കോഴിക്കോട്: നിയമസഭയിലേക്ക് കോഴിക്കോട് ജില്ലയിൽനിന്ന് കോൺഗ്രസ് പ്രതിനിധികൾ തെരഞ്ഞെടുക്കപ്പെട്ടിട്ട് കാൽനൂറ്റാണ്ട് പിന്നിട്ടു. 2001ലാണ് ഏറ്റവും ഒടുവിൽ കോൺഗ്രസിന്റെ രണ്ട് പ്രതിനിധികൾ കോഴിക്കോടിനെ പ്രതിനിധാനംചെയ്ത് നിയമസഭയിലെത്തിയത്. കൊയിലാണ്ടിയിൽനിന്ന് പി. ശങ്കരനും കോഴിക്കോട് ഒന്നിൽ നിന്ന് എ. സുജനപാലുമായിരുന്നു അന്ന് തെരഞ്ഞെടുക്കപ്പെട്ടത്.
അതിനുശേഷം ഘടകകക്ഷികളുടെ ബലത്തിലാണ് കോൺഗ്രസ് നിയമസഭയിൽ ജില്ലയുടെ പ്രാതിനിധ്യം അറിയിച്ചത്. ഇക്കുറി കോൺഗ്രസിന് ജില്ലയിൽനിന്ന് സ്വന്തം എം.എൽ.എയെ നിയമസഭയിലെത്തിക്കാൻ കഴിയുമോയെന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ കേരളം. തദ്ദേശ തെരഞ്ഞെടുപ്പിലെ യു.ഡി.എഫിന്റെ തകർപ്പൻ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് കോൺഗ്രസ് തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങുന്നത്. 1957 മുതലുള്ള രാഷ്ട്രീയ ചരിത്രം പരിശോധിക്കുമ്പോൾ നിയമസഭയിൽ കോഴിക്കോട് ജില്ലയിൽനിന്ന് കോൺഗ്രസിന് പ്രാതിനിധ്യം ഇല്ലാതാകുന്നത് ആദ്യമായല്ല. എന്നാൽ അന്നൊന്നും ഇത്രയും ദൈർഘ്യമേറിയ ഇടവേളയുണ്ടായിട്ടില്ല.
2001നു ശേഷം ജില്ലയിൽ കോൺഗ്രസ് സ്ഥാനാർഥികളെ ഇറക്കിയെങ്കിലും ആരും കരപറ്റിയില്ല. 1957 മുതലുള്ള കണക്കുകളെടുത്താൽ കോഴിക്കോട് ഒന്നിൽ ശാരദ കൃഷ്ണനും കോഴിക്കോട് രണ്ടിൽ പി. കുമാരനും ചേവായൂരിൽ എ. ബാലഗോപാലനും കുന്ദമംഗലത്തുനിന്ന് ലീല ദാമോദര മേനോനും കൊടുവള്ളിയെ പ്രതിനിധാനംചെയ്ത് എം. ഗോപാലൻകുട്ടി നായരുമാണ് കോൺഗ്രസ് ടിക്കറ്റിൽ നിയമസഭയിലെത്തിയത്. 1960ൽ ശാരദ കൃഷ്ണൻ കോഴിക്കോട് ഒന്നിൽനിന്നും പി. കുമാരൻ കോഴിക്കോട് രണ്ടിൽനിന്നും രണ്ടാംതവണയും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. കുന്ദമംഗലത്തെ പ്രതിനിധാനംചെയ്ത ലീല ദാമോദര മേനോനും കൊടുവള്ളിയിൽനിന്ന് ഗോപാലൻകുട്ടി നായരും വീണ്ടും നിയമസഭയിലെത്തി.
1965ലും 1967ലും നിയമസഭയിൽ കോൺഗ്രസ് പ്രാതിനിധ്യമുണ്ടായില്ല.1970ൽ ജില്ലയിൽനിന്ന് കോൺഗ്രസിന് നാല് എം.എൽ.എമാരുണ്ടായി. ഇ. നാരായണൻ നായർ (കൊയിലാണ്ടി), കെ.ജി. അടിയോടി (പേരാമ്പ്ര), എ.സി. ഷൺമുഖദാസ് (ബാലുശ്ശേരി), പി.വി. ശങ്കരനാരായണൻ (കോഴിക്കോട് -1) എന്നിവരാണ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 1977ൽ കൊയിലാണ്ടിയിൽനിന്ന് ഇ. നാരായണൻ നായരും ബേപ്പൂരിനെ പ്രതിനിധാനംചെയ്ത് എൻ.പി. മൊയ്തീനും തിരുവമ്പാടിയിൽനിന്ന് സിറിയക് ജോണും കോൺഗ്രസ് ടിക്കറ്റിൽ നിയമസഭയിലെത്തി. 1980ൽ സംഘടന പിളർപ്പോടെ കോൺഗ്രസിന്റെ നിയമസഭ പ്രാതിനിധ്യം ഒന്നിലൊതുങ്ങി. കൊയിലാണ്ടിയിൽ നിന്ന് മത്സരിച്ച മണിമംഗലത്ത് കുട്ട്യാലിയാണ് വിജയിച്ചത്.
1982ൽ തിരുവമ്പാടിയെ പ്രതിനിധാനംചെയ്ത് സിറിയക് ജോൺ വീണ്ടും നിയമസഭയിലെത്തി.1987ൽ കൊയിലാണ്ടിയിൽനിന്ന് എം.ടി. പത്മയും തിരുവമ്പാടിയിൽനിന്ന് പി.പി. ജോർജും നിയമസഭാംഗങ്ങളായി. 1991ൽ എം.ടി. പത്മ കൊയിലാണ്ടിയിൽനിന്ന് വീണ്ടും വിജയിച്ചു. കോഴിക്കോട്ടുനിന്ന് എ. സുജനപാലും എം.എൽ.എയായി. 1996ൽ കോൺഗ്രസ് പ്രതിനിധികൾ ആരും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.