ഡോണൾഡ് ട്രംപ്
അമേരിക്കയും ഇസ്രയേലുംചേര്‍ന്ന് ആരംഭിച്ച ഇറാന്‍ യുദ്ധം ഏഴാംവാരത്തിലേക്ക് കടന്നിരിക്കുകയാണ്. അമേരിക്കന്‍ സഖ്യത്തിന് വ്യോമശക്തിയിൽ വമ്പിച്ച മേധാവിത്വമുണ്ടെങ്കിലും, അവർക്ക് പൂർണമായ നിയന്ത്രണം കൈവരിക്കാൻ സാധിച്ച ഒരു യുദ്ധമല്ല ഇതെന്നതാണ് ഇതിനകം സുവ്യക്തമായിത്തീര്‍ന്ന വസ്തുത. യുദ്ധരംഗത്തെ സാഹചര്യം പരമ്പരാഗത അധിനിവേശത്തേക്കാൾ വ്യോമാക്രമണങ്ങൾ, മിസൈൽ വിനിമയങ്ങൾ, ഡ്രോൺയുദ്ധം, രക്ഷാദൗത്യങ്ങൾ, സമുദ്രപാതകളിലെ നിയന്ത്രണങ്ങൾ എന്നിവയുടെ ഒരു സങ്കീർണമായ സംയോജനമായാണ് കാണപ്പെടുന്നത്. കൂടാതെ, ലബനാനിലേക്കും ഗൾഫ് മേഖലയിലേക്കും യുദ്ധം വ്യാപിക്കുകയും ചെയ്തിരിക്കുന്നു. ഇറാൻ നാശനഷ്ടങ്ങളും മരണങ്ങളും നേരിട്ടെങ്കിലും, അവർ നിഷ്ക്രിയരായി പിൻവാങ്ങിയിട്ടില്ല. 13 അമേരിക്കൻ സൈനികർ കൊല്ലപ്പെടുകയും മുന്നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അതേസമയം, ഇറാനിൽ കൂടുതല്‍ മരണങ്ങളും മരണങ്ങളും 21,000-ത്തിലധികം പരിക്കുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും മരുന്നുകൾക്കും ചികിത്സാസൗകര്യങ്ങൾക്കും കടുത്ത ക്ഷാമം നേരിടുന്നുണ്ടെന്നും മാനുഷികസേവനഏജൻസികൾ വ്യക്തമാക്കുന്നു.
ഇസ്രായേലിലെ ലക്ഷ്യസ്ഥാനങ്ങളെ ഇറാൻ ഇപ്പോഴും വിജയകരമായി ആക്രമിക്കുന്നുണ്ട് എന്നത് യാഥാർഥ്യമാണ്. ഇസ്രായേലിലെ വ്യവസായമേഖലകളിലേക്ക് ഇറാന്റെ മിസൈലുകൾ ഇപ്പോഴും തുളച്ചുകയറുന്നു എന്നതിന് പുതിയ തെളിവുകളുണ്ട്. തെക്കൻ ഇസ്രായേലിലെ നിയോട്ട് ഹോവാവ് (Ne’ot Hovav) വ്യവസായ മേഖലയിലെ അഡാമ (ADAMA) കെമിക്കൽ പ്ലാന്റിൽ മിസൈല്‍ പതിച്ചതിനെത്തുടർന്ന് വലിയ തീപിടുത്തമുണ്ടായതായി മാർച്ച് 29-ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. നിയോട്ട് ഹോവാവ് വ്യവസായമേഖലയിൽ മറ്റൊരു ഇറാനിയൻ മിസൈൽകൂടി പതിച്ചതായി ഇതെഴുതുന്ന സമയത്ത് വാൾ സ്ട്രീറ്റ് ജേണലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിനുപുറമെ, ഹൈഫയിലെ ഇസ്രായേൽ ഓയിൽ റിഫൈനറികളിലെ ഇന്ധനടാങ്കറിനും വ്യാവസായിക സമുച്ചയത്തിനും മാർച്ച് 30-ന് ആഘാതമേറ്റതായി റോയിട്ടേഴ്സും റിപ്പോർട്ട് ചെയ്യുന്നു. ആഴ്ചകൾ നീണ്ട ബോംബാക്രമണങ്ങൾക്കുശേഷവും ഇസ്രായേലിലെ അടിസ്ഥാനസൗകര്യങ്ങളെ, പ്രത്യേകിച്ച് വ്യവസായ-പെട്രോകെമിക്കൽ കേന്ദ്രങ്ങളെ ആക്രമിക്കാനുള്ള ഇറാന്‍റെ സൈനികശേഷിയെ പോറലേല്‍പ്പിക്കാന്‍പോലും ശത്രുസഖ്യത്തിന് കഴിഞ്ഞിട്ടില്ലെന്ന് ഇത് വ്യക്തമാക്കുന്നു.
അതുകൊണ്ടുതന്നെ, അമേരിക്കയുടെ എഫ്-15ഇ വിമാനം വെടിവെച്ചിട്ടത് യുദ്ധത്തിന്റെ ഗതി പൂർണ്ണമായി മാറ്റുന്നില്ലെങ്കിൽപോലും രാഷ്ട്രീയമായും പ്രതീകാത്മകമായും വലിയ പ്രാധാന്യമുള്ള ഒന്നാണ്. ഇറാൻ എഫ്-15 വിമാനം തകർത്തതായും അതിലെ ഒരു ജീവനക്കാരനെ രക്ഷപ്പെടുത്താൻ അമേരിക്കക്ക് വലിയൊരു ദൗത്യംതന്നെ നടത്തേണ്ടി വന്നതായും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഈ രക്ഷാപ്രവർത്തനത്തിനിടെ ഇറാന്റെ വെടിയേറ്റ് രണ്ട് ബ്ലാക്ക് ഹോക്ക് (Black Hawk) ഹെലികോപ്റ്ററുകൾക്ക് തകരാർ സംഭവിച്ചതായും, കുവൈറ്റിന് മുകളിൽവെച്ച് ആക്രമിക്കപ്പെട്ട എ-10 (A-10) വിമാനം പൈലറ്റ് പുറത്തേക്ക് ചാടിയതിനെത്തുടർന്ന് തകർന്നുവീണതായുമുള്ള വാര്‍ത്തയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
അമേരിക്കക്ക് ഒരു വിമാനം നഷ്ടപ്പെട്ടുവെന്നത് മാത്രമല്ല ഇതിലെ പ്രധാനകാര്യം; മറിച്ച്, അമേരിക്കൻ സൈനികനീക്കങ്ങൾക്ക് ഇപ്പോഴും ശക്തമായ തിരിച്ചടിനൽകാനും സമ്പൂർണ വ്യോമമേധാവിത്വമെന്ന അമേരിക്കന്‍വാദത്തെ നിഷേധിക്കാനും യുദ്ധമേഖലയിൽ അതീവ അപകടസാധ്യതയുള്ള രക്ഷാദൗത്യങ്ങൾക്ക് വാഷിംഗ്ടണിനെ നിർബന്ധിതമാക്കാനും തങ്ങൾക്ക് കഴിയുമെന്ന് ഇറാൻ തെളിയിച്ചു എന്നതാണ് ഇതിന്റെ സാരം. യുദ്ധം കൂടുതൽ വ്യാപിപ്പിക്കാനോ ദീർഘകാലം നീണ്ടുനിൽക്കുന്ന കരയുദ്ധത്തിലേക്ക് കടക്കാനോ അമേരിക്ക മുതിർന്നാൽ അതിന്റെ പ്രത്യാഘാതം വളരെ ഗുരുതരമായിരിക്കുമെന്ന് ഇത് സൂചിപ്പിക്കുന്നു.
ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ ഇറാൻ വഴങ്ങുന്നില്ലെങ്കിൽ, ആ രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ തകർക്കുമെന്നും ശക്തമായ ബോംബാക്രമണങ്ങൾ നടത്തുമെന്നും അമേരിക്ക ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ഇറാന്റെ സമ്പദ്‌വ്യവസ്ഥയെയും കയറ്റുമതിശേഷിയെയും ലക്ഷ്യംവെക്കുന്നതിലൂടെ രാജ്യത്തിന്റെ ദീർഘകാല സാമ്പത്തിക നിലനിൽപ്പിനെത്തന്നെ തകർക്കാനാണ് അമേരിക്ക ശ്രമിക്കുന്നത്. സൈനികസമ്മർദ്ദത്തിന് പുറമെ, നിലവിലെ ഭരണകൂടത്തെ അസ്ഥിരപ്പെടുത്തുമെന്നുള്ള സൂചനകളും അമേരിക്ക നൽകുന്നുണ്ട്. ഇത് വെറുമൊരു തന്ത്രപരമായ നീക്കം എന്നതിലുപരി രാഷ്ട്രീയനിയന്ത്രണത്തിന് വേണ്ടിയുള്ള സാമ്രാജ്യത്വയുദ്ധത്തെയാണ് ഇറാന്‍ ചെറുക്കുന്നതെന്ന ആഗോളസമവായത്തിന് കാരണമായിട്ടുണ്ട്.
എന്നാൽ അമേരിക്കയുടെ ഈ ഭീഷണികൾ എത്രത്തോളം വിശ്വസനീയമാണ്? ആക്രമണങ്ങൾ ശക്തമാക്കാൻ ആവശ്യമായ സൈനികശേഷി അവർക്കുണ്ടെന്നത് തർക്കമില്ലാത്ത കാര്യമാണ്. ഹോർമുസ് കടലിടുക്ക് വീണ്ടും തുറന്നില്ലെങ്കിൽ ഇറാന്റെ പവർ പ്ലാന്റുകൾ, പാലങ്ങൾ, ഊർജ സംവിധാനങ്ങൾ എന്നിവക്ക് നേരെ ആക്രമണം നടത്തുമെന്ന് പ്രസിഡന്റ് ട്രമ്പ് നേരിട്ടുതന്നെ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. അതേസമയം, അമേരിക്കയുടെ അനുമതി ലഭിച്ചാൽ ഇറാന്റെ ഊർജ്ജനിലയങ്ങൾക്കുനേരെ കൂടുതൽ ആക്രമണങ്ങൾ നടത്താൻ ഇസ്രായേലും തയ്യാറെടുക്കുന്നതായാണ് വിവരം.
അതിനാൽ, യുദ്ധം കൂടുതൽ ശക്തമാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. എങ്കിലും, ഭീഷണി മുഴക്കാനുള്ള ശേഷിയുണ്ട് എന്നത് മികച്ച യുദ്ധതന്ത്രത്തെ സൂചിപ്പിക്കുന്നില്ല. ഹോർമുസ് കടലിടുക്ക് ബലപ്രയോഗത്തിലൂടെ തുറക്കുന്നത് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നതും നീണ്ടുനിൽക്കുന്നതുമായ ഒരു പ്രക്രിയയായിരിക്കുമെന്നത് പൊതുവിജ്ഞാനമാണ്. ഇത് വാഷിംഗ്ടൺ ആഗ്രഹിക്കുന്നതിനേക്കാൾ അപകടകരമായ ഒരു യുദ്ധത്തിലേക്ക് അമേരിക്കയെ വലിച്ചിഴച്ചേക്കാം.
ചുരുക്കത്തിൽ, സൈനികമായ അര്‍ത്ഥത്തില്‍ അമേരിക്കന്‍ ഭീഷണികള്‍ വിശ്വസനീയമാണെങ്കിലും, രാഷ്ട്രീയമായും തന്ത്രപരമായും ഇവ നടപ്പിലാക്കുന്നതിനു ഒട്ടേറെ പരിമിതികളുണ്ട്. യുദ്ധത്തെക്കുറിച്ചുള്ള ഡൊണാൾഡ് ട്രംപിന്റെ ട്വീറ്റുകൾ അസാധാരണമാംവിധം അശ്ലീലഭാഷയിലുള്ളതും പ്രകോപനപരവുമാകുന്നത് രാജ്യത്തിനകത്തും പുറത്തും തന്‍റെ വിശ്വാസ്യത നഷ്ടപ്പെടുന്നതിലുള്ള ആ മനുഷ്യന്‍റെ വ്യാകുലതകളുടെ ബഹിര്‍സ്ഫുരണമാണ്. അതിശയോക്തി കലർന്ന ഭീഷണികളും പുച്ഛംനിറഞ്ഞ ഭാഷയും വ്യക്തിപരമായ പരിഹാസങ്ങളും അറയ്ക്കുന്ന അശ്ലീലവും ഉപയോഗിച്ചുകൊണ്ട് ഹതാശനായി സ്വയം പ്രതിരോധിക്കുകയാണ് യഥാര്‍ത്ഥത്തില്‍ അയാള്‍ ചെയ്യുന്നത്.
യുദ്ധമേഖലയിലെ സാഹചര്യം പരിശോധിക്കുമ്പോൾ, യുദ്ധം ഇറാനിലും ഇസ്രായേലിലുംമാത്രം ഒതുങ്ങാതെ വലിയ പ്രാദേശിക-ആഗോള പ്രതിസന്ധിയായി മാറിയിരിക്കുകയാണ് എന്നുകാണുവാന്‍ കഴിയും. അമേരിക്കൻ സൈനികത്താവളങ്ങളുള്ള കുവൈറ്റ്, യു.എ.ഇ, ബഹ്‌റൈൻ തുടങ്ങിയ രാജ്യങ്ങളെ ഇറാൻ ആക്രമിച്ചുകൊണ്ടിരിക്കുന്നു. ഈ രാജ്യങ്ങളിലെ പെട്രോകെമിക്കൽ പ്ലാന്റുകൾക്കുനേരെ നടത്തിയ ആക്രമണങ്ങളെക്കുറിച്ചുള്ള ഇറാന്റെ അവകാശവാദങ്ങളും, കുവൈറ്റിലും അബൂദബിയിലുമുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ചുള്ള പ്രത്യേക റിപ്പോർട്ടുകളും ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. മറ്റൊരുവശത്ത്, ഹിസ്ബുല്ലയുമായുള്ള പോരാട്ടം ശക്തമാകുന്നതോടെ ലെബനനും യുദ്ധത്തിന്റെ മറ്റൊരു മുഖമായി മാറിയിരിക്കുന്നു. അവിടെയും സിവിലിയൻ മരണസംഖ്യ ഉയരുകയാണ്. ചുരുക്കത്തിൽ, യുദ്ധത്തിന്റെ ഭൂമിശാസ്ത്രപരമായ വ്യാപ്തി വർദ്ധിച്ചുകൊണ്ടിരിക്കുന്നു. ഇത്തരം സാഹചര്യങ്ങളിൽ അമേരിക്കക്ക് വ്യക്തമായ ഒരു സൈനികവിജയം അസാധ്യമായി മാറാനാണ് കൂടുതൽ സാധ്യത.
ഹോർമുസ് കടലിടുക്കിന്‍റെ നിയന്ത്രണത്തിന് ഇറാന്‍ സവിശേഷമായ പ്രാധാന്യം നൽകുന്നത്, തങ്ങളുടെ മുഖ്യസമ്മർദ്ദതന്ത്രം അത്രപെട്ടെന്ന് ഉപേക്ഷിക്കാൻ ഇറാൻ തയ്യാറാവില്ല എന്നതാണ് സൂചിപ്പിക്കുന്നത്. ഹോർമുസിലെ തങ്ങളുടെ കടുത്ത നിയന്ത്രണം ഇറാൻ ഉടനെങ്ങും ലഘൂകരിക്കാൻ സാധ്യതയില്ലെന്ന് യു.എസ് രഹസ്യാന്വേഷണ ഏജൻസികൾ വിലയിരുത്തുന്നതായി അമേരിക്കന്‍ മാധ്യമങ്ങള്‍തന്നെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സിവിലിയൻ കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ, കടലിൽ കുഴിബോംബുകൾ വിന്യസിക്കൽ, കപ്പൽ ഗതാഗതത്തിന് കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തൽ എന്നിവയിലൂടെ ആ മേഖലയിലെ കപ്പൽയാത്ര അതീവ അപകടകരമാക്കാനോ ഇൻഷുറൻസ് പരിരക്ഷപോലും ലഭിക്കാത്ത അവസ്ഥയിലാക്കാനോ ടെഹ്‌റാന് സാധിക്കുമെന്ന ഭീതിയിലാണ് അമേരിക്കന്‍ സൈനികനേതൃത്വം ഇപ്പോള്‍ കഴിയുന്നത്. യുദ്ധം നീണ്ടുപോകുന്തോറും, സമുദ്രപാതകളിലുള്ള ഇറാന്റെ സ്വാധീനവും മേഖലയിലുടനീളമുള്ള അവരുടെ സാന്നിധ്യവും അമേരിക്ക-ഇസ്രായേൽ സഖ്യത്തിന്റെ വ്യോമമേധാവിത്വത്തെ പ്രതിരോധിക്കാൻ സഹായിക്കുന്ന ശക്തമായ നീക്കിയിരുപ്പാണ് എന്നതില്‍ തര്‍ക്കമില്ല. ഈ ഘട്ടത്തിൽ, ഏതെങ്കിലും ഒരു പക്ഷത്തിന്റെ വ്യക്തമായ വിജയമല്ല പ്രതീക്ഷിക്കേണ്ടത്; മറിച്ച് അസ്ഥിരമായ മൂന്നുവഴികളാണ് മുന്നിലുള്ളത്:
ഒന്ന്, പരസ്പരം തളർത്തുന്ന ദീർഘകാലയുദ്ധം. രണ്ട്, ഹോർമുസ് ഇടുക്കിയിലെ ഊർജഗതാഗതം സംബന്ധിച്ച് കടുത്ത സമ്മർദ്ദത്തിലൂടെ ഇറാനില്‍നിന്ന് വിട്ടുവീഴ്ചകൾ നേടിയെടുക്കാന്‍ കഴിയുന്ന യുദ്ധ-നയതന്ത്രം. മൂന്ന്, .ഇറാന്റെ അടിസ്ഥാനസൗകര്യങ്ങൾക്കുനേരെ അമേരിക്കയും ഇസ്രായേലും നടത്തുന്ന ശക്തമായ ആക്രമണങ്ങളുടെ വര്‍ദ്ധനവും ഇറാന്‍റെ തിരിച്ചടികളുമായി യുദ്ധത്തിന്‍റെ അനിശ്ചിതമായ വ്യാപനം. ഈ മൂന്നു സാധ്യതകളുടെയും പശ്ചാത്തലത്തില്‍ ഇതുവരെയുള്ള തെളിവുകൾ സൂചിപ്പിക്കുന്നത്, അമേരിക്കക്ക് പെട്ടെന്നുള്ള തന്ത്രപരമായ വിജയം ലഭിക്കാനുള്ള സാധ്യത കുറഞ്ഞുവരികയാണെന്നാണ്. അതേസമയം, ‘വിജയം’ കൈവരിക്കാനുള്ള ചെലവ് അതിവേഗം വർധിക്കുന്നതിനാൽ, ചർച്ചകളിലൂടെയുള്ള ആത്യന്തിക പരിഹാരമായിരിക്കും ഒടുവിൽ കൂടുതൽ യുക്തിസഹമായി അമേരിക്കക്കും ബോധ്യപ്പെടുക. അമേരിക്കയിലും ലോകമെമ്പാടുംതന്നെയും ഇപ്പോള്‍ നടക്കുന്ന യുദ്ധവിരുദ്ധ പ്രകടനങ്ങളും ആശയസമാഹരണവും സാമ്രാജ്യത്വത്തിന്റെ മറ്റൊരു യുദ്ധപരാജയത്തിലേക്കാണ് കൃത്യമായും വിരല്‍ചൂണ്ടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.