ചങ്ങനാശ്ശേരി പോപ്പും കണിച്ചുകുളങ്ങര മൂപ്പനും വേഷമിടുന്ന പ്രഹസനം പിന്നെയും വേദിയിലെത്തുകയാണ്. കർട്ടൻ പൊങ്ങുന്നതിനുമുമ്പ് ഈ കലാരൂപത്തെപ്പറ്റി രണ്ടുവാക്ക്. ഇതൊരു പ്രഹസനമാണ്; നാടകമല്ല. രണ്ടും ഒന്നല്ല. കെട്ടുറപ്പുള്ള കലാരൂപമാണ് നാടകം. ചരിത്രപരമോ സാമൂഹികമോ ആയി ഗൗരവമുള്ള വിഷയങ്ങളായിരിക്കും നാടകത്തിൽ. വൈകാരികമായി കെൽപും ആഴവുമുള്ള കഥാപാത്രങ്ങളായിരിക്കും. എന്നാൽ, കാണികളെ ചിരിപ്പിക്കാൻ അരങ്ങേറുന്ന തട്ടിക്കൂട്ട് കലാപരിപാടിയാണ് പ്രഹസനം. ഇതിനാണ് സ്കിറ്റ്, സറ്റയർ എന്നൊക്കെ പറയുന്നത്. വ്യക്തികളുടെ സ്വഭാവവൈകല്യങ്ങളോ സമൂഹത്തിലെ മാറാപ്പുകെട്ടുകളോ ഒക്കെയായിരിക്കും വിഷയം. വിചിത്രസ്വഭാവക്കാരും കോമാളിപ്പരുവത്തിലുള്ളവരുമായിരിക്കും കഥാപാത്രങ്ങൾ. നാടകം വിപുലമായ കലാരൂപമാണെങ്കിൽ ഒരുതരം ഹാസ്യാവതരണമാണ് പ്രഹസനം. വല്ലാതെ താൽപര്യമുള്ളവർക്ക് മഹേന്ദ്ര വിക്രമവർമന്റെ മത്തവിലാസം പ്രഹസനം കാണാം. ഗംഭീരമാണ്. നമ്മളിവിടെ കാണാൻ പോകുന്നത് ഒരു നാടൻ പ്രഹസനമാണ്. രണ്ടാമത്തെ അരങ്ങേറ്റമാണ്. 2012ലാണ് ആദ്യം കളിച്ചത്. അന്ന് രംഗത്തുവന്ന രാമലക്ഷ്ണന്മാർതന്നെയാണ് ഇത്തവണയും നായകന്മാർ. അവർതന്നെയായിരിക്കും വില്ലന്മാരും.
ഇതേ പ്രമേയത്തിലൊരു നാടകം 1951-52 കാലത്ത് അരങ്ങേറിയിട്ടുണ്ട്. ദുരന്തനാടകമായിരുന്നു. അന്ന് ഐക്യകേരള നാടകശാലയില്ല. തിരുവിതാംകൂറിലാണത് തകർത്താടിയത്. അതിഗംഭീരന്മായിരുന്നു കഥാപാത്രങ്ങളും അഭിനേതാക്കളും. എൻ.എസ്.എസിന്റെ ആചാര്യൻ മന്നത്തു പത്മനാഭനും എസ്.എൻ.ഡി.പി യോഗത്തിന്റെ അങ്കച്ചേകവൻ ആർ. ശങ്കറും. മന്നത്തിന്റെ ഡയറി മറിച്ചുനോക്കിയാൽ അതിലെ ഹരമുള്ള രണ്ടുമൂന്നു രംഗങ്ങൾ കാണാം. (ഒന്ന്) 1950 ഫെബ്രുവരി 5-നു ഹൈന്ദവയോഗം സ്ഥാപിക്കാൻ പ്രതിനിധിയോഗം കാലത്തു പത്തുമണിക്ക് കരയോഗ മന്ദിരത്തിൽ കൂടി. ഹിന്ദുസമുദായത്തിന്റെ എല്ലാ വിഭാഗങ്ങളുടേയും പ്രതിനിധികൾ ഹാജരായി. ഹിന്ദു മഹാമണ്ഡലം എന്നപേരിൽ ജാതിയില്ലാതാക്കാൻ ഒരു ഏകീകൃത ഹിന്ദു ജനതാ രൂപവത്കരണത്തിനു തുടക്കമിട്ടു. (രണ്ട്) 1951-ജൂൺ 24ന് കൊല്ലത്ത് ഡെ.കോൺഗ്രസ് കൺവെൻഷൻ കാലത്തു പത്തുമണിക്ക്. തിരുവിതാംകൂറിന്റെ നാനാഭാഗത്തുനിന്ന് പ്രാമാണികരായ പ്രതിനിധികൾ വന്നിരുന്നു. ആർ. ശങ്കരനാരായണ അയ്യരുടെ അധ്യക്ഷതയിൽ യോഗം കൂടി. രാജ്യവ്യാപകമായ നിലയിൽ ഡെമോക്രാറ്റിക് കോൺഗ്രസ് എന്ന സംഘടന രൂപീകരിച്ചു. പ്രവർത്തകസമിതിയെ തെരഞ്ഞെടുത്തു. ഞാനും സംസാരിച്ചു. (മൂന്ന്) 1952 നവംബർ 14നു രാത്രി ഏഴു മണിക്ക് കൊല്ലത്തെത്തി. ഹിന്ദു മഹാമണ്ഡലം ആഫീസിൽ എട്ടുമണിക്കു വന്ന ആർ.എസ്.എസ് പ്രസിഡണ്ട് ഗോൾവാൾക്കറെ സ്വീകരിച്ചു. ഞങ്ങൾ മണ്ഡലം ആഫീസിൽ താമസിച്ചു.
ഈ രംഗങ്ങളിലൂടെ മുന്നേറിയ നാടകത്തിന്റെ കഥാതന്തു തിരുവിതാംകൂർ ദേവസ്വം ബോർഡും അതിന് മൂക്കുകയറിടാൻ നോക്കിയ കോൺഗ്രസ് മന്ത്രിസഭയുമൊക്കെ ചേർന്നതാണ്. രാജഭരണം അവസാനിക്കുമ്പോഴാണ് ദേവസ്വം ബോർഡുണ്ടാക്കിയത്. മന്നത്ത് പത്മനാഭൻ ഹിന്ദുമന്ത്രിമാരുടേയും ആർ. ശങ്കർ ഹിന്ദു എം.എൽ.എമാരുടേയും ശങ്കരനാരായണ അയ്യർ രാജാവിന്റെയും പ്രതിനിധികളായി ബോർഡിലെത്തി. അവർ ഹിന്ദുജാഗരണം തുടങ്ങി. അപ്പോഴേക്ക് രാജപ്രമുഖ പദവി ഇല്ലാതായി. ഗവർണറും മന്ത്രിസഭയുമൊക്കെ പ്രബലമായി. സി. കേശവൻ മുഖ്യമന്ത്രിയായി. ബോർഡിന്റെ കാലാവധിയും അധികാരങ്ങളും വെട്ടിക്കുറച്ചുകൊണ്ട് തിരു-കൊച്ചി നിയമസഭയിൽ ദേവസ്വം ബിൽ കൊണ്ടുവന്നു. ക്രിസ്ത്യൻ എം.എൽ.എമാരുടെ പിന്തുണയോടെയാണ് ബിൽ പാസാക്കിയതെന്നും ഇത് ഹിന്ദുക്കൾക്കെതിരായ നീക്കമാണെന്നും ആരോപിച്ചുകൊണ്ടാണ് മന്നം-ശങ്കരന്മാർ ഹിന്ദുമഹാമണ്ഡലമുണ്ടാക്കിയത്. അതിന്റെ ഉപോൽപന്നമായിരുന്നു ഡെമോക്രാറ്റിക് കോൺഗ്രസ്. ഉപതെരഞ്ഞെടുപ്പുതന്നെ ഡെ. കോൺഗ്രസ് ഓടില്ലെന്ന് തെളിയിച്ചു. 1952ലെ തെരഞ്ഞെടുപ്പു വന്നപ്പോൾ കോൺഗ്രസ് തിരിച്ചുവിളിച്ചു. കേട്ടപാതി ഡെമോക്രസി ഉപേക്ഷിച്ച് രണ്ടുപേരും കോൺഗ്രസിലേക്ക് പാഞ്ഞു. പിന്നെയാണ് രസം. കൊട്ടാരക്കരയാണ് ആർ. ശങ്കറിന് കിട്ടിയ മണ്ഡലം. അവിടെ ഈഴവ വോട്ട് തുലോം കുറവാണ്. എതിർ സ്ഥാനാർഥി നായരുമാണ്. ശങ്കറിനെ ജയിപ്പിക്കുന്ന കാര്യം ഏറ്റെടുത്ത് മന്നം മണ്ഡലത്തിൽ കേമ്പുചെയ്തു. പക്ഷേ, ഫലം വന്നപ്പോൾ ശങ്കർ തോറ്റുതുന്നംപാടി. അദ്ദേഹത്തിന്റെ അനുയായികൾ ബൂത്തുതിരിച്ച് കണക്ക് നോക്കുന്നിടത്ത് മന്നം എത്തിപ്പെട്ടു. വൻചതിയാണ് ചതിച്ചതെന്ന് ശങ്കറിന്റെയാളുകൾ മന്നത്തിന്റെ മുഖത്തുനോക്കി പറഞ്ഞു. ‘‘നായർ കേന്ദ്രങ്ങളിലെ വോട്ടിങ് പാറ്റേൺ അവർ മന്നത്തിന്റെ മുന്നിൽവെച്ചു. വസ്തുതകളുടെ മുന്നിൽ അദ്ദേഹത്തിന് ശബ്ദിക്കാൻ കഴിഞ്ഞില്ല’’ എന്നാണ് ശങ്കറിന്റെ ജീവചരിത്രത്തിൽ കാണുന്നത്. ഒടുവിൽ ശങ്കർ മന്നത്തെ സമാധാനിപ്പിച്ച് തിരിച്ചയക്കുകയായിരുന്നു. ഇതിനു ശേഷം ‘‘മന്നത്തിന്റെയും ശങ്കറിന്റെയും പരസ്പരബന്ധം മുമ്പത്തേതുമാതിരി ആയിരുന്നെന്നു പറഞ്ഞുകൂടാ’’ എന്നും ആ ചരിത്രരേഖയിലുണ്ടേ -ഇതാണ് 1952ലെ ദുരന്തനാടകം.
ഇതു മനസ്സിൽ വെച്ചുവേണം 2012ലെ ഒന്നാം പ്രഹസനം കാണാൻ. ആ വർഷം ഏപ്രിൽ വരെ കണിച്ചുകുളങ്ങര മൂപ്പന്റെ നിലപാട് എൻ.എസ്.എസ്എസ്.എൻ.ഡി.പി സഖ്യത്തിന് ശ്രമിക്കില്ല എന്നതായിരുന്നു. അതൊരു ‘‘ചത്തകുഞ്ഞാണ്’’ എന്നദ്ദേഹം പറഞ്ഞു. യു.ഡി.എഫാണല്ലോ ഭരിക്കുന്നത്. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി. ഏപ്രിൽ 12ന് മഞ്ഞളാംകുഴി അലി മന്ത്രിയായി. ലീഗിന്റെ അഞ്ചാംമന്ത്രി. മൂപ്പന്റെയും പോപ്പിന്റെയും മനസ്സിളകി. ‘‘ചത്തകുഞ്ഞിന്’’ അനക്കംവെച്ചു. കേരളത്തിൽ 13 ശതമാനം നായന്മാരും 23 ശതമാനം ഈഴവരുമാണ് എന്നവർ കണക്കുണ്ടാക്കി. 23 ശതമാനം വരുന്ന മുസ്‍ലിംകളും 19 ശതമാനം വരുന്ന ക്രിസ്ത്യാനികളും കൂടി എല്ലാം വാരിക്കൂട്ടുകയാണെന്നും കണക്കാക്കി. രണ്ടുപേരുടേയും മനമൊന്നായി. അപ്പോഴേക്ക് നരേന്ദ്രൻ കമീഷൻ റിപ്പോർട്ടിന്റെ പൊല്ലാപ്പുവരുന്നു. കണക്കുപ്രകാരം മുസ്‍ലിംകൾക്കും ലത്തീൻ ക്രിസ്ത്യാനികൾക്കും സർവിസിൽ വൻകുറവുണ്ട്. അത് നികത്താൻ സ്പെഷൽ റിക്രൂട്ട്മെന്റ് വേണമെന്ന് ആ സമുദായങ്ങൾ ആവശ്യപ്പെട്ടു. അപ്പോ, ‘‘ചത്തകുഞ്ഞ്’’ എഴുന്നേറ്റിരുന്ന് കരയാൻ തുടങ്ങി. പോപ്പും മൂപ്പനും സടകുടഞ്ഞു. ആഗസ്റ്റ് അവസാനമായപ്പോഴേക്ക് സഖ്യമായി. ഹിന്ദുമഹാസഖ്യമെന്ന് പേരിട്ടു. കണിച്ചുകുളങ്ങരയിൽ നടേശൻ മുതലാളിയുടെ ഭവനത്തിലേക്കെഴുന്നള്ളി 2012 സെപ്റ്റംബർ മൂന്നിന് സുകുമാരൻ നായർ ഐക്യകരാറിൽ ഒപ്പിട്ടു. മറ്റേ കക്ഷിയുടെ ആഭ്യന്തരകാര്യത്തിൽ ഇടപെടില്ല, ഭൂരിപക്ഷ അവകാശം സംരക്ഷിക്കാൻ പൊരുതും, സംവരണത്തർക്കം ചർച്ചയിലൂടെ പരിഹരിക്കും, ഇത്രയുമായിരുന്നു വ്യവസ്ഥകൾ. ഒപ്പിടൽ കഴിഞ്ഞ് മാധ്യമങ്ങളുടെ മുന്നിലെത്തിയപ്പോൾ രണ്ടാളും ഉമ്മൻ ചാണ്ടിയെ എടുത്തിട്ടു കൊട്ടി. മറ്റൊരു മുഖ്യമന്ത്രിയും ഇത്തരത്തിൽ മുസ്‍ലിംകൾക്ക് കീഴടങ്ങിയിട്ടില്ല എന്നൊക്കെ പെരുക്കി. ഐക്യംകയറിയങ്ങ് മൂത്തപ്പോൾ രാമലക്ഷ്മണന്മാരാണ് തങ്ങളെന്നും പിരിക്കാൻ ഒരു ശക്തിക്കും കഴിയില്ലെന്നും വെല്ലുവിളിച്ചു. രണ്ടു സമുദായങ്ങൾക്കുംകൂടി രാഷ്ട്രീയപ്രസ്ഥാനം ഉണ്ടാക്കുമെന്നും പറഞ്ഞുകേട്ടിരുന്നു. ഉണ്ടായിക്കണ്ടില്ല. പ്രസ്താവനയിലൂടെ കുറച്ചുകാലം ഐക്യം പൊടിപൊടിച്ചു. നമ്പൂതിരി മുതൽ നായാടി വരെയുള്ള സർവഹിന്ദുവിനേയും ഒരുമിച്ചിരുത്തുമെന്ന് പറഞ്ഞുകേട്ടു. പിന്നെയെന്തു സംഭവിച്ചെന്ന് അങ്ങനെ തിട്ടംപറയാനാവില്ല. രാമലക്ഷ്മണന്മാർ പരസ്പരം ഭർത്സിക്കാൻ തുടങ്ങിയപ്പോൾ ആ പ്രഹസനം തീർന്നെന്ന് നാട്ടുകാരുറപ്പിച്ചു. അത്രതന്നെ.
കുറച്ചുനാൾ വിശ്രമിച്ചശേഷം മൂപ്പൻ കേരളം പിടിക്കാനിറങ്ങി. കാസർകോട് പോയി സമത്വമുന്നേറ്റയാത്ര ചെയ്ത് തിരുവനന്തപുരത്തെത്തി. അപ്പോഴേക്ക് തുഷാർ ആളായിക്കഴിഞ്ഞല്ലോ. അവനൊരു ഏർപ്പാട് വേണം. യാത്ര ശംഖുമുഖം കടപ്പുറത്ത് എത്തിയപ്പോൾ അതുണ്ടാക്കി. ബി.ഡി.ജെ.എസ്. 2015 ഡിസംബർ അഞ്ചിനാണത്. നമ്പൂതിരി മുതൽ നായാടി വരെയുള്ളവരെ അണിനിരത്തിയ രാഷ്ട്രീയ പാർട്ടിയാണ്. ആശീർവദിക്കാൻ നമ്പൂതിരിയോഗക്ഷേമസഭയുടെ അക്കീരമൺ കാളിദാസ് ഭട്ടതിരിപ്പാടൊക്കെ എത്തിയിരുന്നു. തുഷാർ പ്രസിഡന്റും പട്ടേരി വൈസുമായി. അപ്പോഴേക്ക് ബി.ജെ.പി വിശാല ഹിന്ദു ഐക്യം പ്രഖ്യാപിച്ചിരുന്നു. ഇതൊന്നും എൻ.എസ്.എസിന് അത്രരസിച്ചില്ല. അവർ സമദൂരംപാലിച്ചു ദൂരെനിന്നു. 2016ലെ തെരഞ്ഞെടുപ്പിൽ ബി.ഡി.ജെ.എസ് ബി.ജെ.പിയുടെ കൂടെ 37 സീറ്റിൽ മത്സരിച്ചു. തിരുവല്ലയിൽ ഭട്ടതിരിയാണ് മത്സരിച്ചത്. എല്ലാവരേയും പോലെ അദ്ദേഹവും തോറ്റു. പിന്നെയിപ്പോ പതിറ്റാണ്ടൊന്നു കഴിഞ്ഞല്ലോ. ഭട്ടതിരി രാഷ്ട്രീയം നിർത്തി. തന്ത്രിപ്പണിയിലേക്ക് തിരിച്ചുപോയി. സ്ഥാപകനേതാക്കളിൽ മുമ്പനായിരുന്ന സുഭാഷ് വാസുവിനെ പുറത്താക്കി. എം.കെ. നീലകണ്ഠൻ മാസ്റ്റർ പിളർന്നുപോയി ബി.ജെ.എസ് ഉണ്ടാക്കി. വെള്ളാപ്പള്ളിക്കുടുംബം ഒറ്റക്ക് അവതരിപ്പിക്കുന്ന പ്രഹസനമായി അത് മാറി. എന്നിട്ടും ബി.ഡി.ജെ.എസ് പഴയസഖ്യത്തിലുണ്ട്. വരുന്ന തെരഞ്ഞെടുപ്പിൽ 30 സീറ്റിൽ മത്സരിക്കാനൊരുങ്ങുകയാണ്.
ഇതുകൂടി മനസ്സിൽ വെച്ചുവേണം രാമലക്ഷ്ണന്മാർ ഇപ്പോൾ തട്ടിക്കൂട്ടുന്ന പ്രഹസനം കാണാൻ. നമ്പൂതിരി മുതൽ നായാടി വരെ എന്നല്ല ഇപ്പോൾ പറയുന്നത്, നസ്രാണി വരെ എന്ന് നീട്ടിയിട്ടുണ്ട്. നായരെ പിണക്കരുതല്ലോ. മുമ്പ് 1951ലും 2021ലും എന്നതുപോലെ കോൺഗ്രസിനെ കുഴിയിൽചാടിക്കാനാണോ ഇത്തവണയും പുറപ്പാട് എന്നറിയില്ല. കോൺഗ്രസിനെ മൊത്തത്തിലല്ല, പ്രതിപക്ഷ നേതാവിനെ മാത്രം കുത്താനാണ് പടനായർക്ക് താൽപര്യം. ചേകോൻ പടവെട്ടുന്നത് കോൺഗ്രസിന്റ തലവീഴ്ത്താനാണ്. എന്താകുമോ എന്തോ. കളി നടക്കട്ടെ!.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.