ബംഗളൂരു: എം.ജി റോഡിൽ അപകടകരമായ രീതിയിൽ അഭ്യാസപ്രകടനം നടത്തിയതിനെത്തുടർന്ന് ആഡംബര കാറായ ലംബോർഗിനി കസ്റ്റഡിയിലെടുത്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ കബ്ബൺ പാർക്ക് ട്രാഫിക് പൊലീസ് വാഹന ഉടമക്കെതിരെ കേസെടുത്ത് കാർ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ശനിയാഴ്ച പുലർച്ച അനിൽ കുംബ്ലെ സർക്കിളിലായിരുന്നു സംഭവം. KA05 NR 0009 എന്ന രജിസ്ട്രേഷൻ നമ്പറിലുള്ള കാറാണ് അപകടകരമായ രീതിയിൽ അഭ്യാസപ്രകടനം നടത്തിയത്. മറ്റു വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും ഭീഷണിയാകുന്ന രീതിയിലായിരുന്നു കാറിന്റെ പാച്ചിൽ. സമീപത്തുണ്ടായിരുന്നവർ ഇത് മൊബൈലിൽ പകർത്തി സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെയാണ് പൊലീസ് നടപടി കടുപ്പിച്ചത്.
11 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള വിഡിയോയിൽ, ജംഗ്ഷനിൽ വെച്ച് കാർ വട്ടം കറക്കുന്നതും ചുറ്റുമുള്ളവർ ആർപ്പുവിളിക്കുന്നതും കാണാം. അഭ്യാസത്തിന് ശേഷം കാർ അതിവേഗത്തിൽ അവിടെ നിന്നും ഓടിച്ചുപോവുകയായിരുന്നു. പൊതുജന സുരക്ഷക്ക് ഭീഷണിയുണ്ടാക്കിയതിന് ഭാരതീയ ന്യായ സംഹിത (ബി.എൻ.എസ്), മോട്ടോർ വാഹന നിയമം എന്നിവ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. വാഹന ഉടമയെ തിരിച്ചറിഞ്ഞതായും ഡ്രൈവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.