കേരള നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലങ്ങൾ സംശയങ്ങൾക്കിടയില്ലാത്ത വിധം വ്യക്തമാണ്. യു.ഡി.എഫ് വ്യക്തമായ മേൽക്കൈ നേടിയപ്പോൾ എൽ.ഡി.എഫ് ശക്തമായ തിരിച്ചടിയാണ് നേരിട്ടത്. മുന്നണികൾ മാറിമാറി വരുന്ന പതിവുരീതി കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തിന്റെ ഭാഗമാണെങ്കിലും, ഈ ഫലത്തെ കേവലമൊരു അധികാരമാറ്റമായി കാണാനാവില്ല. വർധിച്ചുവന്ന അതൃപ്തി കൈകാര്യം ചെയ്യുന്നതിൽ വന്ന പാളിച്ചകൾ, ഭരണത്തുടർച്ച സ്വാഭാവികമാവുമ്പോൾപ്പോലും അത്തരം തുടർച്ചകളോടുള്ള മടുപ്പ്, കടുത്ത മാധ്യമ നിരീക്ഷണങ്ങൾക്കിടയിൽ ക്ഷേമഭരണ സമീപനം നേരിട്ട പരിമിതികൾ, ബി.ജെ.പിയുടെ ഹിന്ദുത്വ ഏകീകരണം, എൻ.എസ്.എസ് - എസ്.എൻ.ഡി.പി ഇരട്ടമുഖം കാണുന്നതിൽ എൽ.ഡി.എഫിന് വന്ന പാളിച്ചകൾ, ദലിത് - ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം തുടങ്ങി നിരവധി കാരണങ്ങൾ രൂപപ്പെടുത്തിയ സങ്കീർണമായ ഒരു രാഷ്ട്രീയ സാഹചര്യത്തെയാണ് ഈ മാറ്റം പ്രതിഫലിപ്പിക്കുന്നത്.
തങ്ങളുടെ അധികാരം പുനർനിർണയിക്കുന്നതിലും ജാഗ്രത പുലർത്തുന്നതിലും കേരളത്തിലെ വോട്ടർമാർ എന്നും മുന്നിലാണ്. മാറിമാറി വരുന്ന രീതിക്ക് വിരാമമിട്ട് കഴിഞ്ഞ തവണ എൽ.ഡി.എഫ് നേടിയ വിജയം പ്രളയവും മഹാമാരിയും പോലുള്ള പ്രതിസന്ധികളെ നേരിട്ടതിലൂടെ ലഭിച്ച ഒരു അസാധാരണ സാഹചര്യത്തിന്റെകൂടി പ്രതിഫലനമായിരുന്നു. എന്നാൽ ആ ജനവിധി നിലനിർത്താൻ ഭരണപരമായ തുടർച്ച മാത്രമല്ല, രാഷ്ട്രീയമായ സംവേദനക്ഷമതയും പ്രതികരണശേഷിയും ആവശ്യമായിരുന്നു. കാലക്രമേണ, അധികാര കേന്ദ്രീകരണത്തെക്കുറിച്ചുള്ള ആശങ്കകളും അഴിമതി ആരോപണങ്ങളും ദൈനംദിന ജീവിതപ്രശ്നങ്ങളും ഭരണകൂടവും തമ്മിലുണ്ടായ അകൽച്ചയും ആ മേൽക്കൈ ഇല്ലാതാക്കിയിട്ടുണ്ടാവാം. അതുകൊണ്ടുതന്നെ, യു.ഡി.എഫിന്റെ നേട്ടം കേവലമൊരു തെരഞ്ഞെടുപ്പ് കണക്കിലല്ല, മറിച്ച് ജനങ്ങൾക്കിടയിൽ അസംതൃപ്തി നിലനിൽക്കുന്ന ഘട്ടത്തിൽ വിശ്വസനീയമായ ഒരു ബദലായി സ്വയം അവതരിപ്പിക്കാൻ അവർക്ക് കഴിഞ്ഞു എന്നതിലാണ്.
അചഞ്ചലമായ ന്യൂനപക്ഷ രാഷ്ട്രീയം
മറ്റൊന്ന് അചഞ്ചലമായ ന്യൂനപക്ഷ രാഷ്ട്രീയമാണ്. കേരളത്തിലെ ബി.ജെ.പിയുടെ വളർച്ചയോടെയാണ് ന്യൂനപക്ഷ രാഷ്ട്രീയം നിശിതമായി ആക്രമിക്കപ്പെട്ടു തുടങ്ങിയത്. ന്യൂനപക്ഷഐക്യം അങ്ങേയറ്റം അനിവാര്യമാക്കുന്ന സാഹചര്യം കേരളത്തിലുണ്ട് എന്നത് മനസ്സിലാക്കുന്നത് ഈ തെരഞ്ഞെടുപ്പുഫലത്തിന്റെ പശ്ചാത്തലത്തിൽ കൂടുതൽ പ്രധാനമാവുന്നു. ഒരർത്ഥത്തിൽ, കേരളത്തിലെ ഏറ്റവും വിശ്വസനീയമായ മതേതരരാഷ്ട്രീയം ന്യൂനപക്ഷത്തിന്റേതാണ്. അതിനെ പ്രതിക്കൂട്ടിലാക്കുന്ന ഇടപെടലുകൾ യഥാർത്ഥത്തിൽ പൊതുസമൂഹവും ആഗ്രഹിക്കുന്നില്ല. അതിനുവേണ്ടി കാത്തിരിക്കുന്നതും അതാഘോഷിക്കുന്നതും ബി.ജെ.പി മാത്രമാണ്. ഇതിൽനിന്നുകൂടി വിളവ് കൊയ്തുകൊണ്ടാണ് മൂന്ന് സീറ്റിൽ അവർ ജയിച്ചു കയറിയത്. കേരളസമൂഹം ഇത് തിരിച്ചറിയുകയും ന്യൂനപക്ഷത്തോടൊപ്പം കൂടുതൽ വ്യക്തതയോടെ നിലയുറപ്പിക്കുകയും വേണം. എന്റെ അഭിപ്രായത്തിൽ, നിയമസഭയിൽ, ഒറ്റക്കെട്ടായി യു.ഡി.എഫും എൽ.ഡി.എഫും ബി.ജെ.പിയെ എതിർക്കേണ്ടതുണ്ട്. പ്രതിപക്ഷത്തുനിന്ന് യാതൊരു കാരണവശാലും ബി.ജെ.പിയുമായി ചേർന്നുള്ള ഫ്ലോർ കോർഡിനേഷൻ ഉണ്ടാവരുത്.
ഈ തെരഞ്ഞെടുപ്പിലെ മറ്റൊരു ശ്രദ്ധേയമായ വശം ഇടത് വോട്ടുകൾ യു.ഡി.എഫിന് അനുകൂലമായി ഏകീകരിക്കപ്പെട്ടതാണ്. ജി. സുധാകരൻ, വി. കുഞ്ഞികൃഷ്ണൻ, ടി.കെ. ഗോവിന്ദൻ തുടങ്ങിയ പ്രമുഖ സി.പി.എം നേതാക്കളുടെ സാന്നിധ്യം യു.ഡി.എഫിനെ ഇതിൽ സഹായിച്ചിട്ടുണ്ട്. ഇവരാരുംതന്നെ പരമ്പരാഗത ഇടതുവിരുദ്ധരായിരുന്നില്ല. ഈ ഏകീകരണം കേവലമൊരു തെരഞ്ഞെടുപ്പ് തന്ത്രമല്ല, മറിച്ച് വർഗ്ഗ-സമുദായ-പ്രാദേശിക വ്യത്യാസങ്ങൾക്കപ്പുറം ഇടത് രാഷ്ട്രീയത്തെക്കുറിച്ച് ഇടതുപാർട്ടികൾക്കുള്ളിൽ, വിശേഷിച്ച് സി.പി.എമ്മിനുള്ളിൽ വീക്ഷണവ്യത്യാസങ്ങൾ നിലനിൽക്കുന്നുണ്ടെന്നും അവ സൈദ്ധാന്തികമായോ രാഷ്ട്രീയമായോ പരിഹരിക്കപ്പെടുന്നില്ലെന്നുമുള്ള ധാരണ ശക്തമാക്കാൻ ഇടയാക്കിയ സംഭവവികാസമായിരുന്നു. എല്ലാ വിമതത്വവും ശത്രുതാപരമായ വിമതത്വമല്ല. അവ പലപ്പോഴും പ്ലൂറലിസ്റ്റ് സമൂഹത്തിലെ സംഘർഷങ്ങളുടെ പ്രതിഫലനങ്ങളാവും. ഇതിനോടുള്ള സ്വയംവിമർശനം എപ്പോഴും പ്രസക്തമാണ്.
ബി.ജെ.പിക്ക് 3 സീറ്റുകൾ മാത്രമേ ലഭിക്കുന്നുള്ളൂ എങ്കിലും അവരുടെ സാവധാനത്തിലുള്ള വളർച്ചയെ കുറച്ചുകാണാനാവില്ല. അവരുടെ സാന്നിധ്യം ഇനി താൽക്കാലികമല്ല; കേരളത്തിന്റെ രാഷ്ട്രീയഭൂമികയിൽ അവർ ക്രമമായി വേരുറപ്പിക്കുകയാണ്. 10 വർഷം മുൻപ്, ബി.ജെ.പി സ്ഥാനാർഥി നേമം മണ്ഡലത്തിൽ വിജയിച്ചപ്പോൾ ഈ പംക്തിയിൽ ഞാൻ എഴുതിയ ലേഖനത്തിന്റെ തലക്കെട്ട് “ഒരു എം.എൽ.എ.യും മുപ്പതുലക്ഷം വോട്ടുകളും” എന്നതായിരുന്നു. അന്നെഴുതിയത് ഒരു ദശാബ്ദത്തിനുശേഷം ആവർത്തിക്കുകയാണ്: “ഇപ്പോൾ കിട്ടിയിട്ടുള്ള വോട്ടുകളല്ല കേരളത്തിൽ സവർണഫാഷിസത്തിന്റെ അടിസ്ഥാനം. അതിനുള്ളത് കഴിഞ്ഞ മൂന്നു ദശാബ്ദക്കാലമായി പൊതുബോധത്തിൽ ലീനമായിരിക്കുന്ന ന്യൂനപക്ഷവിരുദ്ധതയുടെ, വിശേഷിച്ചു മുസ്ലിം വിരുദ്ധതയുടെ പ്രത്യയശാസ്ത്രമൂലധനമാണ്. അതിന്റെ പ്രധാനലക്ഷ്യം മുസ്ലിം-ക്രൈസ്തവ വിശ്വാസികളുടെ സംഘടിതരൂപങ്ങളെ പാടെ തകർക്കുക എന്നുള്ളതാണ്. മതം വിമർശിക്കപ്പെടുന്ന വ്യവഹാരങ്ങളിൽ എങ്ങനെയാണോ യൂറോപ്പിൽ ക്രിസ്തുമതം പ്രതിക്കൂട്ടിൽ ആവാത്തത്, അത്രമേൽ സ്വാഭാവികമായി ഇന്ത്യയിലെ പൊതു യുക്തിവാദ-മതവിരുദ്ധ-മതേതരവ്യവഹാരം ഹിന്ദുമതത്തിന് ഒരു പോറൽപോലും ഏൽപ്പിക്കില്ലെന്ന ദൃഢവിശ്വാസം അവർക്കുണ്ട്. എന്നാൽ അത്തരം വിമർശനങ്ങൾ സവർണമതസ്വത്വത്തിന് തീർത്തും ഭീഷണിയാവുമ്പോൾ അത്തരം വിമർശകരെ അവർ ഉന്മൂലനം ചെയ്യുന്നതും കഴിഞ്ഞ വർഷങ്ങളിൽ നാം കാണുകയുണ്ടായി. അതിനപ്പുറം, ഹിന്ദുത്വലക്ഷ്യം, ന്യൂനപക്ഷമതങ്ങൾ ഇപ്പോഴും അരക്ഷിതരായിരിക്കണം എന്നതാണ്. അവരുടെ സംഘടിതശക്തി സംശയത്തോടെ മാത്രമേ പൊതുധാരയിൽ വീക്ഷിക്കാൻ പാടുള്ളൂ എന്നത് അവരെക്കൊണ്ടുതന്നെ നിരന്തരം സാധൂകരിപ്പിക്കേണ്ടതുണ്ട്. എല്ലാ മുസ്ലിം സംഘടനകളും ഇസ്ലാമിക് സ്റ്റേറ്റിന്റെ വകഭേദങ്ങളാണ്.” പിൽക്കാലത്ത് നാം കണ്ടത് മറയില്ലാതെ ബി.ജെ.പിയും അവരുടെ സഖ്യകക്ഷികളും ഇതേ അജണ്ട നിരങ്കുശം ചുരുൾ നിവർത്തി ഇടുന്നതാണ്. ഇതേ ലക്ഷ്യം വെച്ചുള്ള പ്രവർത്തനങ്ങളിലൂടെയും സ്വത്വരാഷ്ട്രീയത്തിലൂന്നിയ പ്രചാരണങ്ങളിലൂടെയും ചില പ്രത്യേക മേഖലകളിൽ വോട്ട് വിഹിതവും സ്വാധീനവും വർധിപ്പിക്കാൻ ബി.ജെ.പിക്ക് കഴിഞ്ഞിട്ടുണ്ട്. കേരളത്തിന്റെ ദ്വിധ്രുവ രാഷ്ട്രീയ ഘടനയെ തകർക്കാൻ അവർ ഇനിയും ഏറെ മുന്നേറാനുണ്ടെങ്കിലും, തെരഞ്ഞെടുപ്പ് മത്സരങ്ങളിൽ പുതിയ ചലനങ്ങൾ സൃഷ്ടിക്കാൻ അവർക്ക് സാധിക്കുന്നു എന്നതിനെ ഇരു മുന്നണികളും കുറച്ചുകാണരുത്. ഇവിടെയാണ് പുതിയ രാഷ്ട്രീയ ശക്തിയാവുന്ന ദലിത് രാഷ്ട്രീയത്തിനും പ്രസക്തി വർദ്ധിക്കുന്നത്.
ഒരു പുനഃക്രമീകരണത്തിന്റെ നിമിഷം
ഈ തെരഞ്ഞെടുപ്പ് ഫലം ഭരണമാറ്റത്തെ സൂചിപ്പിക്കുന്നുണ്ടെങ്കിലും, കേരളത്തിന്റെ ക്ഷേമമാതൃകയെ തള്ളിക്കളയുന്നില്ല. പൊതുജനാരോഗ്യം, വിദ്യാഭ്യാസം, വിഭവങ്ങളുടെ പുനർവിതരണ നയങ്ങൾ എന്നിവയിൽ അധിഷ്ഠിതമായ കേരളത്തിന്റെ സാമൂഹിക വികസനത്തിന്റെ അടിത്തറ ദശാബ്ദങ്ങളായുള്ള ഇടത് - സിവിൽസമൂഹ ഇടപെടലുകളിലൂടെ രൂപപ്പെട്ടതാണ്. ഈ പാരമ്പര്യത്തെ അത്ര എളുപ്പത്തിൽ ഇല്ലാതാക്കാൻ കഴിയില്ല, വരുന്ന ഭരണകൂടത്തിനും അത് അവഗണിക്കാനുമാവില്ല. എന്നാൽ മാറിക്കൊണ്ടിരിക്കുന്ന സാമ്പത്തിക സാഹചര്യത്തിൽ ഈ ക്ഷേമസംവിധാനത്തെ എങ്ങനെ സുസ്ഥിരമായി മുന്നോട്ട് കൊണ്ടുപോകാം എന്നതാണ് പ്രധാനപ്പെട്ട ചോദ്യം. എൽ.ഡി.എഫിന്റെ പരാജയം ക്ഷേമപദ്ധതികൾ വേണ്ട എന്ന അർത്ഥത്തിലല്ല, മറിച്ച് അവ നടപ്പിലാക്കുന്ന രീതിയിലെ സുതാര്യതയും പ്രതികരണശേഷിയും പുനർചിന്തിക്കണമെന്ന ആവശ്യമായാണ് കാണേണ്ടത്. അന്തിമമായി വിശകലനം ചെയ്താൽ, കേരളത്തിന്റെ രാഷ്ട്രീയസംസ്കാരം ഇപ്പോഴും ക്ഷേമവും വികസനവും, ബഹുസ്വരതയും സ്വത്വവും തമ്മിലുള്ള കൃത്യമായ സന്തുലിതാവസ്ഥയിലാണ് ഉറച്ചുനിൽക്കുന്നത്. ഈ തെരഞ്ഞെടുപ്പ് ഫലം ആ സന്തുലിതാവസ്ഥയെ തകർക്കുന്നില്ല, മറിച്ച് അത് നിരന്തരം പുതുക്കിക്കൊണ്ടിരിക്കേണ്ടതാണെന്ന് രാഷ്ട്രീയ സമൂഹത്തെ ഓർമ്മിപ്പിക്കുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.