ക്ലബ് പരാമർശം: ഇടവേള ബാബു പ്രസ്താവന പിൻവലിച്ച് മാപ്പുപറയണം -കെ.ബി. ഗണേഷ്കുമാർ

കൊട്ടാരക്കര: താരസംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറി ഇടവേള ബാബുവിനും നടൻ വിജയ് ബാബുവിനുമെതിരെ രൂക്ഷവിമർശനവുമായി നടനും എം.എൽ.എയുമായ കെ.ബി. ഗണേഷ്കുമാർ. 'അമ്മ' ക്ലബ് ആണെന്ന രീതിയിൽ താരസംഘടന യോഗത്തിൽ ഇടവേള ബാബു പ്രസ്താവന നടത്തിയത് പിൻവലിച്ച് മാപ്പുപറയണമെന്ന് ഗണേഷ്കുമാർ ആവശ്യപ്പെട്ടു. ക്ലബായി തുടരുകയാണെങ്കിൽ താൻ സംഘടനയിൽനിന്ന് രാജിവെക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അമ്മയെന്ന സംഘടന സിനിമ നടീനടന്മാരുടെ സഹായത്തിനായി രൂപവത്കരിച്ചതാണ്. പൊതുസമൂഹത്തെയും അമ്മയിലെ അംഗങ്ങളെയും അത്ഭുതപ്പെടുത്തിയാണ് ഇടവേള ബാബു സംഘടനയെ ക്ലബെന്ന രീതിയിൽ പറഞ്ഞത്. ചാരിറ്റബിൾ സൊസൈറ്റിയെന്ന രീതിയിലാണ് 'അമ്മ' രജിസ്റ്റർ ചെയ്തിരിക്കുന്നത്. അതിൽ മാറ്റം വന്നിട്ടുണ്ടോയെന്ന് പ്രസിഡന്‍റായ മോഹൻലാൽ വ്യക്തമാക്കണമെന്നും അതിനായി അദ്ദേഹത്തിന് കത്തയക്കുമെന്നും ഗണേഷ്കുമാർ വാളകത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു. മോഹൻലാലിൽനിന്ന് മറുപടി ലഭിച്ചില്ലെങ്കിൽ വീണ്ടും കത്തെഴുതും.

യുവനടിയെ ബലാത്സംഗം ചെയ്തെന്ന ആരോപണം നേരിടുന്ന നടനെ സംരക്ഷിക്കുന്ന നിലപാടാണ് 'അമ്മ'യിലെ എക്സിക്യൂട്ടിവ് അംഗങ്ങളിൽ പലരും സ്വീകരിച്ചതെന്നാണ് ആരോപണം. പലരും പണം പറ്റി വിജയ് ബാബുവിനൊപ്പം നിെന്നന്നാണ് അറിയുന്നത്. ഇതിൽ വ്യക്തത വരുത്തേണ്ട ബാധ്യത ഇടവേള ബാബുവിനും മോഹൻലാലിനുമുണ്ട്. 'അമ്മ'യിൽ നിന്ന് ദിലീപിനെ രാജിവെപ്പിച്ചതുപോലെ വിജയ് ബാബുവിനെ രാജിവെപ്പിക്കണം. കുറ്റാരോപിതനായ വിജയ് ബാബു വിദേശത്തേക്ക് പോയപ്പോൾ ഇടവേള ബാബുവും ഒപ്പം പോയതായി സിനിമാപ്രവർത്തകരിൽ ചിലർ പറയുന്നുണ്ട്. ഇത് സംഘടനയുടെ എക്സിക്യൂട്ടിവ് കമ്മിറ്റി അന്വേഷിക്കണം. വിഷയത്തിൽ പ്രസിഡന്‍റ് മോഹൻലാൽ ഉൾപ്പെടെ അതിജീവിതയോട് മറുപടി പറയണം.

ഷമ്മി തിലകൻ പറഞ്ഞ പല കാര്യങ്ങളിലും തനിക്ക് യോജിപ്പുണ്ട്. ഇതുസംബന്ധിച്ചും മോഹൻലാലിന് കത്തെഴുതും. ഐ.സി.സി അധ്യക്ഷയായ ശ്വേതമേനോനും പാർവതിയും രാജിവെക്കേണ്ടിവന്ന സാഹചര്യം പരിശോധിക്കണമെന്നും ഗണേഷ്കുമാർ പറഞ്ഞു.

Tags:    
News Summary - Club Mention: Babu should withdraw his statement and apologize - KB Ganeshkumar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.