സിബിഎസ്ഇ 10, 12 പരീക്ഷകൾ ഫെബ്രുവരി 16 മുതൽ; ടൈംടേബിൾ പുറത്തുവിട്ടു
ന്യൂഡൽഹി: 2027-ലെ സിബിഎസ്ഇ പത്താം ക്ലാസ്, പ്ലസ് ടു ബോർഡ് പരീക്ഷകളുടെ തീയതികൾ പുറത്തുവിട്ടു. പരീക്ഷക്ക് 101 ദിവസം മുമ്പേ തന്നെ ടൈംടേബിൾ പുറത്തുവിട്ടതാണ് ഇത്തവണത്തെ പ്രത്യേകത. രണ്ട് ക്ലാസുകളിലെയും പരീക്ഷകൾ 2027 ഫെബ്രുവരി 16ന് ആരംഭിക്കും. പരീക്ഷകൾ രാവിലെ 10.30ന് തുടങ്ങും.
പത്താം ക്ലാസിൽ 83 വിഷയങ്ങളിലും പ്ലസ് ടുവിൽ 121 വിഷയങ്ങളിലുമാണ് പരീക്ഷ. കുട്ടികൾ സാധാരണ ഒരുമിച്ച് തെരഞ്ഞെടുക്കുന്ന വിഷയങ്ങൾ തമ്മിൽ മതിയായ ഇടവേള നൽകിയാണ് ടൈംടേബിൾ തയാറാക്കിയിരിക്കുന്നത്. പ്രധാന പ്രവേശന പരീക്ഷകളുടെ തീയതിയും ഓരോ കേന്ദ്രത്തിലും പരീക്ഷ എഴുതുന്നവരുടെ എണ്ണവും ബോർഡ് പരിഗണിച്ചിട്ടുണ്ട്.
ഒരു കുട്ടി തെരഞ്ഞെടുത്ത രണ്ട് വിഷയങ്ങളുടെ പരീക്ഷ ഒരേ ദിവസം വരാതിരിക്കാൻ 40,000ത്തിലധികം വിഷയ കോമ്പിനേഷനുകൾ പരിശോധിച്ച ശേഷമാണ് ടൈംടേബിൾ അന്തിമമാക്കിയത്. സ്കൂളുകൾ കുട്ടികളുടെ പട്ടിക സമർപ്പിച്ച ശേഷം, അന്തിമ കണക്കുകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം.
പ്രവേശന പരീക്ഷകൾക്ക് മുൻപ് തന്നെ പ്ലസ് ടു പരീക്ഷകൾ പൂർത്തിയാക്കാൻ കഴിയുന്ന വിധമാണ് ക്രമീകരണം. അതുവഴി കുട്ടികൾക്ക് പ്രവേശന പരീക്ഷക്കുള്ള തയ്യാറെടുപ്പിന് കൂടുതൽ സമയം ലഭിക്കും. പരീക്ഷാ കാലത്ത് കുട്ടികൾക്ക് സ്കൂളിൽ നിന്ന് ഏറെ നാൾ മാറിനിൽക്കേണ്ട സാഹചര്യം ഒഴിവാക്കാനും ബോർഡ് ശ്രമിച്ചിട്ടുണ്ട്.
വിശദമായ ടൈംടേബിൾ സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.