കാതോലിക്കേറ്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന
പ്രവൃത്തിപരിചയ മേളയിൽ പോട്ടറി പെയിന്റിങ്
മത്സരത്തിൽ പങ്കെടുത്ത കുട്ടികൾ
സ്മാർട്ട് ഹാജർപട്ടിക; അമ്മക്കായി ‘സ്മാർട്ട്’ സമ്മാനം
പത്തനംതിട്ട: സ്വന്തം സ്കൂളിൽ അധ്യാപികയായ അമ്മയുടെ ബുദ്ധിമുട്ട് കണ്ട അദ്വൈത സ്മാർട്ടായി ആലോചിച്ചു. ആ ആലോചനയ്ക്കും അതിലൂടെ വികസിപ്പിച്ച സംവിധാനത്തിനും പത്തനംതിട്ടയിൽ നടന്ന ജില്ലാ ശാസ്ത്രോത്സവത്തിൽ എ ഗ്രേഡ് നേട്ടം. വള്ളംകുളം നാഷണൽ ഹൈസ്കൂൾ വിദ്യാർഥികളുടെ ഓട്ടോമാറ്റിക് അറ്റൻഡൻസ് സംവിധാനമാണ് ശ്രദ്ധ നേടിയത്. ക്ലാസുകളിൽ ഹാജരെടുക്കാനുള്ള ബുദ്ധിമുട്ട് ഒഴിവാക്കാൻ വിദ്യാർഥികളായ അദ്വൈത ബി.നമ്പൂതിരി, അലൻ സിബി എന്നിവരാണ് സ്മാർട്ട് ഐഡന്റിറ്റി കാർഡ് വഴിയുള്ള ഈ സംവിധാനം വികസിപ്പിച്ചത്.
ക്ലാസ്മുറിയുടെ വാതിലിലെ സെൻസറിൽ ഐ.ഡി. കാർഡ് കാണിക്കുമ്പോൾ തന്നെ വിദ്യാർഥികൾ പ്രവേശിച്ചതും പുറത്തിറങ്ങിയതുമായ സമയം സിസ്റ്റത്തിൽ കൃത്യമായി രേഖപ്പെടുത്തും. സി പ്രോഗ്രാമിങ് ഉപയോഗിച്ചുള്ള ഈ സിസ്റ്റം ഇന്‍റർനെറ്റ് ഇല്ലാതെ ലോക്കൽ നെറ്റ് വർക്കിലാണ് പ്രവർത്തിക്കുക. വ്യാജ കാർഡുകളോ ഡ്യൂപ്ലിക്കേറ്റോ ഉപയോഗിച്ചാൽ ചുവന്ന ലൈറ്റ് കത്തുകയും ബസർ മുഴങ്ങുകയും ചെയ്യും. ഡാഷ്ബോർഡ് വഴി പ്രധാനാധ്യാപകനും മറ്റ് അധ്യാപകർക്കും തത്സമയം ഹാജർനില അറിയാനും സാധിക്കും.
ഭാവിയിൽ സംവിധാനം
പൂർണമായും സൗരോർജ്ജത്തിലേക്ക് മാറ്റാനാകുമെന്നും വിദ്യാർഥികൾ പറയുന്നു. ജില്ലാ സ്കൂൾ ശാസ്ത്ര മേള ബുധനാഴ്ച സമാപിച്ചു. പത്തനംതിട്ട മാർത്തോമ എച്ച്.എസ്, കാതോലിക്കേറ്റ് എച്ച്.എസ്.എസ്, ഓമല്ലൂർ ആര്യ ഭാരതി എച്ച്.എസ്, ഗവ. എച്ച്.എസ്.എസ് ഓമല്ലൂർ, എസ്.എച്ച്.എച്ച്.എസ്.എസ് മൈലപ്ര, തിരുമൂലപുരം ബാലികാമഠം എച്ച്.എസ്.എസ് എന്നിവിടങ്ങളിലായാണ് രണ്ട് ദിവസത്തെ ശാസ്ത്രമേള നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.