ആലപ്പുഴ: ഗർഭിണിയായ യുവതിയെ ആക്രമിച്ച് ബോധംകെടുത്തി ആറ്റിൽത്തള്ളി കൊലപ്പെടുത്തിയ കേസിലെ ഒന്നാംപ്രതിക്ക് പിന്നാലെ കൂട്ടുപ്രതിക്കും വധശിക്ഷ. പുന്നപ്ര തെക്കേമഠം വീട്ടിൽ അനിതയെ (32) വധിച്ച കേസിലെ രണ്ടാംപ്രതി കൈനകരി തോട്ടുവാത്തല പതിശ്ശേരി വീട്ടിൽ രജനിയെയാണ് (38) ആലപ്പുഴ അഡീഷനൽ സെഷൻസ് മൂന്നാംകോടതി ജഡ്ജി എം. ഷുഹൈബ് വധശിക്ഷക്ക് വിധിച്ചത്. രണ്ടരലക്ഷം രൂപ പിഴയും നൽകണം. അനിതയുടെ അച്ഛനും മക്കൾക്കുമാണ് ഈ തുക കൊടുക്കേണ്ടത്. ഇതിനായി ജില്ല നിയമസഹായകേന്ദ്രത്തെ ചുമതലപ്പെടുത്തി. ഒന്നാംപ്രതിയായ നിലമ്പൂർ മുതുകോട് പൂക്കോടൻ വീട്ടിൽ പ്രബീഷിനെ (37) കഴിഞ്ഞ ദിവസം വധശിക്ഷക്ക് വിധിച്ചിരുന്നു. വിധിപറഞ്ഞ ദിവസം രജനി ലഹരിമരുന്ന് കേസിൽ ഒഡിഷയിലെ റായ്ഗഢ് ജയിലിലായതിനാൽ ഹാജരായിരുന്നില്ല. ശനിയാഴ്ച കോടതിയിൽ ഹാജരാക്കിയ ശേഷമാണ് ശിക്ഷ വിധിച്ചത്. ഓൺലൈൻ വഴിയാണ് വിചാരണ പൂർത്തിയാക്കിയത്.
2021 ജൂലൈ ഒമ്പതിന് രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. താമരക്കുളം കേരഫാമിൽ ജോലി ചെയ്യുമ്പോഴാണ് വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായ അനിതയുമായി പ്രബീഷ് അടുപ്പത്തിലായത്. ഇയാളും വിവാഹിതനായിരുന്നു. അനിത ഗർഭിണിയായപ്പോൾ ഇയാൾ രജനിയുമായി അടുപ്പത്തിലായി. തുടർന്ന് അനിതയെ ഒഴിവാക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പാലക്കാട് ആലത്തൂരിലെ ഫാമിൽ ജോലിചെയ്തിരുന്ന അനിതയെ ആലപ്പുഴയിലേക്ക് വിളിച്ചുവരുത്തിയാണ് കൊലപ്പെടുത്തിയത്. രജനിയുടെ അമ്മയും പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകിയിരുന്നു. രജനിക്കും വധശിക്ഷ നൽകണമെന്നതായിരുന്നു പ്രോസിക്യൂഷൻ വാദം. വിധികേൾക്കാൻ അനിതയുടെ പിതാവ് ശശിധരനും അമ്മയുടെ സഹോദരിയും എത്തിയിരുന്നു. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എൻ.ബി. ശാരി ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.