പിടിയിലായ പ്രതികൾ
തിരുവനന്തപുരം: പണയംവെച്ച 216 പവൻ സ്വർണം മറിച്ചുവിറ്റ സ്വകാര്യ ബാങ്ക് മാനേജറടക്കം മൂന്നുപേർ അറസ്റ്റിൽ. ബാങ്കിന്റെ മണ്ണന്തല ബ്രാഞ്ച് മാനേജരായിരുന്ന ചേർത്തല സ്വദേശി എച്ച്. രമേശ് (31), കുടപ്പനക്കുന്ന് സ്വദേശിയായ സ്വകാര്യ കൺസൽട്ടൻസി ഉടമ ആർ. വർഗീസ് (43), സ്വർണ വ്യാപാരി നെടുമങ്ങാട് സ്വദേശി എം.എസ്. കിഷോർ (42) എന്നിവരാണ് അറസ്റ്റിലായത്. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇവരെ റിമാൻഡ് ചെയ്തു.
പണയസ്വർണം സ്ട്രോങ് റൂമിൽനിന്ന് കവർന്ന് വൻ തട്ടിപ്പാണ് സംഘം നടത്തിയത്. നവംബറിലാണ് രമേശിന്റെ നേതൃത്വത്തിൽ 96 ലക്ഷം രൂപയുടെ സ്വർണം ബാങ്കിൽ നിന്നെടുത്ത് വിറ്റത്. ഇക്കഴിഞ്ഞ 11ന് ഒരു ഇടപാടുകാരൻ പണയം പുതുക്കാനെത്തിയപ്പോഴാണ് സ്വർണം കാണാനില്ലെന്നറിഞ്ഞത്. ബാങ്കിന്റെ ഓഡിറ്റിങ് വിഭാഗത്തിന്റെ പരിശോധനയിൽ ഏഴുപേരുടെ സ്വർണം നഷ്ടമായെന്ന് വ്യക്തമായി. റീജനൽ മാനേജർ നൽകിയ പരാതിയിലാണ് മണ്ണന്തല പൊലീസ് പ്രതികളെ പിടിച്ചത്.
ഒക്ടോബറിൽ സ്വർണം പണയംവെച്ചതായി വ്യാജ രേഖകളുണ്ടാക്കി രമേശ് പല അക്കൗണ്ടുകളിലേക്ക് 51 ലക്ഷം മാറ്റിയിരുന്നു. ഭാര്യയുടെയും അമ്മയുടെയും മറ്റ് ബന്ധുക്കളുടെയും പേരിലാണ് അക്കൗണ്ട്. ഓഡിറ്റിങ് വിഭാഗത്തിന്റെ പരിശോധനക്ക് മുമ്പ് പണയമുതൽ സംഘടിപ്പിക്കാൻ വേണ്ടിയാണ് സ്വർണം മോഷ്ടിച്ചത്. ഈ സ്വർണത്തിൽനിന്ന് 300 ഗ്രാം വീണ്ടും പണയപ്പെടുത്തി 10 ലക്ഷം രൂപകൂടി തട്ടിയതായി കണ്ടെത്തിയിട്ടുണ്ട്.
96 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നുവെന്നാണ് ബാങ്കിന്റെ കണ്ടെത്തൽ. എന്നാൽ ഇതിലധികം തുക തട്ടിയെടുത്തെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. മണ്ണന്തല സി.ഐ എ. ബൈജു, എസ്.ഐ. സനൽ, അനീഷ്, അരുൺ ശശി, പ്രദീപ്, ജയൻ എന്നിവരാണ് പ്രതികളെ പിടിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.