തൊടുപുഴ: പട്ടികജാതി-വർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമം തടൽ നിയമപ്രകാരം കഴിഞ്ഞ ഒമ്പത് വർഷത്തിനിടയിൽ ജില്ലയിൽ അറസ്റ്റിലായത് തൊള്ളായിരത്തോളം പേർ.
ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷൻ പരിധികളിലാണ് ഇത്രയധികം കേസുകൾ രജിസ്റ്റർ ചെയ്തത്. വ്യക്തികൾ നേരിട്ട് നൽകുന്ന പരാതികൾക്ക് പുറമേ പട്ടിക ജാതി-വർഗ വകുപ്പിൽ നിന്ന് റഫർ ചെയ്ത് എടുത്ത കേസുകളും ഇക്കൂട്ടത്തിലുണ്ട്.
സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതൽ പട്ടിക വർഗ വിഭാഗങ്ങളുളള ജില്ലകളിലൊന്നെന്ന നിലയിൽ ഇവിടെ വർഷം തോറുമെത്തുന്ന പരാതികളുടെ എണ്ണത്തിലും കാര്യമായ കുറവ് രേഖപ്പെടുത്താറില്ല. വിവിധ സ്ഥലങ്ങളിലായി രജിസ്റ്റർ ചെയ്ത 731 കേസുകളിലായി പിടിയിലായത് 878 പേരാണ്. അതിക്രമം തടയൽ പ്രകാരം ഏറ്റവും കൂടുതൽ പേർ പിടിയിലായത് 2023ലാണ്.
113പേരാണ് ആ വർഷം പിടിയിലായത്. 87 കേസുകളിൽ നിന്നാണ് ഇത്രയും പേർ അറസ്റ്റിലായത്. കേസുകളിൽ പ്രതിചേർക്കപ്പെട്ട മുഴുവൻ പേരും പിടിയിലായെന്ന പ്രത്യേകതയും ജില്ലക്കുണ്ട്. മറ്റ് ജില്ലകളിൽ ഇത്തരം കേസുകളിൽ പ്രതികളായവരെ പലരേയും പിടികൂടാൻ അന്വേഷണ സംഘത്തിന് കഴിയാറില്ലന്നാണ് കണക്കുകൾ കാണിക്കുന്നത്.
അതിക്രമം തടയൽ നിയമം പട്ടികജാതി-വർഗ വിഭാഗങ്ങളുടെ സംരക്ഷണത്തിൽ നിർണായകമാകുമ്പോഴും ഇത് ദുരുപയോഗം ചെയ്യുന്നതായ പരാതിയും വിവിധ കോണുകളിൽ നിന്നുയരുന്നുണ്ട്. വ്യക്തിപരമായ തർക്കങ്ങളും സാമ്പത്തീക ഇടപാടുകളും സിവിൽ കേസുകളുമെല്ലാം ഈ ഗണത്തിൽപെടുത്തി പരാതികളാക്കുന്നതായാണ് ആരോപണം.
അതുകൊണ്ട് തന്നെ ഇങ്ങനെ രജിസ്റ്റർ ചെയ്യപ്പെടുന്ന കേസുകൾ പലപ്പോഴും കോടതികളിൽ നിലനിൽക്കാറുമില്ലെന്ന് വകുപ്പിലെ ഉദ്യോഗസ്ഥർ തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്.
1989 ലെ പട്ടികജാതി പട്ടിക വർഗ അതിക്രമം തടയൽ നിയമ പ്രകാരം സർക്കാർ കണക്കനുസരിച്ച് ഒമ്പത് വർഷത്തിനിടെ ജില്ലയിൽ രജിസ്റ്റർ ചെയ്തത് 731 കേസുകളാണ്. വകുപ്പ് നൽകുന്ന കണക്കനുസരിച്ച് ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത് കഴിഞ്ഞ വർഷമാണ്.
91 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 2016 ൽ 90 കേസും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഏറ്റവും കുറവ് കേസ് റിപ്പോർട്ട് ചെയ്തത് 2021ലാണ്. 67 കേസുകളാണ് ആ വർഷം വിവിധ സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.