ക്രിപ്റ്റോ കറൻസിയുടെ പേരിൽ വ്യാപാരിയിൽനിന്ന് മൂന്നുകോടി തട്ടി; അന്വേഷണം തുടങ്ങി സൈബർ പൊലീസ്

കോഴിക്കോട്: ക്രിപ്റ്റോ കറൻസിയുടെ പേരിൽ വ്യാപാരിയിൽനിന്ന് മൂന്നുകോടിയോളം രൂപ തട്ടിയ സംഭവത്തിൽ സൈബർ പൊലീസ് അന്വേഷണം തുടങ്ങി. മലപ്പുറം സ്വദേശിയും കോഴിക്കോട്ടെ താമസക്കാരനുമായ ആളിൽനിന്നാണ് മൂന്നുമാസത്തിനുള്ളിൽ ഓൺലൈനായി 2.88 കോടി രൂപ തട്ടിയത്.

സമൂഹമാധ്യമം വഴിയാണ് ഇരുവരും പരിചയപ്പെടുന്നത്. തുടർന്ന് ക്രിപ്റ്റോ കറൻസിയായി പണം നിക്ഷേപിച്ചാൽ ഇരട്ടിയായി തിരികെ ലഭിക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് വ്യാപാരിയെ ക്രിപ്റ്റോ നിക്ഷേപ വെബ്സൈറ്റിൽ ചേർത്ത് പണം വാങ്ങുകയായിരുന്നു.

കഴിഞ്ഞ മേയിൽ പരിചയപ്പെട്ട വ്യാപാരി ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിലായാണ് ഇത്രയും തുക കൈമാറിയത്. നിക്ഷേപിച്ച തുകക്ക് വെബ്സൈറ്റിൽ ഇരട്ടിത്തുക രേഖപ്പെടുത്തിയതായി കണ്ടതോടെ തുക ഇരട്ടിയായെന്ന് കരുതി വ്യാപാരി വീണ്ടും തുക കൈമാറുകയായിരുന്നു.

തുക പിൻവലിക്കാൻ ആവശ്യപ്പെട്ടപ്പോൾ നികുതിയായി 20 ശതമാനം തുകകൂടി ആദ്യമേ അടക്കണമെന്നു പറഞ്ഞും പണം കൈപ്പറ്റി. തട്ടിപ്പ് വ്യക്തമായതോടെ വ്യാപാരി സിറ്റി പൊലീസ് മേധാവി രാജ്പാൽ മീണക്ക് നൽകിയ പരാതി സൈബർ പൊലീസിന് കൈമാറുകയായിരുന്നു. സൈബർ പൊലീസ് വ്യാപാരിയുടെ വിശദ മൊഴിയെടുത്താണ് അന്വേഷണം ആരംഭിച്ചത്. തട്ടിപ്പ് സംബന്ധിച്ച് നിരവധി ഡിജിറ്റൽ തെളിവുകൾ പൊലീസിന് കൈമാറിയിട്ടുണ്ട്.

Tags:    
News Summary - 3 Crore Extorted from Trader in the Name of Crypto Currency; Cyber police started investigation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.