ശ്രീകുമാരി, അശ്വതി, കാർണിവൻ, കീർത്തിവൻ, അക്ഷിത
കൊച്ചി/നേമം: വടുതലയിലെ വാടകവീട്ടിൽ തിരുവനന്തപുരം സ്വദേശികളായ അമ്മയും മകളും ഇവരുടെ മൂന്നു മക്കളുമുൾപ്പെടെ അഞ്ചുപേരെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. തിരുവനന്തപുരം വിളപ്പിൽശാല കാരോട് കാവുവിള കനകവിഹാർ ഹൗസ് നമ്പർ 9/1189ൽ പരേതനായ ജി. സുരേന്ദ്രൻ നായരുടെ ഭാര്യ വൈ. ശ്രീകുമാരി (59), മകൾ പൂവച്ചൽ പൂജാനിലയത്തിൽ അക്ഷതിന്റെ ഭാര്യ അശ്വതി എസ്. നായർ (39), അശ്വതിയുടെ മക്കളായ കാർണിവൻ (14), കീർത്തിവൻ (നാല്), അക്ഷിത (രണ്ട്) എന്നിവരാണ് മരിച്ചത്.
ശ്രീകുമാരിയും അശ്വതിയും ഹാളിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു. മക്കൾ മൂന്നുപേരെയും രണ്ടു മുറികളിലെ കിടക്കയിൽ മരിച്ച നിലയിലാണ് കണ്ടെത്തിയത്. മക്കൾക്ക് ജ്യൂസിൽ വിഷം നൽകിയശേഷം ഇരുവരും ജീവനൊടുക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മൃതദേഹങ്ങൾക്ക് രണ്ടുദിവസത്തെ പഴക്കമുണ്ട്.
വടുതല കർഷക റോഡ് ഗ്രീൻ ഗാർഡൻ സ്ട്രീറ്റ് വൺ ബിയിലെ വില്ലയിലാണ് ഇവർ കഴിഞ്ഞ രണ്ടുമാസമായി വാടകക്ക് താമസിച്ചിരുന്നത്. അശ്വതിയുടെ മകന്റെ ചികിത്സാർഥമാണ് കൊച്ചിയിൽ എത്തിയത്.
അശ്വതിയുടെ ഭർത്താവ് അശ്വത് കഴിഞ്ഞ വർഷം ജൂലൈയിൽ ആത്മഹത്യ ചെയ്തിരുന്നു. ഇതേതുടർന്നുണ്ടായ ഒറ്റപ്പെടലും നാട്ടിലെ അയൽക്കാരുമായുള്ള പ്രശ്നവുമാണ് മരണത്തിലേക്ക് നയിച്ചതെന്ന് ആത്മഹത്യ കുറിപ്പിൽ പറയുന്നു. അശ്വതിയും ഭർത്താവും ഒരുവർഷമായി പിരിഞ്ഞു ജീവിക്കുകയായിരുന്നു. അക്ഷത്തിന്റെ മരണശേഷം അശ്വതിയും അമ്മായിയമ്മ ഉഷയും തമ്മില്‍ വസ്തുവകകളെച്ചൊല്ലി തര്‍ക്കങ്ങള്‍ നിലനിന്നതായും വിവരമുണ്ട്.
ശനിയാഴ്ച രാവിലെ ഇവർ താമസിച്ചിരുന്ന വീടിനോട് ചേർന്നുള്ള വീട്ടുടമയുടെ സഹോദരന്റെ മകൻ വീട്ടിലെത്തി കോളിങ് ബെൽ അടിച്ചിട്ടും തുറക്കാത്തതിനെ തുടർന്ന് സഹോദരനെ കൂട്ടിയെത്തി ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് തുറന്നപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. ഉടൻ ഡിവിഷൻ കൗൺസിലറെയും പൊലീസിനെയും അറിയിച്ചു. പൊലീസും വിരലടയാള വിദഗ്ധരുമെത്തി പരിശോധിച്ചപ്പോഴാണ് ആത്മഹത്യ കുറിപ്പുൾപ്പെടെ കണ്ടെത്തിയത്.
വിളപ്പിൽശാലയിലുള്ള ബന്ധുക്കൾ എറണാകുളത്തെത്തി. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൂന്നോടെ മൃതദേഹങ്ങൾ കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം ഞായറാഴ്ച നടക്കും. തുടർന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.