''റസ്റ്റാറന്റുകളിൽ ശുചീകരണ തൊഴിലാളിയായി ജോലി ചെയ്തു; കുടുസ്സുമുറിയിൽ ഒമ്പതു പേർക്കൊപ്പം ജീവിതം തള്ളിനീക്കി''

വിദേശ രാജ്യങ്ങളിലേക്ക് പഠിക്കാൻ പോയി അവിടെ ജീവിതം കെട്ടിപ്പടുക്കാൻ ഇന്ത്യൻ വിദ്യാർഥികൾ നേരിടേണ്ടി വരുന്ന വെല്ലുവിളികളും കഠിന പ്രയത്നങ്ങളും എണ്ണിപ്പറയുന്ന ഇന്ത്യൻ വിദ്യാർഥിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് ആണിപ്പോൾ സമൂഹ മാധ്യമങ്ങളിലെ ചർച്ച വിഷയം.

ജർമനിയിൽ പഠനം പൂർത്തിയാക്കി  ജോലിയിൽ കയറിയ പ്രഥമേഷ് പാട്ടീൽ ആണ് വിദേശരാജ്യങ്ങളിലെ മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ മുന്നിൽ കണ്ട് കടൽ കടന്നുപോയവരുടെ ആരും കാണാത്ത പോരാട്ടങ്ങളുടെ കഥ പറയുന്നത്. വിഡിയോ ക്ലിപ്പുകളായാണ് പാട്ടീൽ പോസ്റ്റ് പങ്കുവെച്ചത്.

'സന്തോഷത്തിന്റെ കൊടുമുടി കരച്ചിലും സങ്കടത്തിന്റെ കൊടുമുടി ചിരിയുമാണ്​' അതാരു പറഞ്ഞാലും യാഥാർഥ്യമാണ്​-എന്നാണ് പാട്ടീൽ പോസ്റ്റിന് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്. കഠിനാധ്വാനത്തിന് എല്ലായ്പ്പോഴും ഫലം കിട്ടുമെന്നാണ് പാട്ടീലിന്റെ അമ്മ പറയാറുള്ളത്. ജീവിതത്തിൽ തകർന്നുപോയ നിമിഷങ്ങളിൽ പാട്ടീൽ അമ്മയുടെ വാക്കുകൾ ഓർമിച്ചു. എന്നാൽ വീടുവിട്ടുപോകുമ്പോഴും മാസങ്ങളോളം കഷ്ടപ്പാടുകളിലൂടെ കടന്നുപോകുമ്പോഴോ ഒരിക്കൽ പോലും കരഞ്ഞിട്ടില്ല. എന്നാൽ മാതാപിതാക്കളിൽ നിന്നുള്ള അംഗീകാരം തന്നെ കണ്ണീരിലാഴ്ത്തിയെന്നും പാട്ടീൽ പറയുന്നു.

സ്വന്തം നാട്ടിലെ അത്യാവശ്യം മികച്ച ശമ്പളമുള്ള ജോലി വിട്ടാണ് പാട്ടീൽ ജർമനിയിലേക്ക് പോയത്. നാലു സ്യൂട്കേസുകളും വലിയ സ്വപ്നങ്ങളും മാത്രമായിരുന്നു അപ്പോൾ തന്റെ കൂട്ടെന്നും പാട്ടീൽ വിവരിച്ചു. തുടക്കത്തിൽ ജർമനിയിലെ ജീവിതം ഓർക്കാൻ പോലും വയ്യാത്തത്ര അസഹനീയമായിരുന്നു. ​ഒരു​ കുടുസ്സുമുറിയിൽ ഒമ്പതു പേരായിരുന്നു താമസിച്ചിരുന്നത്. എല്ലാവർക്കുമായി ഒരൊറ്റ ശുചിമുറിയേ ഉണ്ടായിരുന്നുള്ളൂ.

റസ്റ്റാറന്റുകളിലെ അടുക്കളകളിലും ടോയ്‍ലറ്റുകളിലും ശുചീകരണത്തൊഴിലാളിയായി പാർട്ടൈം ജോലി ചെയ്താണ് വരുമാനം കണ്ടെത്തിയത്. മണിക്കൂറിന് എട്ട് യൂറോ എന്ന നിലയിൽ പ്രതിഫലം കിട്ടും. എല്ലുറഞ്ഞുപോകുന്ന ശൈത്യം സഹിച്ച് പലചരക്കു സാധനങ്ങൾ എത്തിച്ചു നൽകി, വെയർഹൗസുകളിലും സൂപ്പർമാർക്കറ്റുകളിലും കുറഞ്ഞ ശമ്പളത്തിൽ ജോലി ചെയ്തു. ചിലപ്പോൾ ഈ ശമ്പളം കിട്ടാൻ വളരെ വൈകും. ജർമനിയിലെത്തി രണ്ടുവർഷം കഴിഞ്ഞിട്ടാണ് റെസിഡന്റ് പെർമിറ്റ് കിട്ടിയത്. അതിനിടയിൽ താമസ സ്ഥലം ശരിയാക്കി തരാമെന്ന് പറഞ്ഞ് പണവും വാങ്ങി ഒരു വീട്ടുടമസ്ഥൻ വഞ്ചിക്കുകയും ചെയ്തു. 300 ഇ​ന്റേൺഷിപ്പുകൾ അയച്ചതിലേറെയും നിരസിക്കപ്പെട്ടു. ഒടുവിൽ ഒരിടത്തുനിന്ന് ​ജോലി ഓഫർ ലഭിച്ചു. ആ വിവരം വീട്ടിൽ വിളിച്ചു പറയുമ്പോൾ പാട്ടീലിന് കണ്ണീരടക്കാനാവുന്നില്ലായിരുന്നു. അപ്പോഴും പാട്ടീൽ മാതാപിതാക്കളുടെ വാക്കുകൾ ഓർത്തുവെച്ചു.

ഇത് തന്റെ മാത്രം കഥയല്ലെന്നും സ്വന്തം നടുവിട്ട് പ്രതീക്ഷയോടെ അന്യദേശങ്ങളിലേക്ക് പോകുന്ന എല്ലാ ഇന്ത്യൻ വിദ്യാർഥികളും നേരിടുന്ന അവസ്ഥകളാണെന്നും പാട്ടീൽ അടിവരയിടുന്നുണ്ട്. സമൂഹ മാധ്യമങ്ങളിൽ ആളുകൾ ഇതൊന്നും പങ്കുവെക്കാറില്ല. അതിനാൽ വിദേശത്തുള്ളവർ അടിച്ചുപൊളിച്ചു ജീവിക്കുകയാണെന്നേ മറ്റുള്ളവർ കരുതുകയുള്ളൂ. എന്നാൽ ഒന്നും വെറുതെ കിട്ടുന്നതല്ല, ഓരോ സ്വപ്നത്തിനും വലിയ വിലയുണ്ടെന്നും പറഞ്ഞാണ് പാട്ടീൽ പറഞ്ഞവസാനിപ്പിക്കുന്നത്.

പാട്ടീലിന്റെ പോസ്റ്റിന് അനുകൂലമായി നിരവധി ആളുകളാണ് പ്രതികരിച്ചത്. ആയിരക്കണക്കിന് യുവ കുടിയേറ്റക്കാരെയും വിദ്യാർഥികളെയും ആകർഷിക്കുന്ന പോസ്റ്റാണിതെന്നായിരുന്നു ഒരാളുടെ ​കമന്റ്.

Tags:    
News Summary - Indian student in Germany sheds light on the harsh realities of studying and working abroad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.