ചാലക്കുടി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സി.യു. ഹാരിഷ്

ബാറുടമകളിൽനിന്ന് മാസപ്പടി വാങ്ങി മടങ്ങവേ വാഹനം വിജിലൻസ് തടഞ്ഞു, പണം പുറത്തേക്കെറിഞ്ഞു; ചാലക്കുടി എക്സൈസ് ഇൻസ്പെക്ടർ പിടിയിൽ

ചാലക്കുടി: വിജിലൻസ് മിന്നൽ പരിശോധനയിൽ കൈക്കൂലിപ്പണവുമായി ചാലക്കുടി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സി.യു. ഹാരിഷ് പിടിയിൽ.

റേഞ്ച് ഇൻസ്പെക്ടർ ബാറുടമകളിൽനിന്ന് മാസപ്പടി വാങ്ങി വീട്ടിലേക്ക് പോകുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഇദ്ദേഹം സഞ്ചരിച്ചിരുന്ന വാഹനം പാലിയേക്കര ടോൾ പ്ലാസക്ക് സമീപത്തുവച്ച് വിജിലൻസ് മിന്നൽപരിശോധനാസംഘം തടഞ്ഞുനിർത്തി. ഈ സമയം ഹാരിഷ് വാഹനത്തിൽ സൂക്ഷിച്ചിരുന്ന കണക്കിൽപ്പെടാത്ത കൈക്കൂലിപ്പണമായ 32,500 രൂപ കാറിന് പുറത്തേക്ക് വലിച്ചെറിയുകയായിരുന്നു. ഇത് വിജിലൻസ് സംഘം പിടിച്ചെടുത്തു.

ചാലക്കുടി എക്സൈസ് റേഞ്ച് ഓഫിസിലെ റേഞ്ച് ഇൻസ്പെക്ടർ ഹാരിഷ് ബാർ ഉടമകളിൽനിന്നും കള്ളുഷാപ്പ് കോൺട്രാക്ടർമാരിൽനിന്നും മാസപ്പടിയായി കൈക്കൂലി പണം കൈപ്പറ്റാറുണ്ടെന്ന് വിജിലൻസിന് രഹസ്യവിവരം ലഭിച്ചിരുന്നു. റേഞ്ച് ഇൻസ്പെക്ടർ താൽക്കാലികമായി താമസിക്കുന്ന ഫ്ലാറ്റിൽനിന്ന് തൃശൂർ എരവിമംഗലത്തുള്ള വീട്ടിലേക്ക് കാറിൽ പോകുന്ന ദിവസങ്ങളിൽ വഴിയിൽ വച്ചാണ് കൈക്കൂലി വാങ്ങാറുള്ളത്. ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ഒരു മാസമായി ഈ ഉദ്യോഗസ്ഥനെ നിരന്തരം നിരീക്ഷിച്ചുവരുകയായിരുന്നു.

പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെ ടോൾഫ്രീ നമ്പറുകളായ 1064, 8592900900 എന്നിവയിലോ 9447789100 വാട്സ്ആപ് നമ്പറിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം അറിയിച്ചു.

Tags:    
News Summary - Chalakudy excise inspector caught with bribe money

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.