പറവൂർ: ചേന്ദമംഗലം കൂട്ടക്കൊലയിൽ അന്വേഷണ സംഘം പ്രതിയുമായി തെളിവെടുപ്പ് നടത്തി. കുടുംബത്തിലെ മൂന്നു പേർ അയൽവാസിയുടെ അടിയേറ്റ് മരിക്കുകയും ഒരാൾ ഗുരുതരാവസ്ഥയിലുമായ സംഭവത്തിലാണ് പ്രതി റിതു ജയനുമായി ഇന്ന് രാവിലെ തെളിവെടുപ്പ് നടത്തിയത്. നാട്ടുകാരുടെ ഭാഗത്ത് നിന്നും വലിയ തോതിലുള്ള പ്രതിഷേധം ഉണ്ടാകുമെന്ന് കരുതിയാണ് അതിരാവിലെ തന്നെ തെളിവെടുപ്പ് നടത്തിയത്. കൂട്ടക്കൊലയിൽ പശ്ചാത്താപമില്ലെന്നാണ് പ്രതി റിതു ജയൻ പറയുന്നത്. നിലവിൽ ഗുരുതരാവസ്ഥയിൽ കഴിയുന്ന ജിതിൻ ബോസ് മരിക്കാത്തതിൽ പ്രയാസമുണ്ടെന്ന് പ്രതി പറയുന്നത്. തെളിവെടുപ്പ് സമയത്ത് സ്വന്തം വീട്ടിലും കൂട്ടക്കൊല നടന്ന സ്ഥലത്തും യാതൊരു കൂസലുമില്ലാതെയാണ് പ്രതി ഇടപഴകിയത്.
മരിച്ചവരുടെ കുടുംബവും അയൽവാസികളും പലവട്ടം പ്രതി റിതു ജയനെതിരെ പരാതിപ്പെട്ടിട്ടും നടപടി സ്വീകരിക്കാത്തതാണ് പൊലീസ് തയാറാവാത്തതാണ് ഈ വലിയ ദുരന്തം ക്ഷണിച്ചുവരുത്തിയതെന്നാണ് നാട്ടുകാർ പറയുന്നത്. വേണുവിന്റെ കുടുംബം ഒരു മാസം മുമ്പ് നൽകിയ പരാതിയിൽ റിതു ജയൻ ഹാജരായില്ല. പകരം അമ്മയാണ് സ്റ്റേഷനിലെത്തിയത്. അയൽവാസിയായ മറ്റൊരു യുവതി നൽകിയ പരാതിയിലും ഇയാളെ വിളിച്ചുവരുത്താൻ പൊലീസ് തുനിഞ്ഞില്ല. വീട്ടിൽ സി.സി.ടി.വി സ്ഥാപിക്കാനാണ് പരാതിക്കാരെ പൊലീസ് ഉപദേശിച്ചത്. ഗുരുതര കൃത്യവിലോപം പൊലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായതായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
ലഹരിക്ക് അടിപ്പെട്ട് നാട്ടുകാരെ, പ്രത്യേകിച്ച് സ്ത്രീകളെ ഭയപ്പെടുത്തിയും അപവാദങ്ങൾ പറഞ്ഞുപരത്തിയും നാട്ടിൽ വിലസുകയായിരുന്നു. ബംഗളൂരുവിൽ നിന്ന് കൊലക്കുള്ള തയാറെടുപ്പോടെയാണ് ഇയാൾ എത്തിയത്. 48 മണിക്കൂറിനകം അത് നടപ്പാക്കുകയും ചെയ്തു.
കടുത്ത പക വിനീഷയോട്
അയൽവാസി ജിതിൻ ബോസിന്റെ ഭാര്യ വിനീഷയോടുള്ള കടുത്ത പക തീർക്കാനാണ് വീട്ടിൽ അതിക്രമിച്ച് കടന്ന് ആക്രമിച്ചതെന്ന് ചേന്ദമംഗലം കൂട്ടക്കൊലപാതകക്കേസിലെ പ്രതി റിതു ജയൻ. വിനീഷയെ ആക്രമിക്കുന്നത് തടഞ്ഞപ്പോഴാണ് ഭർത്താവ് ജിതിനെയും അച്ഛനെയും അമ്മയേയും ഇരുമ്പ് വടി കൊണ്ട് അടിച്ചുവീഴ്ത്തിയത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ വെള്ളിയാഴ്ച നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് റിതു ജയൻ ഇക്കാര്യം വെളിപ്പെടുത്തിയത്.
വിനീഷയെ ഇയാൾ ശല്യം ചെയ്തത് പലപ്രാവശ്യം പ്രശ്നങ്ങൾക്കിടയാക്കി. ഇക്കാര്യത്തിൽ മുൻവൈരാഗ്യമുള്ളപ്പോൾ തന്നെ ഈയിടെ വിനീഷ പൊലീസിൽ പരാതി നൽകിയതും പ്രതിയെ കൂടുതൽ പ്രകോപിപ്പിച്ചു. തുടർന്നാണ് വകവരുത്താനുള്ള തീരുമാനത്തിൽ എത്തിയത്. സ്ഥിരമായി ലഹരി ഉപയോഗിക്കാറുണ്ടെങ്കിലും സംഭവ ദിവസം ഉപയോഗിച്ചിരുന്നില്ലെന്ന് ഇയാൾ പൊലീസിന് മൊഴി നൽകി. ഇതോടെ ആസൂത്രിതമായാണ് ഇയാൾ ജിതിന്റെ വീട്ടിൽ ആയുധങ്ങളുമായി എത്തിയതെന്ന് വ്യക്തമായി. ആക്രമണത്തിൽ തലക്ക് ഗുരുതര പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ജിതിൻ ബോസിന്റെ നില മെച്ചപ്പെട്ടുവരികയാണ്. തലക്കാണ് മാരക പരിക്കേറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.