സ്കൂളുകളിൽ ബുള്ളിയിങ് തടയാൻ ആഴ്ചയിൽ ഒരു മണിക്കൂർ ക്ലാസ്; ഡെന്മാർക്ക് മാതൃക വേണമെന്ന് വിദഗ്ധർ
ന്യൂഡൽഹി: സ്കൂളുകളിലെ മാനസിക പീഡനവും ഒറ്റപ്പെടുത്തലും തടയാൻ ശിക്ഷാനടപടികൾ മാത്രം പോര. മറിച്ച് ഡെന്മാർക്ക് പതിറ്റാണ്ടുകളായി പിന്തുടരുന്ന 'ക്ലാസൻസ് ടിഡ്' മാതൃക ഇന്ത്യയിൽ പരീക്ഷിക്കണമെന്നാണ് വിദഗ്ധരുടെ നിർദേശം.
ഡെന്മാർക്കിലെ സ്കൂളുകളിൽ 1993 മുതൽ നിലവിലുള്ളതാണ് 'ക്ലാസൻസ് ടിഡ്' അഥവാ ക്ലാസ് സമയം. ആഴ്ചയിൽ ഒരു മണിക്കൂർ നീളുന്ന ഈ സെഷനിൽ പാഠപുസ്തക പഠനമുണ്ടാകില്ല. പകരം ക്ലാസിലെ പിണക്കങ്ങളും ഒറ്റപ്പെടുത്തലുകളും സൗഹൃദ പ്രശ്നങ്ങളും കുട്ടികൾ തുറന്ന് ചർച്ച ചെയ്യും. ആരെയും കുറ്റപ്പെടുത്താതെ പ്രശ്നത്തിന്റെ കാരണം മനസ്സിലാക്കി ഒരുമിച്ച് പരിഹാരം കണ്ടെത്തുകയാണ് ഈ സംവിധാനത്തിന്റെ ലക്ഷ്യം. കുട്ടികൾക്ക് സുരക്ഷിതമായി സംസാരിക്കാനുള്ള ഇടം ഒരുക്കുന്നതിലൂടെ സംഘർഷങ്ങൾ വളരുന്നതിന് മുൻപ് പരിഹരിക്കാനാകുമെന്നാണ് ഡെന്മാർക്കിന്റെ ഈ അനുഭവം പങ്കുവെക്കുന്നത്.
എന്നാൽ ഈ ഒരു ക്ലാസ് കൊണ്ട് മാത്രം ഡെന്മാർക്കിൽ ബുള്ളിയിങ് കുറഞ്ഞുവെന്ന് വിലയിരുത്താനാകില്ല. ലോകാരോഗ്യ സംഘടനയുടെ 2024ലെ റിപ്പോർട്ട് അനുസരിച്ച്, 44 രാജ്യങ്ങളിലെ സ്കൂൾ കുട്ടികളിൽ ആറിലൊരാൾ ഓൺലൈൻ മാർഗങ്ങളിലൂടെയുള്ള മാനസിക പീഡനത്തിന് ഇരയായിട്ടുണ്ട്. ഡെന്മാർക്കിലെ നിരക്ക് താരതമ്യേന കുറവാണെന്ന് ചില അന്താരാഷ്ട്ര പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നുണ്ടെങ്കിലും, അതിന് കാരണം ഈ രീതി മാത്രമാണെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. വിശാലമായ സാമൂഹിക സുരക്ഷാ സംവിധാനങ്ങളും അധ്യാപക പരിശീലനവും ഇതിൽ പങ്കുവഹിക്കുന്നുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
ഇന്ത്യയിലെ സ്ഥിതി കൂടുതൽ ഗൗരവമുള്ളതാണ്. 2019ൽ പതിനഞ്ച് നഗരങ്ങളിലായി നടന്ന പഠനത്തിൽ 4 മുതൽ 8 വരെയുള്ള ക്ലാസുകളിലെ 42 ശതമാനം കുട്ടികളും 9 മുതൽ 12 വരെയുള്ള ക്ലാസുകളിലെ 36 ശതമാനം കുട്ടികളും സ്കൂളിൽ മാനസിക പീഡനമോ ഉപദ്രവമോ നേരിട്ടതായി വ്യക്തമാക്കുന്നുണ്ട്. ഇതുസംബന്ധിച്ച് കൃത്യമായ ദേശീയ തല കണക്കുകൾ ഇന്ത്യയിൽ ലഭ്യമല്ലെന്ന് യുനിസെഫ് ഇന്ത്യ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പീഡന വിരുദ്ധ നയങ്ങളും സുരക്ഷാ മാർഗനിർദേശങ്ങളും നിലവിൽ ഉണ്ടെങ്കിലും കുട്ടിക്ക് സുരക്ഷിതമായി പരാതി നൽകാനും സ്കൂളുകൾക്ക് അതിൽ കൃത്യമായി നടപടിയെടുക്കാനും കഴിയുന്നുണ്ടോ എന്നതാണ് പ്രധാന വെല്ലുവിളി.
ഡെന്മാർക്കിന്റെ ഈ രീതി പ്രത്യേക പീരിയഡായി പുതുതായി ഉൾപ്പെടുത്തേണ്ടതില്ലെന്നാണ് വിദഗ്ധരുടെ നിർദേശം. നിലവിലുള്ള ടൈംടേബിളിൽ ആഴ്ചയിൽ ഒരു പീരിയഡ് ഇതിനായി മാറ്റിവെക്കാം. ചെറിയ ക്ലാസുകളിൽ കൂട്ടുകൂടലും പങ്കുവെക്കലും ആരെയും ഒറ്റപ്പെടുത്താതിരിക്കുന്നതിനെക്കുറിച്ചും, മുതിർന്ന ക്ലാസുകളിൽ കൂട്ടുകാരുടെ സമ്മർദ്ദം, വിവേചനം, ഓൺലൈനിലെ ഉപദ്രവം, പ്രശ്നങ്ങൾ പരിഹരിക്കൽ എന്നിവയെക്കുറിച്ചും സംസാരിക്കാം. ഇതിന്റെ വിജയത്തിന് അധ്യാപകർക്ക് പ്രത്യേക പരിശീലനം അനിവാര്യമാണ്. ഇരയായ കുട്ടിയെ നാണംകെടുത്തുകയോ മറുഭാഗത്ത് ഉള്ള കുട്ടിയുടെ മുന്നിൽ നിർത്തി ചോദ്യം ചെയ്യുകയോ ചെയ്യരുത്. രഹസ്യമായി പരാതി നൽകാനുള്ള സംവിധാനം, വ്യക്തമായ അന്വേഷണ രീതി, കൗൺസിലറുടെ സഹായം എന്നിവയും സ്കൂൾ ഉറപ്പാക്കണം.
കേന്ദ്രവും സംസ്ഥാനങ്ങളും ആദ്യഘട്ടത്തിൽ തെരഞ്ഞെടുത്ത സ്കൂളുകളിൽ പൈലറ്റ് പദ്ധതിയായി ഇത് നടപ്പാക്കുന്നതാണ് ഉചിതം. നടപ്പാക്കുന്നതിന് മുൻപും ശേഷവുമുള്ള ഇത്തരം സംഭവങ്ങളുടെ കണക്ക് പരിശോധിച്ച് ഫലപ്രാപ്തി വിലയിരുത്തിയ ശേഷം മാത്രം വ്യാപിപ്പിക്കണം. സഹാനുഭൂതി പഠിപ്പിക്കുന്നത് ഉത്തരവാദിത്തത്തിന് പകരമാകില്ലെന്നും വിദഗ്ധർ ഓർമിപ്പിക്കുന്നു. ഗുരുതരവും ആവർത്തിച്ചുള്ളതുമായ പീഡനങ്ങളിൽ ഇരക്ക് സംരക്ഷണവും ഉചിതമായ അച്ചടക്ക നടപടിയും തന്നെ വേണം. ഡെന്മാർക്ക് മുന്നോട്ടുവെക്കുന്നത് ഉറപ്പായ പരിഹാരമല്ല, പരീക്ഷിക്കാവുന്ന ഒരു മാതൃകയാണ്. ഗണിതവും ശാസ്ത്രവും പഠിപ്പിക്കുന്ന അതേ ഗൗരവത്തോടെ പരസ്പരം ബഹുമാനിക്കാനും സ്കൂളുകൾ കുട്ടികളെ പഠിപ്പിച്ചാൽ മാത്രമേ സ്കൂൾ യഥാർത്ഥത്തിൽ സുരക്ഷിതമാകൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.