മരിയ മോണ്ടിസോറി

ഇറ്റലിക്കാരിയായ മരിയ മോണ്ടിസോറി ഇന്ത്യയിലെ പ്രീസ്കൂൾ വിദ്യാഭ്യാസ രീതി മാറ്റിമറിച്ചത് ഇങ്ങനെ...

1939 ഒക്ടോബറിലാണ് മരിയ മോണ്ടിസോറി മദ്രാസി(ചെന്നൈ)ലെത്തിയത്. അന്ന് 69 വയസുണ്ടായിരുന്നു അവർക്ക്. ഡോക്ടർ, വിദ്യാഭ്യാസ പ്രവർത്തക, ചിന്തക എന്നീ നിലകളിൽ പ്രശസ്തയായിരുന്നു മരിയ. തിയോസഫിക്കൽ സൊസൈറ്റിയുടെ ക്ഷണപ്രകാരമാണ് മരിയ മോണ്ടിസോറി ഇവിടെയെത്തിയത്. രണ്ടാംലോകയുദ്ധം തുടങ്ങിയ സമയമായിരുന്നു അത്. ഇന്ത്യയിലെത്തിയ ഉടൻ

ഇറ്റാലിയൻ സ്വദേശിയായ മരിയയെ ബ്രിട്ടീഷുകാർ അറസ്റ്റ് ചെയ്ത് വീട്ടുതടങ്കലിൽ പാർപ്പിച്ചു. രണ്ടാംലോകയുദ്ധത്തിൽ ഇറ്റലിയും പങ്കാളിയായിരുന്നു. എന്നാൽ മരിയയുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങളെ കുറിച്ച് അറിഞ്ഞശേഷം അവരുടെ സൂക്ഷ്മ നിരീക്ഷണത്തിൽ ​ബ്രിട്ടീഷുകാർ എല്ലാം തുടരാൻ അനുവദിച്ചു.

ഇറ്റലിയിലെ ആദ്യ വനിത ഡോക്ടറായിരുന്നു മരിയ മോണ്ടിസോറി. 1896ലായിരുന്നു അത്. അക്കാലത്ത് ഒരേ മുറിയിൽ വെച്ച് പുരുഷ വിദ്യാർഥികൾക്കൊപ്പം മൃതദേഹം വെട്ടിമുറിച്ചുള്ള പഠനത്തിന് മരിയയെ അനുവദിച്ചിരുന്നില്ല. അതിനാൽ പലപ്പോഴും രാത്രി വൈകിയും ഒറ്റക്ക് മരിയക്ക് ശരീരഘടന പഠനം നടത്തേണ്ടിവന്നു. ആ സമയത്ത് ഫോർമാലിന്റെ രൂക്ഷഗന്ധം മറയ്ക്കാനായി പലപ്പോഴും അവർ പുകവലിച്ചിരുന്നു.

1907 ആയപ്പോഴേക്കും മരിയ മെഡിക്കൽ മേഖല വിട്ട് വിദ്യാഭ്യാസത്തിലേക്ക് മാറി. റോമിലെ ചേരിയിലെ കുട്ടികൾക്കായി ചെറിയൊരു വിദ്യാലയം തുടങ്ങി.അധികം സൗകര്യങ്ങളൊന്നുമുണ്ടായിരുന്നില്ല. എങ്കിലും കുട്ടികളെ നേരിട്ട് പഠിപ്പിച്ചെടുക്കുന്നതിനായിരുന്നു മുൻഗണന നൽകിയത്. അതിനായി പ്രത്യേക രീതി തന്നെയുണ്ടാക്കി. കുട്ടികളെ പ്രകൃതിയോട് സമന്വയിപ്പിക്കുന്ന പഠനരീതിയായിരുന്നു അത്. ആ പഠനരീതി കുട്ടികളുടെ സ്വഭാവത്തിലുണ്ടാക്കിയ മാറ്റം അത്ഭുതാവഹമായിരുന്നു. തോമസ് ആൽവ എഡിസണും അലക്സാണ്ടർ ഗ്രഹാംബെല്ലും ഈ വിദ്യാഭ്യാസ രീതിയെ പിന്തുണച്ചു. പിന്നീട് സ്വന്തം വീട്ടിൽ ഒരു മോണ്ടിസോറി സ്കൂൾ തന്നെ ഉണ്ടാക്കിയെടുത്തു.

ഇന്ത്യയിൽ താമസിച്ചിരുന്ന കാലത്ത് (1939-1946), മരിയ അഡയാർ, അഹമ്മദാബാദ്, കറാച്ചി, കൊടൈക്കനാൽ എന്നിവിടങ്ങളിൽ പരിശീലന സെഷനുകൾ നടത്തി. വൈകാതെ ഇന്ത്യയിലുടനീളം നിരവധി മോണ്ടിസ്സോറി സ്കൂളുകളും പരിശീലന കേന്ദ്രങ്ങളും സ്ഥാപിച്ചു. അവയിൽ പലതും ഇന്നും പ്രവർത്തിക്കുന്നുണ്ട്. പ്രീസ്കൂൾ വിദ്യാഭ്യാസത്തിന് ഏറെ പേരുകേട്ടതാണെങ്കിലും മോണ്ടിസോറി രീതി കുട്ടികൾക്ക് മാത്രമായി ഉള്ളതായിരുന്നില്ല. 0മുതൽ 18 വയസുവരെ പ്രായമുള്ളവർക്കായി(ശൈശവം മുതൽ കൗമാരം വരെ)ഒരു സമ്പൂർണ പഠന മാതൃക മരിയ വികസിപ്പിച്ചെടുത്തു. കുട്ടികൾ മനഃപാഠ പഠനത്തിൽ നിന്ന് മാറി കണ്ടറിഞ്ഞു പഠിച്ചു. എല്ലാകാര്യങ്ങളും ​പ്രപഞ്ചവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കാണിക്കാനായി ആറ് വയസുമുതൽ 12 വയസുവരെയുള്ള കുട്ടികൾക്കായി പ്രത്യേകം രൂപകൽപന ചെയ്തിട്ടുള്ളതാണ് അവരുടെ കോസ്മിക് വിദ്യാഭ്യാസരീതി. മരിയ മോണ്ടിസോറിയെ മൂന്നുതവണ സമാധാന നൊബേലിന് നാമനിർദേശം ചെയ്തിട്ടുണ്ട്.

1946ൽ രണ്ടാം ലോകയുദ്ധം അവസാനിച്ചതിന് ശേഷം മരിയ ഇന്ത്യ വിട്ടു. അവരുടെ അവസാന കാലങ്ങൾ നെതർലൻഡ്സിലായിരുന്നു. 1952 മേയ് ആറിന് അന്തരിച്ചു. അപ്രതീക്ഷിത യുദ്ധകാല പ്രവാസത്തിൽ തുടങ്ങിയ ആ വിദ്യാഭ്യാസ രീതി ഇപ്പോൾ ഇന്ത്യയിലെമ്പാടുമുള്ള ക്ലാസ് മുറികളിൽ നടന്നുകൊണ്ടിരിക്കുന്നു.

Tags:    
News Summary - How Maria Montessori's 7 years in India during WWII shaped modern preschooling

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.