കാജലും അരുണും
ഗുരുഗ്രാം: പ്രണയിച്ച് വിവാഹിതരായവരാണെന്നതും സഹപ്രവർത്തകരാണെന്നതും മറന്ന്, സ്ത്രീധനത്തിന്റെ പേരിൽ നഴ്സായ ഭാര്യയെ ഡോക്ടർ വിഷം കുത്തിവെച്ച് കൊലപ്പെടുത്തി. ഗുരുഗ്രാമിലെ നഴ്സിങ് ഹോമിൽ റേഡിയോളജിസ്റ്റായ അരുൺ ശർമയാണ് ഭാര്യ കാജലിനെ ക്രൂരമായി കൊലപ്പെടുത്തിയത്. വിവാഹം കഴിഞ്ഞ് വെറും നാല് മാസത്തിനുള്ളിലാണ് ഈ ദാരുണ സംഭവം നടന്നത്.
ഒരേ നഴ്സിങ് ഹോമിൽ ജോലി ചെയ്തിരുന്ന അരുണും കാജലും ഏറെക്കാലത്തെ പ്രണയത്തിനൊടുവിൽ കഴിഞ്ഞ നവംബറിലാണ് വിവാഹിതരായത്. എന്നാൽ, വിവാഹത്തിന് പിന്നാലെ സ്ത്രീധനം ആവശ്യപ്പെട്ട് അരുൺ കാജലിനെ നിരന്തരം മർദിക്കുമായിരുന്നെന്ന് ബന്ധുക്കൾ പറയുന്നു. ലഹരിക്ക് അടിമയായ ഇയാൾ നിസ്സാര കാര്യങ്ങൾക്കായി കാജലുമായി വഴക്കിടുന്നത് പതിവായിരുന്നു.
ഹോളി ആഘോഷങ്ങൾക്കായി കാജലിന്റെ വീട്ടിലെത്തിയതായിരുന്നു ഇരുവരും. മാർച്ച് 17ന് മദ്യലഹരിയിലെത്തിയ അരുൺ കാജലിനെ ക്രൂരമായി മർദിച്ചു. തൊട്ടടുത്ത ദിവസം രാവിലെ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് കാജലിനെ താഴത്തെ നിലയിലേക്ക് വിളിച്ചുകൊണ്ടുപോയി. മിനിറ്റുകൾക്കുള്ളിൽ മൂക്കിലൂടെ ചോരയൊലിച്ച് അബോധാവസ്ഥയിൽ കാജലിനെ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ശുചിമുറിയിൽനിന്ന് സിറിഞ്ച് കണ്ടെടുത്തതോടെയാണ് അരുൺ ഭാര്യക്ക് വിഷം കുത്തിവെച്ചതാണെന്ന് ബന്ധുക്കൾ സംശയിച്ചത്. പൊലീസ് ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. റെയിൽവേ സ്റ്റേഷനിൽനിന്ന് പിടികൂടിയ പ്രതിയെ മൂന്നു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നാലുടൻ ഏത് തരം വിഷമാണ് കുത്തിവെച്ചതെന്ന കാര്യത്തിൽ വ്യക്തത വരുമെന്ന് സെക്ടർ 10 എസ്.എച്ച്.ഒ കുൽദീപ് സിങ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.