ബൈ​ജു

കാനഡയിൽ ജോലി വാഗ്ദാനം നൽകി തട്ടിപ്പ്; അരക്കോടിയിലേറെ രൂപയും പാസ്പോർട്ടുകളും തട്ടിയയാൾ അറസ്റ്റിൽ

വട്ടിയൂർക്കാവ്: വിദേശത്ത് ജോലി വാഗ്ദാനം നൽകി യുവാക്കളിൽനിന്ന് അരക്കോടിയിലേറെ രൂപയും പാസ്പോർട്ടുകളും തട്ടിയയാൾ അറസ്റ്റിൽ. പേരൂർക്കട ഹാർവിപുരം കോളനി രണ്ടാം സ്ട്രീറ്റിൽ ഗുരുകുലം നഗറിൽ കല്ലുവിളാകത്ത് വീട്ടിൽ ബൈജു .ആർ(44) ആണ് തട്ടിപ്പുമായി ബന്ധപ്പെട്ട് പൊലീസ് പിടിയിലായത്.

വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷൻ പരിധിയിൽ മരുതംകുഴിക്ക് സമീപം ബൈജൂസ് സൊലൂഷൻസ് എന്ന വിദേശ റിക്രൂട്ടിങ് സ്ഥാപനം നടത്തി വരുകയായിരുന്നു ഇയാൾ. കാനഡയിൽ ജോലി വാഗ്ദാനം നൽകി 17 ഓളം പേരിൽ നിന്നായി പാസ്പോർട്ടുകളും 50 ലക്ഷത്തിലേറെ രൂപയും കൈക്കലാക്കി മുങ്ങാൻ ശ്രമിച്ച ഇയാളെ ചണ്ഡിഗഢിൽ തടഞ്ഞുവെച്ച് തിരുവനന്തപുരത്തെത്തിച്ച് സിറ്റി പൊലീസ് കമ്മിഷണർ ഓഫിസിൽ ഹാജരാക്കുകയായിരുന്നു.

യുവതികളടക്കം പതിനേഴോളം പേർക്ക് കാനഡയിൽ ജോലി വാഗ്ദാനം നൽകി അരക്കോടിയിലേറെ രൂപയും ഒറിജിനൽ പാസ്പോർട്ടുകളും കൈക്കലാക്കിയ ഇയാൾ ഇവരിൽ ആറുപേരെ കാനഡയിലേക്കുള്ള വിസയും എയർ ടിക്കറ്റും നൽകാമെന്ന് വിശ്വസിപ്പിച്ച് ചണ്ഡിഗഢിലെ ട്രാവൽ ഏജൻസിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. ചണ്ഡിഗഢിലെത്തിയ ആറു പേർക്കും ഇയാൾ പറഞ്ഞ പ്രകാരം ട്രാവൽ ഏജൻസിയില്ലെന്ന് മനസ്സിലായി.

തങ്ങൾ കബളിപ്പിക്കപ്പെട്ടെന്ന് തിരിച്ചറിഞ്ഞ യുവാക്കൾ ചണ്ഡിഗഢ് പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടുകയും പൊലീസ് നിർദേശപ്രകാരം തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണർക്ക് പരാതികൾ ഇ-മെയിൽ ചെയ്യുകയുമായിരുന്നു. ഇതിനിടെ, മുങ്ങാൻ ശ്രമിച്ച ബൈജുവിനെ യുവാക്കൾ തടഞ്ഞുവെച്ച് ഞായറാഴ്ച ഉച്ചയോടെ ട്രെയിൻ മാർഗം തിരുവനന്തപുരത്തെത്തിച്ച് സിറ്റി പൊലീസ് കമീഷണർ ഓഫിസിൽ ഹാജരാക്കി. തുടർന്ന്, ഇയാളെ വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷനിലെത്തിച്ചു.

യുവാക്കളുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്തു. ഇയാൾ പിടിയിലായതറിഞ്ഞ് കബളിപ്പിക്കപ്പെട്ട കൂടുതൽ പേർ വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷനിലെത്തി. കണ്ണൂർ എയർപോർട്ട്, സെക്രട്ടേറിയറ്റ്, സംസ്ഥാനത്തെ ചില പ്രമുഖമായ സർക്കാർ ഓഫിസുകൾ എന്നിവിടങ്ങളിൽ ജോലി വാഗ്ദാനം ചെയ്തും ഇയാൾ നിരവധി പേരിൽ നിന്ന് ലക്ഷങ്ങൾ തട്ടിച്ചതായും വിവരം ലഭിച്ചിട്ടുണ്ട്.

ഒറിജിനൽ പാസ്പോർട്ടുകളിൽ തിരിമറി നടത്തി വ്യാജ പാസ്പോർട്ടുകൾ ഉണ്ടാക്കി വിദേശത്തേക്ക് ആൾക്കടത്ത് നടത്തുന്ന റാക്കറ്റിലെ മുഖ്യകണ്ണിയാണ് ഇയാളെന്ന് പൊലീസ് സംശയിക്കുന്നു. മാസങ്ങൾക്കുമുമ്പ് ഇയാളുടെ ഓഫിസിൽ പൊലീസ് നടത്തിയ റെയ്ഡിൽ നിരവധി പാസ്പോർട്ടുകളും വ്യാജ രേഖകളും പൊലീസ് കണ്ടെത്തി കോടതിയിൽ ഹാജരാക്കിയിരുന്നു.

Tags:    
News Summary - Canada Job fraud Man arrested for embezzling more than half a crore rupees and passports

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.