പത്തനംതിട്ട: സംസ്ഥാനത്ത് അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തടയാൻ നിയമനിര്‍മാണം നടത്തുമെന്ന സര്‍ക്കാര്‍ വാഗ്ദാനം പാതിവഴിയിൽ. അന്ധവിശ്വാസത്തിന്റെ പേരിൽ ശരീരത്തിന് ആപത്തുണ്ടാക്കുന്ന ആചാരങ്ങളെല്ലാം കുറ്റകൃത്യമാക്കി നിയമപരിഷ്കാര കമീഷൻ സമഗ്ര റിപ്പോര്‍ട്ട് ഒരു വർഷം മുമ്പാണ് സര്‍ക്കാറിന് സമര്‍പ്പിച്ചത്. നിയമവകുപ്പ് തയാറാക്കിയ കരടുബില്ല് ആഭ്യന്തര വകുപ്പിന്റെ പരിഗണന കാത്തിരിക്കുകയാണ്. സര്‍ക്കാര്‍ നിര്‍ദേശപ്രകാരമാണ് ജസ്റ്റിസ് കെ.ടി. തോമസ് അധ്യക്ഷനായ നിയമ പരിഷ്കാര കമീഷൻ ശിപാര്‍ശകൾ കൈമാറിയത്. 'കേരള പ്രിവൻഷൻ ആൻഡ് ഇറാഡിക്കേഷൻ ഓഫ് ഇൻഹ്യൂമൻ ഈവിൾ പ്രാക്ടീസസ് സോഴ്സറി ആൻഡ് ബ്ലാക്ക് മാജിക് ബിൽ' എന്ന് പേരിട്ട് നിയമ വകുപ്പ് കൈമാറിയ കരട് കഴിഞ്ഞ കുറെ മാസങ്ങളായി ആഭ്യന്തര വകുപ്പിന്റെ പരിഗണനയിലാണ്. അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും പേരിൽ കുറ്റകൃത്യങ്ങൾ പെരുകുന്നതിനെതിരെ കര്‍ശന നടപടി ലക്ഷ്യമിട്ടാണ് പ്രത്യേക നിയമനിര്‍മാണം സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. മന്ത്രവാദം, കൂടോത്രം, പ്രേതബാധ ഒഴിപ്പിക്കൽ തുടങ്ങി ചികിത്സാനിഷേധം വരെ കുറ്റകൃത്യമാക്കുന്ന വിധത്തിലാണ് നിയമപരിഷ്കാര കമീഷൻ റിപ്പോര്‍ട്ട് തയാറാക്കിയത്.
മന്ത്രവാദത്തിന്റെ പേരിൽ ലൈംഗികമായി പീഡിപ്പിക്കലും കടുത്ത കുറ്റമാണ്. ദുര്‍മന്ത്രവാദവും കൂടോത്രവും നടത്തുന്നവര്‍ക്ക് പുതിയ നിയമ പ്രകാരം ഏഴുവര്‍ഷം തടവും 50,000 രൂപ പിഴയും ലഭിക്കും. ശരീരത്തിന് ആപത്തുകളുണ്ടാക്കാത്ത മതപരമായ ആചാരങ്ങളെ കരട് നിയമത്തില്‍നിന്ന് ഒഴിവാക്കിയിട്ടുമുണ്ട്.
വിപുലമായ അഭിപ്രായശേഖരണം നടത്തിയശേഷമേ നിയമ നിര്‍മാണത്തിലേക്ക് കടക്കാനാകൂ എന്നാണ് സര്‍ക്കാര്‍ പറയുന്നത്. സമാന ആവശ്യത്തിൽ രണ്ട് സ്വകാര്യബില്ലുകൾ നിയമസഭയിൽ വന്നെങ്കിലും സമഗ്രനിയമം പരിഗണനയിലെന്ന് പറഞ്ഞ് സർക്കാർ തള്ളുകയായിരുന്നു. മഹാരാഷ്ട്രയിലും കർണാടകയിലുമുള്ള നിയമത്തിന്റെ മാതൃകയിലായിരുന്നു നിയമപരിഷ്കാര കമീഷൻ ശിപാർശ നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.