വർഷങ്ങൾക്ക് മുമ്പാണ്. തിരുവനന്തപുരം നഗരം. ഒരുകൂട്ടം പത്രക്കാർ വഴുതക്കാട് ജങ്ഷനടുത്ത് വട്ടംകൂടി. മഹാരസികനായ നിത്യവിമതനാണ് നടുനായകൻ. കുഴിക്കട എന്നൊരു ചായക്കടയുണ്ട്. റോഡിനേക്കാൾ താഴെയായതുകൊണ്ട് വന്ന പേരാണ്. തൊട്ടടുത്ത് മറുക്കാൻ കടയുമുണ്ട്. പലരും പഴംപൊരിയും ചായയും മോഹിച്ചാണ് വരുന്നത്. രസികന് ഹരം നാലുംകൂട്ടി മുറുക്കലാണ്. നിയമസഭാ അവലോകനം എഴുതിത്തീർത്ത് ഇറങ്ങിയതാണ് കക്ഷി. മുറുക്കിച്ചുവന്നങ്ങനെ നിൽക്കുമ്പോൾ ഒരാൾവന്ന്, നാലുഭാഗവും നോക്കിയിട്ട് ചോദിച്ചു ‘‘ഈ സി.പി.ഐ സ്മാരകം എവിടെയാണ്?’’ പലർക്കും ചോദ്യം മനസ്സിലായില്ല. മുറുക്കാൻ വായിലടക്കി എതിർവശത്തേക്ക് ചൂണ്ടിക്കാണിച്ചുകൊണ്ട് രസികൻ പറഞ്ഞു ‘‘നിങ്ങളുദ്ദേശിച്ചത് അതാ അവിടെയാണ്. അൽപം മുന്നോട്ട് നടന്നാൽ ഇടതുവശത്ത്. പിന്നെ, നിങ്ങൾ ചോദിച്ചത് ഏറെ താമസിയാതെ അങ്ങനെയായിക്കോളും’’. ചോദിച്ചയാൾ എം.എൻ സ്മാരകമന്ദിരം ലക്ഷ്യമാക്കി നടന്നു. കേരളത്തിലെ സി.പി.ഐ ആസ്ഥാനത്തിന് പറ്റിയ പേര് അതാണെന്ന് വിമതന്റെ അടിവര. സി.പി.ഐ സ്മാരക മന്ദിരം!
1964ൽ കമ്യൂണിസ്റ്റ് പാർട്ടി പിളരുമ്പോൾ സംസ്ഥാന സെക്രട്ടറി എം.എൻ. ഗോവിന്ദൻ നായരാണ്. ഇ.എം.എസ്. നമ്പൂതിരിപ്പാട് നടുനില പിടിച്ചുനിന്നെങ്കിലും ബംഗാളിലെ സഖാക്കൾ ഇടത്തോട്ട് വലിച്ചിട്ടു. അവർ സി.പി.ഐ (മാർക്സിസ്റ്റ്) എന്ന പാർട്ടിയുണ്ടാക്കി മുന്നോട്ടുപോയി. എം.എനും പാർട്ടിയും നിന്നിടത്തുനിന്നു. പിന്നെയൊരു പ്രസംഗമത്സരമാണ്. വലതു കമ്യൂണിസ്റ്റുകൾ എന്ന സി.പി.ഐയിൽനിന്ന് എം.എൻ. ഗോവിന്ദൻ നായരും ഇടതന്മാർ എന്ന സി.പി.എമ്മിൽനിന്ന് ഇ.എം.എസ്. നമ്പൂതിരിപ്പാടും നാക്കുതൊടുത്തു. തൃശൂർ തേക്കിൻകാട് മൈതാനത്ത് ഇ.എം.എസ് ആഞ്ഞടിച്ചു: ‘‘വലതുപക്ഷക്കാർ അവസരവാദികളും കോൺഗ്രസിന്റെ വാലാട്ടികളുമാണ്. സായിപ്പിനെ കാണുമ്പോൾ കവാത്ത് മറക്കുന്നവരാണ്. മുതലാളിത്തത്തിന്റെ പ്രതിരൂപമായ കോൺഗ്രസുമായി സഹകരിക്കുവാൻ നടക്കുന്നവർ തൊഴിലാളി വർഗത്തിന്റെ ശത്രുക്കളാണ്’’. കൊല്ലം ചിന്നക്കടയിൽ എം.എൻ തിരിച്ചടിച്ചു:‘‘പ്രായപൂർത്തി വോട്ടവകാശം വന്നപ്പോൾ ചില ജന്മികൾക്ക് അമർഷമുണ്ടായി. തനിക്കും മേൽവിലാസമില്ലാത്തവർക്കും ഒരേ വോട്ടോ! ഇതേ മനോഭാവമാണ് ഇ.എം.എസിനുള്ളത്’’. കോൺഗ്രസുമായി സഖ്യമുണ്ടാക്കുന്നതിനെ ഇ.എം.എസ് അനുകൂലിച്ചിട്ടുണ്ടെന്നും എം.എൻ വെളിപ്പെടുത്തി. മത്സരം മുറുകിയപ്പോൾ എം.എൻ ശപിച്ചു: ‘‘പിളർപ്പന്മാർ കേരളത്തിലും ബോർഡുവെക്കും എന്നല്ലാതെ കൈനീട്ടം വിൽക്കാൻ പോകുന്നില്ല’’. പക്ഷേ, 1965ലെ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ തോൽവി സി.പി.ഐക്കായിരുന്നു. 55 സീറ്റിൽ മത്സരിച്ചിട്ട് മൂന്നിടത്താണ് ജയിച്ചത്. 73 സീറ്റിൽ മത്സരിച്ച സി.പി.എമ്മിന് 40 എം.എൽ.എമാർ. കാര്യം നമ്പൂതിരിപ്പാട് മുസ്ലിം ലീഗിനെ കൂട്ടിപ്പിടിച്ചിരുന്നു. എന്നാലും അതോടെ സി.പി.എം വലിയ പാർട്ടിയായി. പിന്നെ കണ്ടുകൊണ്ടിരിക്കുന്നത് അറിയാമല്ലോ, ടോം ആൻഡ് ജെറി പോലൊരു പാരപ്പരമ്പരയാണ്. ഒരേ മുന്നണിയിൽനിന്ന് പാരവെക്കുക!
എം.എൻ. ഗോവിന്ദൻ നായർ
അതാരംഭിച്ചത്1967ലാണ്. രണ്ടായെങ്കിലും ഭരണത്തിനായി ഒത്തുചേർന്നു. സപ്തകക്ഷി മുന്നണിയുണ്ടാക്കി. മുഖ്യഘടകങ്ങൾ സി.പി.എമ്മും സി.പി.ഐയും തന്നെ. എം.എന്റെ പാർട്ടി പിന്തുണച്ച് ഇ.എം.എസിന്റെ രണ്ടാം മന്ത്രിസഭ. തുടക്കത്തിൽതന്നെ (1967 ഫെബ്രുവരി 9ന്) സി.പി.ഐ സെക്രട്ടറി സി. അച്യുതമേനോൻ കീഴ്ഘടകങ്ങൾക്കയച്ചൊരു കത്തുണ്ട്. (എം.എൻ മന്ത്രിയായി) അതാണ് ഈ പാരപ്പരമ്പരയുടെ തിരക്കഥ: ‘‘നമ്മുടെ പാർട്ടിയിലെ പല ഘടകങ്ങളും ഭിന്നിപ്പിനെപറ്റി വിസ്മരിച്ചതുപോലെ തോന്നുന്നു. പ്രത്യയശാസ്ത്രപരമായും ദേശീയ -സാർവദേശീയമായും രണ്ടും രണ്ടു പാർട്ടികളും ഐക്യമുന്നണിയിലെ രണ്ട് വ്യത്യസ്ത ഘടകങ്ങളുമാണ്. ഇത് ശരിക്ക് മനസ്സിലാക്കി പ്രവർത്തനം സംഘടിപ്പിക്കാൻ കഴിയാതെ വന്നാൽ നമ്മുടെ സംഘടന തെരഞ്ഞെടുപ്പ് കഴിയുമ്പോൾ കാണുകയില്ല’’. എന്ന് തുടങ്ങുന്ന കത്തിൽ സി.പി.എമ്മിന്റെ ചൈനാ പക്ഷപാതം തുറന്നുകാട്ടണമെന്നും അവർ പാർട്ടിയുണ്ടാക്കുന്നതുപോലെ സി.പി.ഐക്കാരും പാർട്ടി ശക്തിപ്പെടുത്താൻ ശ്രമിക്കണമെന്നും ഓർമിപ്പിക്കുന്നുണ്ട്. ഭരണം രണ്ടാംവർഷമായപ്പോൾ സി.പി.ഐ മുന്നണിക്കുള്ളിലൊരു കുറുമുന്നണിയുണ്ടാക്കി. ആ ബലത്തിൽ സി.പി.എം മന്ത്രിമാർക്കെതിരെ അഴിമതി ആരോപിച്ചു. സി.പി.എമ്മിനുമുണ്ടായിരുന്നു കൈയാളുകൾ. അവരെക്കൊണ്ട് സി.പി.ഐയിലെ ഉന്നതർക്ക് എതിരെ ആരോപണം പറയിച്ചു. എം.എൻ. ഗോവിന്ദൻ നായർക്കും ടി.വി. തോമസിനുമെതിരെ ജുഡീഷ്യൽ അന്വേഷണം കൊളുത്തിവെച്ച് ഇ.എം.എസ് ഭരണമൊഴിഞ്ഞു. പിന്നെ സി.പി.ഐയെ കാണുന്നത് ഭരണത്തിന്റെ തലപ്പത്താണ്. കോൺഗ്രസ് പിന്തുണയോടെ അച്യുതമേനോനെ മുഖ്യമന്ത്രിയാക്കി 1969ൽ. അടിയന്തരാവസ്ഥയുടെ സഹായത്തോടെ അത് 1977 വരെ നീണ്ടു. 78 മുതൽ 79 വരെ പി.കെ. വാസുദേവൻ നായരും അതേ സഖ്യത്തിന്റെ മുഖ്യമന്ത്രിയായി. പിന്നീട് സി.പി.ഐക്ക് വീണ്ടുവിചാരമുണ്ടായി. 1978 ഏപ്രിലിൽ ഭട്ടിൻഡയിൽ പാർട്ടി കോൺഗ്രസ് ചേർന്ന് കുമ്പസരിച്ചു. അടിയന്തരാവസ്ഥയെ പിന്തുണച്ചതിൽ ഖേദിച്ചു. ഇടതുപക്ഷ ഐക്യത്തിനുവേണ്ടി യത്നിക്കാൻ തീരുമാനിച്ചു. പി.കെ.വി മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചു. സി.പി.എമ്മുമായി ചേർന്ന് ഇടതുപക്ഷ ജനാധിപത്യമുന്നണിയുണ്ടാക്കി. പിന്നീടുള്ളതൊക്കെ അറിയാമല്ലോ. സി.പി.എമ്മിന്റെ കണക്കിൽ ഇ.എം.എസിന് പുറമെ മുഖ്യമന്ത്രിമാർ മൂന്നുണ്ട്. ഇ.കെ. നായനാർ മൂന്നുവട്ടം, വി.എസ്. അച്യുതാനന്ദൻ ഒരുവട്ടം, പിണറായി വിജയൻ രണ്ടുവട്ടം. സി.പി.ഐക്കാകട്ടെ, അതിനുമുമ്പ് കോൺഗ്രസ് സഹായിച്ചുണ്ടായ അച്യുതമേനോനും പി.കെ. വാസുദേവൻനായരും മാത്രം.
ഈ കുറവ് മറയ്ക്കാൻ സിപി.ഐ പൊട്ടിക്കാറുള്ള ഗുണ്ടുണ്ട്. ‘‘1969ൽ ഞങ്ങൾ വേർപിരിഞ്ഞതിനുശേഷം, 1981ൽ ഞങ്ങൾ തിരിച്ചുവന്നിട്ടാണ് സി.പി.എം ഭരണം കണ്ടത്.’’ ആ മുട്ടുന്യായം ഞെളിഞ്ഞുനിന്ന് പറയാൻ കെൽപുള്ള സെക്രട്ടറിമാരുമുണ്ടായിരുന്നു. വെളിയം ഭാർഗവൻ, സി.കെ. ചന്ദ്രപ്പൻ, കാനം രാജേന്ദ്രന്റെ ആദ്യപകുതി എന്നിവയൊക്കെ നോക്കുക. അവരുടെ പ്രധാന പരിപാടി സി.പി.എമ്മിനെ ‘ക്ഷ’ വരപ്പിക്കൽ മാത്രമായിരുന്നല്ലോ. എൽ.ഡി.എഫ് ഭരണത്തിലാണെങ്കിൽ ഡിഫാക്ടോ പ്രതിപക്ഷനേതാവ് സി.പി.ഐ സെക്രട്ടറിയാണ്. നിയമസഭയിലെ പ്രതിപക്ഷ നേതാവിന് വാക്കൗട്ട് നടത്തുന്ന പണിയേ കാണൂ. സി.പി.ഐക്ക് മന്ത്രിമാരുള്ളതുകൊണ്ട് ഇറങ്ങിപ്പോകില്ല, പകരം പത്രസമ്മേളനങ്ങളിലും പൊതുസമ്മേളനങ്ങളിലും സി.പി.എമ്മിനെ കമ്യൂണിസം പഠിപ്പിക്കും. ഒന്നാം പിണറായി സർക്കാറിന്റെ മാവോവാദി വേട്ടയിൽ പൊലീസ് മാവോവാദികൾക്കെതിരെ വെച്ചതിനെക്കാൾ വെടി കാനം രാജേന്ദ്രൻ സർക്കാറിനെതിരെ വെച്ചിട്ടുണ്ട്. എന്നിട്ടും മന്ത്രിസഭക്കോ സി.പി.ഐ മന്ത്രിമാർക്കോ ഒന്നും പറ്റിയിട്ടില്ല. വെച്ചതെല്ലാം പൊയ് വെടിയാണോ എന്നതല്ല, തക്കംനോക്കി പൊട്ടിച്ചോ എന്നതാണ് പ്രധാനം. അന്നൊക്കെ എം.എൻ സ്മരക മന്ദിരം ഒരു വാർറൂംപോലെ സജീവമായിരുന്നു. എപ്പോൾ വേണമെങ്കിലും വെടിപൊട്ടുമായിരുന്നു. പിന്നീടെപ്പോഴോ കാനം സഖാവ് മയപ്പെട്ടു. എന്നും രാവിലെവന്ന് സർക്കാറിനെ എതിർക്കലല്ല തന്റെ പണി എന്ന് പ്രഖ്യാപിച്ചു. അപ്പോഴാണ് പിണറായി വിജയനെന്ന ആഭ്യന്തരമന്ത്രിക്ക് സമാധാനമായത്. സൗഹാർദവെടി നിന്നല്ലോ. കാനം മരിച്ചതോടെ സി.പി.ഐ പൂർണമായും പരുവപ്പെട്ടു. ഇപ്പോൾ പു.ക.സ പോലെ സി.പി.എമ്മിനൊരു അലങ്കാരമാണ് സി.പി.ഐ.
കാനം രാജേന്ദ്രൻ
അതിന്റെയാഘോഷമായിരുന്നു ആലപ്പുഴയിൽ. നേതൃത്വം രണ്ടുകാര്യം ആദ്യമേ തീരുമാനിച്ചിരുന്നു. ഒന്ന്, തർക്കവും എതിർപ്പുമുള്ള ഘടകങ്ങളിൽനിന്ന് പ്രതിനിധികൾ വേണ്ട. രണ്ട്, കടുത്ത വിമർശനങ്ങളൊന്നും റിപ്പോർട്ടുകളിൽ വേണ്ട. സി.പി.എമ്മുകാർക്കുപോലും എതിർപ്പുണ്ട് ആഭ്യന്തരവകുപ്പിന്റെ പോക്കിൽ. പക്ഷേ, സി.പി.ഐ സമ്മേളനത്തിൽ അവതരിപ്പിച്ച രാഷ്ട്രീയ റിപ്പോർട്ടിൽ അതില്ല. എല്ലാവർക്കും എതിർപ്പുള്ളതാണ് തൃശൂരിൽ തോൽക്കാനുണ്ടായ സാഹചര്യവും പാർട്ടിയും മുന്നണിയും അത് കൈകാര്യം ചെയ്തരീതിയും. രാഷ്ട്രീയറിപ്പോർട്ടിലോ പ്രവർത്തന റിപ്പോർട്ടിലോ അതില്ല. സി.പി.ഐയുടെ അഭിപ്രായമായി വിമർശനങ്ങൾ പുറത്തുവന്നാൽ സർക്കാറിന്റെ മൂന്നാം വരവിനെ ബാധിക്കുമെന്നാണ് സെക്രട്ടറിയുടെ ന്യായം. അതിനാൽ ഇത്തരം എതിർപ്പുകളൊന്നും റിപ്പോർട്ടിലുണ്ടാവില്ലെന്ന് കൗൺസിലിൽ തീരുമാനമാക്കി. പ്രതിനിധികൾക്ക് അഭിപ്രായമുണ്ടേൽ ചർച്ചയിലാകാം. സമ്മേളനത്തിന് അകത്തെ വെടി നേതൃത്വത്തിനാണല്ലോ കൊള്ളുക. ഞങ്ങളത് ഏറ്റോളാം, മുന്നണി നേതൃത്വത്തെ നോവിക്കരുത് എന്നർഥം. അപ്പോഴൊരു പ്രശ്നമുള്ളത് പ്രതിനിധികൾ നിരന്തരം വിമർശിച്ചാൽ നേതൃത്വത്തിനെതിരെ വികാരം രൂപപ്പെടില്ലേ എന്നതാണ്. സാധാരണ കമ്യൂണിസ്റ്റ് പാർട്ടിയാണേൽ അതുണ്ടാവും. അസാധാരണ പാർട്ടിയായതിനാൽ ഇതിൽ അങ്ങനെയുണ്ടായില്ല. അനഭിമതരായ ആരും കൗൺസിലിലെത്തിയില്ല. തീരുമാനിച്ചതുപോലെ സുഗമമായ റിപ്പോർട്ടും തെരഞ്ഞടുപ്പും അവതരിപ്പിക്കപ്പെട്ടു. ബിനോയ് വിശ്വം ശരിക്കും സെക്രട്ടറിയായി. എതിർക്കാൻ ഒരുകാലത്ത് കെൽപുണ്ടായിരുന്ന കെ.ഇ. ഇസ്മയിലിന് താൻ ജനക്കൂട്ടത്തിനിടയിലുണ്ടെന്ന് പത്രക്കാരെ അറിയിക്കേണ്ടിവന്നു. ആ അവസ്ഥയെ സെക്രട്ടറി കണക്കിന് കളിയാക്കുകയും ചെയ്തു. പ്രകാശ്ബാബു കടും കേഡറായതിനാൽ കെ. ദാമോദരനെപ്പോലെ വീട്ടിലെത്തിയിട്ടേ പൊട്ടിത്തെറിക്കൂ. സമ്മേളനം സസന്തോഷം നടന്നു. ചെമ്പട മാർച്ച് ചെയ്തു. സി.പി.ഐ എന്നൊന്നും പറഞ്ഞില്ലെങ്കിലും മുഖ്യമന്ത്രി സെമിനാറിന് വന്നു. ഇരട്ട സന്തോഷമായി.
എല്ലാം ശാന്തമായതിനാൽ ഇനി രണ്ടു പ്രവചനം. (ഒന്ന്) മൂന്നാംഭരണം കിട്ടാത്തതിന് കാരണം പൊലീസ് മാത്രമായിരിക്കും. അതിന്റെ ഉത്തരവാദിത്തം സി.പി.എമ്മിന് മാത്രമല്ല സി.പി.ഐക്കുമുണ്ടാവും. (രണ്ട്) ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ കണ്ടപോലെ ഉറച്ച സീറ്റിൽ സി.പി.ഐക്കാർ അനായാസേന തോൽക്കുന്നത് നിയമസഭാ തെരഞ്ഞെടുപ്പിൽ പലയിടത്തും കാണാം. അതും ബലിയായിരിക്കും!
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.