അ​ർ​ഷ​ദിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തപ്പോൾ

ഫ്ലാറ്റി​ലെ കൊലപാതകം: അർഷദ് പിടിയിൽ

കാക്കനാട്: ഇടച്ചിറ ഫ്ലാറ്റിലെ കൊലപാതകക്കേസിൽ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന യുവാവ് പിടിയിൽ. കോഴിക്കോട് ഇരിങ്ങൽ സ്വദേശി കെ.കെ. അർഷദ് (27) ആണ്കർണാടകയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ കാസർകോട് പൊലീസിന്റെ പിടിയിലായത്. ഇയാളിൽനിന്ന് അഞ്ച് ഗ്രാം എം.ഡി.എം.എയും ഒരു കിലോ കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്.

ഇയാൾക്കൊപ്പം സുഹൃത്ത് കോഴിക്കോട് സ്വദേശി അശ്വന്തിനെയും (23) കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാൾ കൊച്ചിയിലെ കൊലപാതക കേസിൽ പ്രതിയല്ലെന്ന് പൊലീസ് പറഞ്ഞു. ഇടച്ചിറയിലെ ഒക്സോണിയ ഫ്ലാറ്റിൽ താമസിച്ചിരുന്ന മലപ്പുറം വണ്ടൂർ അമ്പലപ്പടി സ്വദേശി സജീവ് കൃഷ്ണ (23) കൊല്ലപ്പെട്ടതിന് പിന്നാലെ അർഷദ് ഒളിവിൽ പോകുകയായിരുന്നു.

ബുധനാഴ്ച ഉച്ചക്ക് ഒരു മണിയോടെ മഞ്ചേശ്വരം റെയിൽവേ സ്റ്റേഷന് സമീപത്തുനിന്നാണ് ഇരുവരെയും പിടികൂടിയത്. മയക്കുമരുന്ന് കൈവശം വച്ചതിന് കാസർകോട് പൊലീസ് ഇരുവർക്കുമെതിരെ കേസ് രജിസ്‌റ്റർ ചെയ്തിട്ടുണ്ട്. തിങ്കളാഴ്ച മുതൽ ഒളിവിലായിരുന്ന അർഷദിന്റെ ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ നാടുവിടാൻ ശ്രമിക്കുന്നതായി മനസ്സിലായത്. ചൊവാഴ്ച വൈകീട്ട് മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലത്ത് നിന്നായിരുന്നു വിവരങ്ങൾ ലഭിച്ചത്.

പിന്നീട് ഫോൺ സ്വിച്ച് ഓഫായി. കോഴിക്കോട്ടെ ബന്ധുവീടുകളും സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം ഊര്‍ജിതമാക്കുന്നതിനിടെയാണ് കാസര്‍കോട്ടേക്ക് കടന്നുവെന്ന വിവരം ലഭിക്കുന്നത്. തുടർന്ന് കാസര്‍കോട് പൊലീസുമായി ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് വലയിലായത്. കോടതിയിൽ ഹാജരാക്കിയശേഷം അറസ്റ്റ് രേഖപ്പെടുത്തുന്നതിനും മറ്റു നടപടികൾക്കുമായി എറണാകുളത്തേക്ക് കൊണ്ടുവരുമെന്ന് പൊലീസ് അറിയിച്ചു.

അതേസമയം, സജീവിന് ക്രൂര മര്‍ദനം ഏറ്റിരുന്നതായാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. 20ൽഅധികം മുറിവുകളാണ് കണ്ടെത്തിയത്. തലക്കും നെഞ്ചിനും പിന്‍ഭാഗത്തുമേറ്റ മുറിവുകള്‍ ആഴത്തിലുള്ളതാണ്. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

ചൊവ്വാഴ്ച ഉച്ചയോടെയാണ് 16ാം നിലയിലെ ഫ്ലാറ്റിൽനിന്ന് മൃതദേഹം കണ്ടെത്തിയത്. സ്വാതന്ത്ര്യദിനത്തെ തുടർന്നുള്ള അവധി ദിവസങ്ങളായിരുന്നതിനാൽ വിനോദയാത്രക്ക്പോയിരുന്ന സുഹൃത്തുക്കൾ മടങ്ങിയെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. രണ്ട് ദിവസത്തോളം പഴക്കമുള്ള മൃതദേഹം കിടക്കയും പുതപ്പും മറ്റും ഉപയോഗിച്ച് കെട്ടിമറച്ച നിലയിലായിരുന്നു.

ഫ്ലാറ്റിന്റെ പൈപ്പ് ഡെക്ടിൽ ഒളിപ്പിച്ച നിലയിലായിരുന്നു. ലഹരി തര്‍ക്കമാണ് കൊലപാതകത്തിന് പിന്നിലെന്ന സൂചനകളാണ് പുറത്തുവരുന്നത്. ലഹരി ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ യുവാക്കളോട് ഫ്ലാറ്റ് ഒഴിയാന്‍ ഉടമ ആവശ്യപ്പെട്ടതായി മറ്റൊരു ഫ്ലാറ്റുടമയും പറഞ്ഞിരുന്നു. 

Tags:    
News Summary - arshad in police custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.