കോഴിക്കോട് ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു
കോഴിക്കോട്: ഓട്ടോ ഡ്രൈവറെ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളയിൽ പണിക്കർ റോഡ് നാലുകുടി പറമ്പിൽ ശ്രീകാന്തിനെയാണ് (47) ഞായറാഴ്ച പുലർച്ചയോടെ വീടിനു സമീപം നിർത്തിയിട്ട ഓട്ടോക്കടുത്ത് നടപ്പാതയിൽ മരിച്ചനിലയിൽ കണ്ടത്. വയറിലും പുറത്തുമാണ് വെട്ടേറ്റ മുറിവുകളുള്ളത്. പുലർച്ച ആറോടെ നാട്ടുകാരാണ് രക്തത്തിൽ കുളിച്ച നലയിൽ ശ്രീകാന്തിനെ കണ്ടത്. ആശുപത്രിയിൽ എത്തിക്കും മുമ്പേ മരിച്ചിരുന്നു. ഇതേ ഓട്ടോയിൽ ഉറങ്ങുകയായിരുന്ന ഒരാളെ വെള്ളയിൽ പൊലീസ് കസ്റ്റഡയിലെടുത്തിട്ടുണ്ട്. ഇരുവരും ഓട്ടോയിൽ മദ്യപിച്ച് കിടക്കുന്നതിനിടയിൽ ബൈക്കിൽ എത്തിയ സംഘം ശ്രീകാന്തിനെ വെട്ടിക്കൊന്ന് കടന്നുകളയുകയായിരുന്നു എന്നാണ് സംശയം. കസ്റ്റഡിയിലുള്ളയാളെ പൊലീസ് ചോദ്യം ചെയ്തുവരുകയാണ്.
ഇതേ സ്ഥലത്ത് നിർത്തിയിട്ട ശ്രീകാന്തിന്റെ കാർ വെള്ളിയാഴ്ച രാത്രി അജ്ഞാതർ കത്തിച്ചിരുന്നു. ഇതിൽ വെള്ളയിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് ശ്രീകാന്തിനെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കാർ കത്തിച്ചതും കൊലയും തമ്മിൽ ബന്ധമുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. മാത്രമല്ല എട്ടുവർഷം മുമ്പ് എലത്തൂർ പൊലീസ് രജിസ്റ്റർ ചെയ്ത കൊലപാതക കേസിലും ശ്രീകാന്ത് പ്രതിയാണ്. ഇതെല്ലാം പൊലീസ് പരിശോധിക്കുന്നുണ്ട്.
അതിനിടെ സംഭവസ്ഥലത്തുനിന്ന് ഹെൽമറ്റ് ധരിച്ച് ഒരാൾ ബൈക്കിൽ പെട്ടെന്ന് പോയെന്ന് നാട്ടുകാരിൽ ചിലർ പൊലീസിന് മൊഴി നൽകിയിരുന്നു. ഇതിലും അന്വേഷണം നടക്കുന്നുണ്ട്. പ്രദേശത്തെ വീടുകളിലെയും സ്ഥാപനങ്ങളിലെയും സി.സി ടി.വി ദൃശ്യങ്ങളടക്കം ശേഖരിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.
പരേതനായ ദാമോദരന്റെയും സുലോചനയുടെയും മകനാണ് ശ്രീകാന്ത്. ഭാര്യ: സിമി. മക്കൾ: പാർവണ, നിതാലി. സഹോദരങ്ങൾ: ശ്രീലേഷ്, ശ്രീജിത്ത്, പരേതയായ റീജ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.