അറിയിച്ചു. പൊലീസിന്റെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചുവോ എന്ന കാര്യം പരിശോധിക്കാൻ ആഭ്യന്തര അന്വേഷണം നടത്തും. അപകടം വരുത്തിയ കാറിന്റെ വേഗത 100 കി.മീറ്ററിന് മുകളിലായിരുന്നു. പ്രതിയുടെ മാതാപിതാക്കൾക്ക് ഉത്തരവാദിത്വത്തിൽനിന്ന് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
അപകടമുണ്ടാക്കിയ ബെൻസ് കാർ പിതാവ് അഡീഷണൽ ജില്ലാ ജഡ്ജി റെനോ ഫ്രാൻസിസ് സേവ്യറിനെതിരെ പേരിലാണ് രജിസ്റ്റർ ചെയ്തിരുന്നത്. ഇതേതുടർന്നാണ് വാഹന ഉടമയെന്ന നിലയിൽ മോട്ടോർ വാഹന നിയമപ്രകാരം ഇയാൾക്കെതിരെ കേസെടുത്തത്. ഇന്നലെ പുലർച്ചെ കൊച്ചി ചേരാനല്ലൂർ കണ്ടെയ്നർ റോഡിലാണ് ദാരുണാപകടമുണ്ടായത്. ജഡ്ജിയുടെ 17 വയസ്സുകാരനായ മകൻ ഓടിച്ച ബെൻസ് കാർ സ്കൂട്ടറിന് പിന്നിലിടിച്ച് ചിറ്റൂർ സ്വദേശിയായ ജയബാലകൃഷ്ണനാണ് മരിച്ചത്. തട്ടുകട നടത്തി ഉപജീവനം നടത്തിയിരുന്ന ജയബാലകൃഷ്ണൻ കടയടച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം.
മാതാപിതാക്കൾ അറിയാതെയാണ് ഫ്ലാറ്റിൽനിന്ന് കാർ എടുത്തതെന്നാണ് പതിനേഴുകാരൻ പൊലീസിന് നൽകിയ മൊഴി. എന്നാൽ, ലൈസൻസില്ലാത്ത പ്രായപൂർത്തിയാകാത്തയാൾ വാഹനം ഓടിച്ച സംഭവത്തിൽ വാഹന ഉടമക്കും ഉത്തരവാദിത്തമുണ്ട്.
അപകടത്തിന് പിന്നാലെ കസ്റ്റഡിയിലെടുത്ത പതിനേഴുകാരനെ ആദ്യം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചത് വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു. മരിച്ച ജയബാലകൃഷ്ണന്റെ കുടുംബാംഗങ്ങൾ പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചതോടെ മനഃപൂർവമല്ലാത്ത നരഹത്യക്കുറ്റം ഉൾപ്പെടെ ചുമത്തി വീണ്ടും കസ്റ്റഡിയിലെടുത്തു. എന്നാൽ, രാത്രി 12 മണിയോടെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കിയ പതിനേഴുകാരന് ജാമ്യം അനുവദിച്ചു.
അപകടത്തിൽ ഉത്തരവാദികളായ എല്ലാവർക്കുമെതിരെ നടപടി സ്വീകരിക്കണമെന്നും നീതി ലഭിക്കുന്നതുവരെ നിയമപോരാട്ടം തുടരുമെന്നും ജയബാലകൃഷ്ണന്റെ കുടുംബം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.