തൊഴിലധിഷ്ഠിത കോഴ്സുകൾക്കായി ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയും മീഡിയവൺ അക്കാദമിയും ധാരണാപത്രത്തിൽ ഒപ്പുവെച്ചു

കൊല്ലം: സംസ്ഥാനത്തെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസ രംഗത്തും മാധ്യമ-വാർത്താവിനിമയ മേഖലയിലും വലിയ മുന്നേറ്റം ലക്ഷ്യമിട്ട് ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയും (SGOU) മീഡിയവൺ അക്കാദമി ഓഫ് കമ്മ്യൂണിക്കേഷനും തമ്മിൽ പങ്കാളിത്ത ധാരണാപത്രത്തിൽ (MoU) ഒപ്പുവെച്ചു. കൊല്ലത്തെ സർവകലാശാല ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ. (ഡോ.) ജഗദീരാജ് വി.പി, രജിസ്ട്രാർ ഡോ. അഭിലാഷ് ബാബു, മീഡിയവൺ അക്കാദമി എക്സിക്യൂട്ടീവ് ഡയറക്ടർ പി.ബി.എം ഫർമീസ്, പ്രിൻസിപ്പൽ ഡോ. പി.കെ. സാദിഖ്, എന്നിവരുടെ സാന്നിധ്യത്തിലാണ് ഔദ്യോഗികമായി ധാരണാപത്രം കൈമാറിയത്.

സംസ്ഥാനത്തെ ആദ്യത്തെ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ വിപുലമായ ശൃംഖലയും മീഡിയവൺ അക്കാദമിയുടെ പ്രഫഷണൽ നൈപുണ്യ പരിശീലന മികവും സംയോജിപ്പിച്ചാണ് ഈ സംയുക്ത സംരംഭം നടപ്പാക്കുന്നത്. ഉന്നത വിദ്യാഭ്യാസത്തോടൊപ്പം തൊഴിൽ നൈപുണ്യം കൂടി നൽകുന്ന വിവിധ ഡിപ്ലോമ, ആഡ്-ഓൺ കോഴ്സുകൾ സംയുക്തമായി നടത്തുക എന്നതാണ് ധാരണാപത്രത്തിന്റെ പ്രധാന ലക്ഷ്യം. സർവകലാശാലയുടെയും മീഡിയവൺ അക്കാദമിയുടെയും ലേണർ സപ്പോർട്ട് സെന്ററുകൾ (LSC) വഴിയായിരിക്കും പ്രോഗ്രാമുകൾ സംഘടിപ്പിക്കുക. ഓപ്പൺ ആൻഡ് ഡിസ്റ്റൻസ് ലേണിംഗ് (ODL), ഓൺലൈൻ പ്രോഗ്രാമുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പുറമെ റെഗുലർ കോളേജ് വിദ്യാർത്ഥികൾക്കും , മീഡിയ ആൻ്റ കമ്യൂണിക്കേഷൻ മേഖലയിൽ സ്‌കിൽ വികസിപ്പിക്കാൻ ആഗ്രക്കുന്നവർക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഇതിന്റെ പാഠ്യപദ്ധതി രൂപകൽപ്പന ചെയ്യുന്നത്.

വ്യവസായ ലോകത്തെയും അക്കാദമിക് രംഗത്തെയും ആവശ്യകതകൾ മുൻനിർത്തി രണ്ട് സ്ഥാപനങ്ങളിലെയും വിദഗ്ധർ ഉൾപ്പെടുന്ന ഒരു പ്രത്യേക സമിതിയായിരിക്കും കോഴ്സുകളുടെ പാഠ്യപദ്ധതിയും പഠനസാമഗ്രികളും തയാറാക്കുന്നത്. വിദ്യാർഥികളിൽ പ്രഫഷനൽ മികവ് വളർത്തുന്നതിനൊപ്പം, എ.ഐ ഉൾപ്പെടെയുള്ള സാങ്കേതിക വിദ്യകളിലും, മാധ്യമ ധാർമികത തുടങ്ങിയ മേഖലകൾക്കും പ്രത്യേക ഊന്നൽ നൽകും. പഠനകാലയളവിൽ വിദ്യാർത്ഥികൾക്ക് ആധുനിക പ്രായോഗിക പരിശീലനം ഉറപ്പാക്കുന്നതിനായി പൊതു-സ്വകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ച് ഇന്റേൺഷിപ്പുകളും ഫീൽഡ് ട്രെയിനിംഗുകളും സജ്ജമാക്കും. കോഴ്സ് വിജയിക്കുന്ന വിദ്യാർഥികൾക്ക് രണ്ട് സ്ഥാപനങ്ങളുടെയും സംയുക്ത സർട്ടിഫിക്കറ്റ് നൽകും. പഠനം പൂർത്തിയാക്കുന്നവർക്ക് മികച്ച തൊഴിലവസരങ്ങൾ ലഭ്യമാക്കാനായി പ്രത്യേക പ്ലേസ്‌മെന്റ് പ്ലാറ്റ്‌ഫോമുകളും ഹെൽപ് ഡെസ്കുകളും ഇതിന്റെ ഭാഗമായി ആരംഭിക്കും.

പ്രാഥമികമായി 3 വർഷത്തെ കാലാവധിയോടെ നിലവിൽ വരുന്ന ഈ കരാർ വഴി കേരളത്തിനകത്തും പുറത്തുമുള്ള നിരവധി വിദ്യാർത്ഥികൾക്ക് ഗുണനിലവാരമുള്ള തൊഴിലധിഷ്ഠിത വിദ്യാഭ്യാസം പ്രാപ്യമാകും. യൂണിവേഴ്സിറ്റി പരീക്ഷ കൺട്രോളർ ഡോ. ആനന്ദ രശ്‌മി, ഡെപ്യൂട്ടി രജിസ്ട്രാർ കെ.എസ്. നൗഷാർ, ബിജുമോൻ, റോബിൻ സേവ്യർ, ഷാലിനി കെ.എസ്, എൻ. നൗഫൽ, ഡോ. കെ.യു. വിജയരാജൻ, എസ്. ഷമിൻ, അസീം ബാബു എന്നിവർ പങ്കെടുത്തു.

Tags:    
News Summary - Sree Narayana Guru Open University and MediaOne Academy Sign MoU to Offer Skill-Based Courses

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.